പുനഃപരിശോധിക്കുന്നത് 25,900 കോടി ബില്യണ്‍ റിയാലിന്റെ
കരാറുകള്‍
ജിദ്ദ - നിരവധി സര്‍ക്കാര്‍ പദ്ധതികളുടെ കരാറുകള്‍ സൗദി അറേബ്യ പുനഃപരിശോധിക്കുന്നു. 25,900 കോടി റിയാലിന്റെ കരാറുകള്‍ പുനഃപരിശോധിക്കാന്‍ ബ്രിട്ടീഷ് സ്ഥാപനമായ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ് കമ്പനിയുമായി സാമ്പത്തിക, ആസൂത്രണ മന്ത്രാലയം കരാര്‍ ഒപ്പുവെച്ചു. പാര്‍പ്പിട, വിദ്യാഭ്യാസ, ആരോഗ്യ മന്ത്രാലയങ്ങള്‍ അടക്കമുള്ള മന്ത്രാലയങ്ങളും വകുപ്പുകളും അനുവദിച്ച കരാറുകള്‍ പുനഃപരിശോധിച്ച് അത്യാവശ്യമല്ലാത്ത മൂന്നിലൊന്ന് കരാറുകള്‍ റദ്ദാക്കാനും കരാര്‍ തുകകള്‍ കുറക്കാനുമാണ് ലക്ഷ്യമിടുന്നത്. 75 ബില്യണ്‍ റിയാലിന്റെ കരാറുകള്‍ പുനഃപരിശോധനയിലൂടെ റദ്ദാക്കിയേക്കും.
വളരെ ഉയര്‍ന്ന ബജറ്റുകളായതിനാല് മുന്‍ കാലത്ത് സര്‍ക്കാര്‍ പദ്ധതികള്‍ക്ക് പണം അനുവദിക്കുന്നതിന് നിയന്ത്രണങ്ങളുണ്ടായിരുന്നില്ലെന്ന് സാമ്പത്തിക വിദഗ്ധന്‍ നാസിര്‍ അല്‍ഖഫാരി പറഞ്ഞു. ഇതുമൂലം പദ്ധതികള്‍ അനുവദിക്കുന്നതില്‍ പിഴവുകളുണ്ടായിരുന്നു. ചില പദ്ധതികള്‍ക്ക് അമിത തുകയാണ് അനുവദിച്ചിരുന്നത്. അടുത്ത കാലത്താണ് ഇത് ശ്രദ്ധയില്‍പെട്ടത്. മറ്റു ലോക രാജ്യങ്ങളെ അപേക്ഷിച്ച് സൗദിയില്‍ പദ്ധതികള്‍ക്കുള്ള ചെലവ് പൊതുവെ ഏറെ കൂടുതലാണ്. ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്താണ് മുഴുവന്‍ പദ്ധതികളുടെയും കരാറുകള്‍ പുനഃപരിശോധിക്കുന്നതിന് ബന്ധപ്പെട്ടവര്‍ തീരുമാനിച്ചത്. ദേശീയ പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായി പദ്ധതികളുടെ മുന്‍ഗണനാക്രമവും പുനഃപരിശോധിക്കും.