തിരുവനന്തപുരം - യൂത്ത് കോൺഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ഷാഫി പറമ്പിലിന് അപ്രതീക്ഷിതമായി ഒരഭിനന്ദനം കിട്ടി - സ്പീക്കർ പി. ശ്രീരാമകൃഷ്ണനിൽനിന്ന്.
ചോദ്യോത്തരവേളയിൽ ചോദ്യം ചോദിക്കാൻ നിന്നപ്പോഴായിരുന്നു പ്രതിപക്ഷനിരയിലെ തീപ്പൊരിക്ക് സ്പീക്കറുടെ അഭിനന്ദനം. നിറചിരിയോടെ ഷാഫി പറഞ്ഞു - നന്ദി സർ. കാർഷിക മേഖലയിലേക്ക് പുതിയ തലമുറയെ എത്തിക്കുന്നതിനുള്ള വഴികളെക്കുറിച്ച് ചോദ്യോത്തരഘട്ടത്തിൽ പുതുചിന്തകളുണർന്നു. അതിലൊന്നായിരുന്നു നെല്ലിന്റെ മൂല്യവർദ്ധിത ഉൽപന്നങ്ങൾ - തവിടിൽനിന്ന് എണ്ണ, കാലിത്തീറ്റ, ഉമിക്കരി, സിമന്റ് നിർമ്മാണത്തിനുള്ള അസംസ്‌കൃത വസ്തുവാക്കൽ -അങ്ങിനെ പോയി വ്യവസായവകുപ്പ് മന്ത്രി ഇ.പി. ജയരാജന്റെ അരിയുടെ മൂല്യ വർദ്ധിത സ്വപ്‌നങ്ങൾ. സ്പീക്കർ ഷാഫിപറമ്പിലിന് കൊടുത്ത അഭിനന്ദനമൊക്കെ വെറുതെയായിരുന്നുവെന്ന് ബജറ്റ് ധനാഭ്യർഥന ചർച്ചക്ക് തുടക്കമിട്ട , സി.പി.എമ്മിലെ എം. രാജഗോപാലന്റെ പ്രസംഗം കേട്ടപ്പോൾ മനസിലായി. ഷാഫി പറമ്പിലിനെ അഭിനന്ദിച്ചു കൊണ്ട് രമേശ് ചെന്നിത്തല നടത്തിയ പ്രസംഗത്തിൽ പറയുന്നത് അധികാരത്തിന്റെ അപ്പക്കഷ്ണം തേടി പോകുന്നവരായി കേരളത്തിലെ കോൺഗ്രസുകാർ മാറില്ലെന്നാണ്.
കോൺഗ്രസ് കേരളത്തിലൊതു ങ്ങുന്നുവെന്നതിന്റെ പ്രഖ്യാപനമായാണ് രാജഗോപാലൻ ഇതിനെ കണ്ടത്. ഷാഫി പറഞ്ഞ കാര്യത്തിലും രാജഗോപാലൻ കയറിപ്പിടിച്ചു-ജീവന്റെ അവസാന തുടിപ്പ് നിലനിൽക്കുംവരെ മറ്റൊരു പാർട്ടിയുടെ കൊടിപിടിക്കില്ലെന്ന് പ്രഖ്യാപിച്ച ഷാഫിയുടെ ഉറപ്പിലും കോൺഗ്രസിന്റെ ഇന്നത്തെ ദയനീയാവസ്ഥയാണ് രാജഗോപാലൻ കാണുന്നത്.
റോമിൽ കുടുങ്ങിക്കിടക്കുന്ന ആളുകളുടെ കാര്യം പറയാൻ ചീഫ് സെക്രട്ടറിയുടെ മൊബൈൽ നമ്പർ സർക്കാർ ഡയറിയിൽ തെരഞ്ഞപ്പോൾ അത് കണ്ടില്ലെന്ന് കോൺഗ്രസിലെ സണ്ണി ജോസഫ് പരാതി പറഞ്ഞു. മുഖ്യമന്ത്രിയുടെയടക്കം മൊബൈൽ നമ്പർ ഡയറിയിലുണ്ട്. എന്തിനാണ് ചീഫ് സെക്രട്ടറിയുടെ മൊബൈൽ നമ്പറിന് ഇത്ര രഹസ്യ സ്വഭാവം? എത്രയോ കാലമായി ഹോചിമിൻ തൊപ്പി ധരിച്ച് നാട്ടിൽ നിറഞ്ഞു നിൽക്കുന്നയാളാണ് സി.പി.എമ്മിലെ എം.രാജഗോപാൽ. അദ്ദേഹത്തെ പക്ഷെ ഹോസ്ദുർഗ് എസ്.ഐക്ക് അറിയില്ലെന്ന് കഴിഞ്ഞ ദിവസം നടന്ന ഒരു സംഭവത്തിലേക്ക് വിരൽ ചൂണ്ടി ലീഗിലെ പി.ഉബൈദുല്ല, പോലീസ് വകുപ്പിനെ പ്രശംസിച്ച രാജഗോപാലനെ പ്രകോപിപ്പിക്കാനായിരുന്നു ഈ പരാമർശം. കേരളത്തിലെ പോലീസിന് ഒരേ ഒരു ലക്ഷ്യമേയുള്ളു - രാഷ്ട്രീയ എതിരാളികളെ വേട്ടയാടൽ. അതിനുദാഹരണമായി ഉബൈദുല്ല എടുത്തു പറഞ്ഞ കാര്യങ്ങളിൽ ചന്ദ്രിക ദിനപത്രം ഓഫീസിൽ നടത്തിയ വിജിലൻസ് പരിശോധനയും റെയ്ഡ് എന്ന വാക്കിൽ വിഷയമാക്കിയപ്പോൾ അങ്ങനെയൊരു റെയ്ഡ് നടന്നിട്ടില്ലെന്ന് പാർട്ടി നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞിട്ടുണ്ടല്ലോ എന്നായിരുന്നു മന്ത്രി എ.കെ. ബാലന്റെ പ്രതിരോധം.
തർക്കത്തിനിടക്ക് ചന്ദ്രിക പത്രം ഉയർത്തിക്കാട്ടിയ സി.പി.എം അംഗങ്ങൾ ഒരു എതിർവാദം ഉന്നയിച്ചു - റെയ്ഡ് നടന്നെങ്കിൽ ആ വാർത്ത എന്ത് കൊണ്ട് ഇന്നത്തെ ചന്ദ്രികയിൽ അച്ചടിച്ചുവന്നില്ല? സമാനമായ അവസ്ഥ പണ്ട് ദേശാഭിമാനിയിൽ ഉണ്ടായപ്പോൾ (സാന്റിയാഗോ മാർട്ടിനിൽ നിന്ന് സഹായം സ്വീകരിച്ചുവെന്ന പരാതി) ഇതുപോലെയൊന്നും നടത്തിയിട്ടില്ലല്ലോ എന്ന് കേരള കോൺഗ്രസിലെ മോൻസ് ജോസഫിന്റെ ചോദ്യം. വാർത്തയുമായി ബന്ധപ്പെട്ടല്ലല്ലോ ചന്ദ്രികയിൽ പരിശോധന നടന്നത്, അഴിമതിയുടെ പേരിലല്ലേ എന്ന് കെ.ബി ഗണേഷ് കുമാർ ന്യായം ചോദിച്ചപ്പോൾ അത് പഴയൊരു രാഷ്ട്രീയം പറച്ചിലിന്റെ ഓർമ്മപ്പെടുത്തലായി. വി.കെ.ഇബ്രാഹിം കുഞ്ഞ് മന്ത്രിയായിരുന്ന കാലത്ത് അഴിമതി ആരോപണം ഉന്നയിച്ചയാളാണ് ഗണേഷ് കുമാർ. മോൻസ് ജോസഫിന് വ്യക്തിപരമായ ഒരു പരാതിയുണ്ട് - തന്റെയും ഭാര്യയുടെയും മൊബൈൽ മോഷണം പോയിട്ട് കാലമേറെയായി. ഇതുവരെ വിവരമൊന്നുമില്ല.
ചന്ദ്രിക വിഷയം പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ. മുനീറിന്റെ പ്രസംഗ ഘട്ടത്തിലും ഉയർന്നു വന്നു. കണക്ക് പരിശോധിക്കാനാണെങ്കിൽ അങ്ങോട്ടെത്തിച്ചു തരുമായിരുന്നില്ലേ എന്നാണ് കുഞ്ഞാലിക്കുട്ടി പത്രസമ്മേളനത്തിൽ ചോദിച്ചത്. അതിന് പകരം റെയ്‌ഡെന്ന പ്രതീതിയുണ്ടാക്കിയതെന്തിനാണ്? ചന്ദ്രികയിൽ റെയ്‌ഡെന്ന് ദേശാഭിമാനിയിൽ വാർത്ത വന്നില്ലേ? ഈ നിലക്ക് പ്രവർത്തിക്കുന്ന നമുക്കെങ്ങനെ ഏഷ്യാനെറ്റ്, മീഡിയവൺ ചാനലുകൾക്കെതിരെ കേന്ദ്ര സർക്കാർ കൈക്കൊണ്ട നടപടിയെ എതിർക്കാനാവും? വീണ്ടും ചന്ദ്രിക ഉയർത്തിക്കാണിച്ച് മന്ത്രി എ. കെ.ബാലന്റെ ചോദ്യം -റെയ്ഡിന്റെ സൂചനയെങ്കിലുമുള്ള ഒരു വാർത്ത ഇന്നത്തെ ചന്ദ്രികയിൽ കാണിച്ചു തരാമോ? ദേശാഭിമാനി കാണിച്ചാണ് ലീഗ് അംഗങ്ങൾ ഇതിനെ നേരിട്ടത് - പാലാരിവട്ടം മേൽപാലം അഴിമതി : ലീഗ് മുഖപത്രമായ ചന്ദ്രിക ഓഫീസിൽ വിജിലൻസ് റെയ്ഡ് എന്നാണ് ദേശാഭിമാനി വാർത്തയെന്ന് അവർ വാദിച്ചു.
നാട്ടിലാകെ കോവിഡിന്റെ പേരിൽ സ്തംഭിച്ചു നിൽക്കുമ്പോൾ നിയമസഭയിങ്ങനെ തടസമില്ലാതെ മുന്നോട്ട് പോകുന്നത് ശരിയോ? പതിവ് പോലെ പി.സി. ജോർജാണ് വേറിട്ടു ചിന്തിച്ചത്. സഭ നടത്താതിരിക്കേണ്ടതിന് മറ്റൊരു കാരണവും ജോർജ് പറഞ്ഞു - പക്ഷിപ്പനിയും എം.എൽ.എ ക്വാർട്ടേഴ്‌സ് വരെ എത്തിയെന്ന് തോന്നുന്നു. അവിടെ ഒരു മരത്തിൽ പക്ഷികൾ ചത്തു തൂങ്ങി കിടക്കുന്നുണ്ട്. പരിശോധനക്ക് കൊണ്ടുപോയിരിക്കയാണ്. എന്താകും എന്നാർക്കറിയാം- ജോർജ് വ്യാകുലപ്പെട്ടു. കേരളത്തിൽ കോവിഡ് ബാധിച്ച് ആളുകൾ മരിക്കാത്തതിൽ പ്രയാസമുള്ളതുപോലെയാണ് പ്രതിപക്ഷത്തിന്റെ പെരുമാറ്റമെന്നാണ് സി.പി.എമ്മിലെ എം. സ്വരാജ് നിരീക്ഷിച്ചത്.
ചന്ദ്രികയിലെ കാര്യങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ വകുപ്പിന്മേലുള്ള ബജറ്റ് ചർച്ചക്ക് മറുപടിപറയവെ വിശദീകരിച്ചു- അതിലൊക്കെ നിയമം നിയമത്തിന്റെ വഴിക്കാണ് നീങ്ങുന്നതെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. വാർത്തയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കൊന്നുമല്ല അവിടെ പരിശോധന നടന്നത്. അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ്. ചന്ദ്രിക പരിശോധനയുമായി നല്ലവണ്ണം സഹകരിച്ചിട്ടുമുണ്ട്- പ്രതിപക്ഷം ഉയർത്തിക്കൊണ്ടു വന്ന വിഷയം മുഖ്യമന്ത്രി ഈ വിധം തള്ളിക്കളഞ്ഞു.
സി.പി.എമ്മുകാർ പ്രതികളായ പ്രളയ ഫണ്ട് തട്ടിപ്പിൽ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം അടിയന്തര പ്രമേയമായി ഉന്നയിച്ച പ്രതിപക്ഷം ആ വിഷയം സജീവമായി നിർത്തി. മേപ്പാടിയിലെ ഗൃഹനാഥന്റെ ആത്മഹത്യയും എറണാകുളത്ത് സി.പി.എമ്മുകാരുടെ പ്രളയഫണ്ട് തട്ടിപ്പും സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നായിരുന്നു എൻ. ഷംസുദ്ദീന്റെ അടിയന്തര പ്രമേയ നോട്ടീസിലെ ആവശ്യം. പാർട്ടിക്കാർ ചേർന്ന് ഗൂഢാലോചന നടത്തി പാവപ്പെട്ടവർക്ക് കിട്ടേണ്ട സഹായം തട്ടിയെടുക്കുന്നുവെന്ന ആരോപണം വരും ദിവസങ്ങളിലും സജീവമായി നിൽക്കുമെന്ന പ്രഖ്യാപനമായിരുന്നു സഭയിലെ നീക്കം.
പ്രളയ ദുരിതാശ്വാസത്തെ ചിലർ ചാകരയാക്കിയെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്. തട്ടിപ്പ് പരിശോധിക്കാൻ ജില്ലാകലക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ. പ്രളയ ഫണ്ട് തട്ടിയെടുത്തവർക്കെതിരെ പാർട്ടി തലത്തിലും സർക്കാർ തലത്തിലും നടപടിയെടുക്കുമെന്നും മന്ത്രിയുടെ ഉറപ്പ്. പിൻവലിച്ച തുക സഹകരണ ബാങ്കിൽ തിരിച്ചടപ്പിച്ചുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വെളിപ്പെടുത്തൽ. എറണാകുളത്തെ സി.പി.എം നേതാവ് എം. എം അൻവറിന് പത്തര ലക്ഷം രൂപ കൈമാറിയതുമായി ബന്ധപ്പെട്ട് തുടങ്ങിയ അന്വേഷണമാണ് സർക്കാരിനെയും പാർട്ടിയെയുമെല്ലാം പ്രതിരോധത്തിലാക്കുന്ന അവസ്ഥയിലേക്ക് വളർന്നത്.