തിരുവനന്തപുരം- വോട്ടർ പട്ടിക സംബന്ധിച്ച കാര്യങ്ങൾക്ക് അപേക്ഷന് ഹാജരാകാൻ കഴിഞ്ഞില്ലെങ്കിൽ അപേക്ഷകനെ സംബന്ധിച്ച രേഖകൾ സഹിതം ഹാജരാകുന്നതിന് അടുത്ത ബന്ധുക്കളെ അധികാരപ്പെടുത്താവുന്നതാണെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു.
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള 2020 ലെ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിനോ സ്ഥാനമാറ്റത്തിനോ തിരുത്തലിനോ അപേക്ഷ നൽകിയിട്ടുള്ള ആളുകൾക്ക് വിദ്യാഭ്യാസ സംബന്ധമായോ ജോലി സംബന്ധമായോ ഒഴിവാക്കുവാൻ പറ്റാത്ത മറ്റു കാരണത്താലോ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ മുമ്പാകെ നേർ വിചാരണക്കായി ഹാജരാകാൻ കഴിയാത്ത സാഹചര്യമുണ്ടെങ്കിലാണിത്.
അപേക്ഷ പരിഗണിച്ച് തന്നെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് അപേക്ഷിക്കുന്ന ഫോട്ടോ പതിച്ച ഒരു ഡിക്ലറേഷൻ കൂടി അപേക്ഷകൻ ഒപ്പിട്ട് അധികാരപ്പെടുത്തിയ ആൾ വശം കൊടുത്തയക്കണം. ഡിക്ലറേഷന്റെ മാതൃക www.lsgelection.kerala.gov.inhttp://www.lsgelection.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്.
ഇലക്ട്രറൽ രജിസ്ട്രേഷൻ ഓഫീസർമാർ ഇതു പരിഗണിച്ച് അപേക്ഷകരെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തി ഡിക്ലറേഷൻ അപേക്ഷയോടൊപ്പം സൂക്ഷിക്കണം. അപേക്ഷയോടൊപ്പം ഫോട്ടോ അപ്ലോഡ് ചെയ്തിട്ടുള്ളവരുടെ കാര്യത്തിൽ കൂടുതൽ അന്വേഷണം ഇല്ലാതെ തന്നെ അവരെ ഉൾപ്പെടുത്തുന്നതിന് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർക്ക് നടപടി സ്വീകരിക്കാവുന്നതാണെന്നും നിർദേശം നൽകിയിട്ടുണ്ട്.