- പ്രതിദിന ഉൽപാദന ശേഷി 13 ദശലക്ഷം ബാരലിലേക്ക് ഉയർത്തുന്നു
റിയാദ് - ആഗോള വിപണിയിൽ വിലയിടിച്ചിൽ തടയാൻ ഉൽപാദനം വെട്ടിക്കുറക്കാനുള്ള കരാർ ദീർഘിപ്പിക്കുന്നതിന് റഷ്യ വിസമ്മതിച്ച പശ്ചാത്തലത്തിൽ റഷ്യ അടക്കമുള്ള ഉൽപാദക രാജ്യങ്ങളെ കടുത്ത സമ്മർദത്തിലാക്കി സൗദി അറേബ്യ.
സൗദി അറേബ്യയുടെ പരമാവധി പ്രതിദിന സുസ്ഥിര ഉൽപാദന ശേഷി 12 ദശലക്ഷം ബാരലിൽ നിന്ന് 13 ദശലക്ഷം ബാരലിലേക്ക് ഉയർത്തുന്നതിന് ദേശീയ എണ്ണ കമ്പനിയായ സൗദി അറാംകോക്ക് ഊർജ മന്ത്രാലയം നിർദേശം നൽകി. എത്രയും വേഗം ഇതു നടപ്പാക്കുന്നതിന് സർവ ശേഷിയോടെയും പ്രവർത്തിച്ചുവരികയാണെന്ന് സൗദി അറാംകോ അറിയിച്ചു. ഹൈഡ്രോകാർബൺ നിയമം അനുസരിച്ച് പരമാവധി പ്രതിദിന സുസ്ഥിര ഉൽപാദന നിലവാരം ഗവൺമെന്റ് ആണ് നിർണയിക്കുക.
അടുത്ത മാസാദ്യം മുതൽ പ്രതിദിന എണ്ണ വിതരണം 12.3 ദശലക്ഷം ബാരലിലേക്ക് ഉയർത്തുമെന്ന് ചൊവ്വാഴ്ച സൗദി അറാംകോ അറിയിച്ചിരുന്നു. നിലവിൽ സൗദി അറാംകോയുടെ എണ്ണ വിതരണത്തെ അപേക്ഷിച്ച് 25 ലക്ഷം ബാരൽ അധികമാണിത്. എണ്ണ വിലയെ ചൊല്ലിയുള്ള കലഹത്തിനിടെ ആഗോള എണ്ണ വിപണിയിലെ പരമാവധി വിഹിതം സ്വന്തമാക്കുന്നതിനാണ് സൗദി അറേബ്യ സർവകാല റെക്കോർഡ് തലത്തിൽ ഉൽപാദനം ഉയർത്തുന്നത്.
ആഗോള എണ്ണ വിപണികളിൽ സമ്മർദം ശക്തമാക്കി അടുത്ത മാസം മുതൽ എണ്ണ വിലയിൽ വലിയ ഡിസ്‌കൗണ്ട് അനുവദിക്കുമെന്ന് ലോകത്തെങ്ങുമുള്ള ഉപയോക്താക്കളെ സൗദി അറാംകോ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഉൽപാദനം കുത്തനെ ഉയർത്തുന്നതിനുള്ള നീക്കം കമ്പനി പ്രഖ്യാപിച്ചത്. പുതിയ സാഹചര്യത്തിൽ ഉൽപാദനം ഉയർത്തുമെന്ന് ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ എണ്ണയുൽപാദക രാജ്യമായ റഷ്യയും വ്യക്തമാക്കിയിട്ടുണ്ട്. റഷ്യയുടെ പ്രഖ്യാപനത്തിനു പിന്നാലെയാണ് എല്ലാവരെയും ഞെട്ടിച്ച് പരമാവധി സുസ്ഥിര ഉൽപാദന ശേഷി 13 ലക്ഷം ബാരലിലേക്ക് ഉയർത്തുന്നതിനുള്ള തീരുമാനം സൗദി അറേബ്യ പ്രഖ്യാപിച്ചത്.
നിലവിൽ സൗദി അറാംകോയുടെ പരമാവധി പ്രതിദിന സുസ്ഥിര ഉൽപാദന ശേഷി 12 ദശലക്ഷം ബാരലാണ്. ഇതിലും മൂന്നു ലക്ഷം ബാരൽ തോതിൽ അടുത്ത മാസം സൗദിയിലെയും വിദേശത്തെയും ഉപയോക്താക്കൾക്ക് വിതരണം ചെയ്യുമെന്നാണ് കമ്പനി കഴിഞ്ഞ ദിവസം അറിയിച്ചത്. ഏപ്രിൽ മുതൽ പ്രതിദിനം 12.3 ദശലക്ഷം ബാരൽ തോതിൽ എണ്ണ വിതരണം ചെയ്യുന്നതിന് ഉപയോക്താക്കളുമായി ധാരണയിലെത്തിയതായി സൗദി ഓഹരി വിപണിയിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ കമ്പനി അറിയിച്ചിട്ടുണ്ട്. സൗദി അറാംകോയുടെ പക്കൽ വൻ എണ്ണ കരുതൽ സംഭരണമുണ്ട്. ഇത് പ്രയോജനപ്പെടുത്തിയാകും അടുത്ത മാസം മുതൽ പ്രതിദിനം 12.3 ദശലക്ഷം ബാരൽ തോതിൽ കമ്പനി എണ്ണ വിതരണം ചെയ്യുക. മാസങ്ങൾക്കു മുമ്പു കിഴക്കൻ പ്രവിശ്യയിലെ രണ്ടു പ്രധാന എണ്ണപ്പാടങ്ങൾക്കു നേരെയുണ്ടായ ഭീകരാക്രമണത്തെ തുടർന്ന് ഉൽപാദനത്തിലുണ്ടായ ഭീമമായ കുറവു കരുതൽ സംഭരണത്തിൽ നിന്ന് പിൻവലിച്ചാണ് സൗദി അറേബ്യ നികത്തി ഉപയോക്താക്കളുമായി നേരത്തെയുണ്ടാക്കിയ എണ്ണ വിതരണ കരാറുകൾ പാലിച്ചത്.
നിലവിലെ പ്രതിസന്ധിയിൽ ഏകപക്ഷീയമായ വിട്ടുവീഴ്ചകൾക്ക് തയാറല്ലെന്ന സന്ദേശം അർഥശങ്കക്കിടമില്ലാത്തവിധം നൽകി, പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കിനെയും സംഘടനക്കു പുറത്തുള്ള റഷ്യ അടക്കമുള്ള സ്വതന്ത്ര ഉൽപാദകരെയും ഉൾപ്പെടുത്തി രൂപീകരിച്ച ഒപെക് പ്ലസ് ഗ്രൂപ്പിന്റെ യോഗം മെയ്, ജൂൺ മാസങ്ങളിൽ ചേരേണ്ട ആവശ്യമില്ലെന്ന് സൗദി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരനും വ്യക്തമാക്കിയിട്ടുണ്ട്.