കൊല്ലം- ടിപി സെന്‍കുമാര്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ നിന്ന് മാധ്യമപ്രവര്‍ത്തകര്‍ ഇറങ്ങിപ്പോയി. ഇന്ന് എസ്എന്‍ഡിപി യോഗം മുന്‍ മാവേലിക്കര യൂനിയന്‍ പ്രസിഡന്റ് സുഭാഷ് വാസുവിനൊപ്പമാണ് സെന്‍കുമാര്‍ വാര്‍ത്താസമ്മേളനം നടത്തിയത്. എന്നാല്‍ ഈ വാര്‍ത്താസമ്മേളനത്തില്‍ വെച്ച് വെള്ളാപ്പള്ളി നടേശന് എതിരെ വിമര്‍ശനം നടത്തിയ സെന്‍കുമാറിനോട് കൊറോണ വൈറസ് സംബന്ധിച്ച് അദേഹം നടത്തിയ പരാമര്‍ശത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ചോദിച്ചു.എന്നാല്‍ അത് തന്റെമാത്രം അഭിപ്രായമല്ലെന്നും ഡോ.പോള്‍ ഹേലി അടക്കമുള്ള പ്രഗല്‍ഭരുടെ അഭിപ്രായമെന്നും മറുപടി പറഞ്ഞു.
തുടര്‍ന്നും ചോദ്യങ്ങള്‍ ആരംഭിച്ചതോടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെ പ്രവര്‍ത്തകര്‍ രംഗത്തെത്തി. ഇതിനിടെ വനിതാ മാധ്യമപ്രവര്‍ത്തകയുടെ ദൃശ്യം പകര്‍ത്താനും ശ്രമമുണ്ടായി.എന്നാല്‍ ഇതെല്ലാം കണ്ട് നിശബ്ദനായിരിക്കുകയായിരുന്നു സെന്‍കുമാര്‍. ഇതേതുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്താ സമ്മേളനം ബഹിഷ്‌കരിച്ച് ഒന്നടങ്കം ഇറങ്ങിപ്പോയി. കൊറോണ വൈറസ് കേരളത്തിലെ താപനിലയില്‍ അതിജീവിക്കില്ലെന്നാണ് സെന്‍കുമാര്‍ നേരത്തെ പ്രസ്താവന നടത്തിയത്. മുമ്പും വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ ചോദ്യം ചോദിച്ചതില്‍ സെന്‍കുമാര്‍ ക്ഷുഭിതനായത് വിവാദമായിരുന്നു.