'യാഅല്ലാഹ്... കേരള'; അറബികളെ ലക്ഷ്യമിട്ട് ടൂറിസം വകുപ്പിന്റെ ഗൾഫ് പ്രചരണം

തിരുവനന്തപുരം- അറബ് രാജ്യങ്ങളിൽ നിന്നുള്ള ടൂറിസ്റ്റുകളെ കേരളത്തിലേക്ക് ക്ഷണിച്ചു കൊണ്ട് സംസ്ഥാന ടൂറിസം വകുപ്പ് ഗൾഫ് രാജ്യങ്ങളിൽ കോടികൾ ചെലവിട്ട്  പുതിയ പരസ്യ ക്യാമ്പയിൻ തുടങ്ങി. പ്രധാനമായും സൗദി അറേബ്യ, യു.എ.ഇ, ഖത്തർ, ബഹ്‌റൈൻ, ഒമാൻ, കുവൈത്ത് എന്നീ അറബ് രാജ്യങ്ങൾ കേന്ദ്രീകരിച്ചാണ് ദൃശ്യ, ശ്രാവ്യ, അച്ചടി, ഓൺലൈൻ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തിയുള്ള പരസ്യം. നമുക്കു പോകാം എന്ന അർത്ഥത്തിൽ അറബികൾ പൊതുവായി ഉപയോഗിക്കുന്ന 'യാഅല്ലാഹ്' എന്ന വാചകമാണ് പരസ്യവാക്യമായി ഉപയോഗിച്ചിരിക്കുന്നത്.

അറബ് ടൂറിസ്റ്റുകളുടെ കേരളത്തിലേക്കുള്ള വരവിൽ വൻവർധനയാണ് കഴിഞ്ഞ ഏതാനും വർഷങ്ങളായി രേഖപ്പെടുത്തിയിട്ടുള്ളത്. നാലു മണിക്കൂർ പറന്നാൽ കേരളത്തിലെ മൂന്ന് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെത്താമെന്നതും പരസ്യത്തിൽ പ്രധാനമായും എടുത്തു പറയുന്നുണ്ട്. ദുബായിലേയും സൗദി അറേബ്യയിലേയും തിരക്കേറിയ വിമാനത്താവളങ്ങളിലെ കണ്ണായ സ്ഥലങ്ങളിൽ 'യാഅല്ലാഹ്.. കേരള' പരസ്യങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. തടാകങ്ങൾ, തിങ്ങിനിറഞ്ഞ പച്ചപ്പ്, മനോഹര ഭൂപ്രകൃതി, മലകൾ, കലാരൂപങ്ങൾ എന്നിവയാണ് പരസ്യ ബോർഡുകളിൽ ചി്ത്രീകരിച്ചിരിക്കുന്നത്.

അറബികളെ സംബന്ധിച്ചിടത്തോളം കേരളം ഏറ്റവും സൗഹൃദപരമായ ഒരിടമാണ്. മൺസൂൺ, ആയുർവേദം, ആരോഗ്യ, സുഖചികിത്സാ അവധിയാഘോഷങ്ങൾക്കാണ് പ്രധാനമായും അറബികളെത്തുന്നത്. കേരളവുമായുള്ള അറബികളുടെ ചരിത്രപരവും സാംസ്‌കാരികവുമായ ബന്ധവും ഭൂമിശാസ്ത്രപരമായ അടുപ്പവും വൻതോതിൽ അറബികളെ ഇങ്ങോട്ട് ആകർഷിക്കുന്ന ഘടകങ്ങളാണ്.

രണ്ടു പതിറ്റാണ്ടിനിടെ അറബ് ടൂറിസ്റ്റുകളുടെ കേരളത്തിലേക്കുള്ള ഒഴുക്കിൽ വൻ വർധനയാണ് ഉണ്ടായിട്ടുള്ളത്. ഈ രംഗത്തെ വളർച്ച 42.54 ശതമാനത്തിൽ നിന്നും 2016ൽ 169.05 ശതമാനം എന്ന തോതിലെത്തിയിരിക്കുന്നു.
 

Latest News