Sorry, you need to enable JavaScript to visit this website.

മാസ പൂജക്കായി ശബരിമലക്ക് വരരുതെന്ന് ഭക്തരോട് ദേവസ്വം ബോർഡ്‌

തിരുവനന്തപുരം- കോവിഡ് 19 ഭീഷണിയുടെ പശ്ചാത്തലത്തിൽ മീനമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറക്കുന്ന സമയത്ത് ശബരിമലയിലേക്ക് അയ്യപ്പഭക്തർ വരേണ്ടതില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമലയിലേക്ക് മാസപൂജകൾക്കായി ഭക്തർ എത്തരുതെന്ന ദേവസ്വം ബോർഡിന്റെ അഭ്യർഥന ഇതര സംസ്ഥാനത്ത് നിന്നുള്ളവർ ഉൾപ്പെടെയുള്ള അയ്യപ്പഭക്തർ ചെവിക്കൊള്ളുമെന്നാണ് ബോർഡിന്റെ പ്രതീക്ഷയെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. എൻ.വാസു വാർത്താസമ്മേളനത്തിൽ പറഞ്ഞു. 
ഈ മാസം ശബരിമലയിലേക്ക് യാത്ര തീരുമാനിച്ചിക്കുന്ന അയ്യപ്പഭക്തർ അവരുടെ യാത്ര മറ്റൊരു നടതുറപ്പ് സമയത്തേക്ക് മാറ്റണമെന്നും ദേവസ്വം ബോർഡ് അഭ്യർഥിച്ചു. കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തിൽ നിലവിലെ  എല്ലാ സാഹചര്യവും തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം വിലയിരുത്തി. കൊറോണ വിഷയത്തിൽ സർക്കാറിന്റെ നടപടികളോട് ബോർഡ് പൂർണമായും സഹകരിക്കും. ശബരിമല നട ഈ മാസം 13 ന് തുറന്ന് 18 ന് അടക്കും. ആചാരപരമായ എല്ലാ ചടങ്ങുകളും പൂജകളും ശബരിമലയിൽ നടക്കും. ഇതിനായി നിയോഗിക്കപ്പെട്ടിട്ടുള്ളവർ നട തുറക്കുന്ന ദിവസങ്ങളിൽ ശബരിമലയിൽ ഉണ്ടാകും. അപ്പം, അരവണ കൗണ്ടറുകൾ പ്രവർത്തിക്കില്ല. ദേവസ്വം ബോർഡിലെ ജീവനക്കാർ സ്‌പെഷ്യൽ ഡ്യൂട്ടിക്ക് എത്തേണ്ടതില്ലെന്നും പ്രസിഡന്റ് വ്യക്തമാക്കി. സാധാരണ മാസപൂജകൾക്കായി നട തുറക്കുന്ന സമയത്ത് ശബരിമലയിൽ ഡ്യൂട്ടിയിൽ എത്താറുള്ള വിവിധ സർക്കാർ വകുപ്പിലെ ജീവനക്കാർ ഈ മാസം ഡ്യൂട്ടിക്ക് വരേണ്ടതില്ല. തിരുവിതാകൂർ ദേവസ്വം ബോർഡിന്റെ  കീഴിലുള്ള ക്ഷേത്രങ്ങളിൽ ഉത്സവത്തിന്റെ ഭാഗമായുള്ള കലാപരിപാടികൾ, എഴുന്നെള്ളത്ത് എന്നിവ ഒഴിവാക്കണം. മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള കലാപരിപാടികൾ റദ്ദ് ചെയ്യാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകുമെന്നും ദേവസ്വം പ്രസിഡന്റ്  അറിയിച്ചു. ദേവസ്വം ബോർഡിന്റെ സ്‌കൂളുകൾ, അൺ എയ്ഡഡ്, എയ്ഡഡ് കോളേജുകൾ എന്നിവ സർക്കാർ നിർദേശമനുസരിച്ച് അടക്കും. അതേസമയം കലാപീഠത്തിലെ കുട്ടികളുടെ പരീക്ഷകൾ യഥാസമയത്ത് നടക്കും.

 

Latest News