കോഴിക്കോട് - കാരശ്ശേരി പഞ്ചായത്തിലെ കാരമൂലയിൽ വവ്വാലുകളെ കൂട്ടത്തോടെ ചത്തനിലയിൽ കണ്ടെത്തി. കാരമൂല സുബുലുൽ ഹുദാ മദ്രസക്ക് മുൻപിലെ മരത്തിലുള്ള വവ്വാലുകളെയാണ് ചൊവ്വാഴ്ച രാവിലെ ചത്ത നിലയിൽ കണ്ടെത്തിയത്. ഏകദേശം നൂറിനടുത്ത് വവ്വാലുകൾ ചത്തതായാണ് കരുതുന്നത്.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പഞ്ചായത്തധികൃതരും ആരോഗ്യ വകുപ്പും മൃഗസംരക്ഷണ വകുപ്പും സ്ഥലത്തെത്തി. മൃഗസംരക്ഷണ വകുപ്പ് വവ്വാലിന്റെ സ്രവം ശേഖരിച്ച് പരിശോധനക്കയച്ചു. വവ്വാലുകളെ തീയിട്ട് കത്തിച്ചു. കാരശ്ശേരിയുടെ സമീപ പഞ്ചായത്തായ കൊടിയത്തൂരിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ നാട്ടുകാർ വലിയ ആശങ്കയിലാണ്.
കഴിഞ്ഞ ദിവസങ്ങളിൽ ഈ പ്രദേശങ്ങളിലെ ഫാമുകളിലെ കോഴികളേയും വീടുകളിലെ വളർത്തുപക്ഷികളെ ഉൾപ്പെടെ കൊന്ന് കത്തിക്കുകയും ചെയ്തിരുന്നു. വവ്വാലുകളെ ചത്തനിലയിൽ കണ്ടെത്തിയ സ്ഥലത്തിന് സമീപത്ത് നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും വീടുകളും ഉണ്ട്. അതിനിടെ ആരോഗ്യ വകുപ്പിനെയും പഞ്ചായത്ത് അധികൃതരെയും നാട്ടുകാർ വിവരം അറിയിച്ചിട്ടും സ്ഥലത്തെത്താൻ താമസിച്ചതായും പരാതിയുണ്ട്. ചത്ത വവ്വാലുകളെ നാട്ടുകാരോട് തന്നെ സംസ്‌ക്കരിക്കാൻ നിർദ്ദേശിച്ചതായാണ് ആക്ഷേപം. ഇത് പ്രതിഷേധത്തിനു കാരണമായി.
സംഭവം പക്ഷിപ്പനി ആണോ എന്ന് പരിശോധിച്ച് ആശങ്ക അകറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
കൊടിയത്തൂരിൽ പക്ഷിപ്പനി പടർന്നത് ദേശാടനപ്പക്ഷികളിലൂടെ ആണെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പും മൃഗസംരക്ഷണ വകുപ്പും.
കൊടിയത്തൂരിനെ കൂടാതെ കാരശ്ശേരിയിലും മുക്കം മുനിസിപ്പാലിറ്റിയിലും കോഴിക്കോട് കോർപ്പറേഷനിലും പതിനായിരത്തോളം കോഴികളെ പിടികൂടി കൊന്നശേഷം കത്തിച്ചു കളഞ്ഞിരുന്നു. നിപ്പ വൈറസടക്കം പകർന്നതിൽ വവ്വാൽ വില്ലനായിരുന്നു. കാരശ്ശേരി കാരമൂലയിൽ വ്യാപകമായി വവ്വാലുകൾ ചത്തൊടുങ്ങിയ സാഹചര്യത്തിൽ കൂടുതൽ പരിശോധനക്കായി നാളെ കേന്ദ്രസംഘം കാരമൂലയിൽ എത്തും.