റിയാദ് - ഇറാനിൽ കുടുങ്ങിയ 200 ലേറെ സൗദി പൗരന്മാരെ ഒഴിപ്പിക്കുന്നതിന് ശ്രമിച്ചുവരികയാണെന്ന് യു.എ.ഇയിലെ സൗദി എംബസി അറിയിച്ചു. ഇറാനിലെ ശിയാ തീർഥാടന, പഠന കേന്ദ്രങ്ങളായ മശ്ഹദിലും ഖും നഗരത്തിലുമാണ് സൗദി പൗരന്മാർ കുടുങ്ങിക്കിടക്കുന്നത്. ഇവരെ 48 മണിക്കൂറിനകം ഒഴിപ്പിച്ച് സ്വദേശത്ത് എത്തിക്കാനാണ് ശ്രമം. മശ്ഹദ് നഗരത്തിൽ കുടുങ്ങിയ 90 സൗദി പൗരന്മാരുടെ വിവരങ്ങൾ ഇതുവരെ ലഭിച്ചിട്ടുണ്ട്. ഇറാനിൽ നിന്ന് ലോക രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെച്ചതിനാൽ രണ്ടാഴ്ചയിലധികമായി സ്വദേശത്തേക്ക് മടങ്ങാൻ സാധിക്കാതെ ഇവർ കുടുങ്ങിക്കിടക്കുകയാണ്. ഖും നഗരത്തിൽ കഴിയുന്ന 110 സൗദികളുടെ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇവരിൽ ഭൂരിഭാഗവും പഠനാർഥം വർഷങ്ങളായി ഖും നഗരത്തിൽ സ്ഥിരമായി കഴിഞ്ഞുവരുന്നവരാണ്.
ഇറാനിൽ കുടുങ്ങിയ മുഴുവൻ സൗദി പൗരന്മാരെയും സ്വദേശത്ത് തിരിച്ചെത്തിക്കാനാണ് ശ്രമം. രാജ്യത്തേക്ക് മടങ്ങാൻ ആഗ്രഹിച്ച് പേരുകൾ രജിസ്റ്റർ ചെയ്യുന്നതും മടക്കയാത്രക്ക് ഏകോപനം നടത്തുന്ന വകുപ്പുകൾക്ക് പാസ്‌പോർട്ട് കോപ്പികൾ അയച്ചുകൊടുക്കുന്നതും ഇറാൻ സന്ദർശന വിവരത്തെ കുറിച്ച വെളിപ്പെടുത്തലായി കണക്കാക്കപ്പെടുമെന്നും യു.എ.ഇ സൗദി എംബസി പറഞ്ഞു. ഇറാനിൽ കഴിയുന്ന സൗദി പൗരന്മാരും സമീപ കാലത്ത് ഇറാൻ സന്ദർശിച്ച് സ്വദേശത്ത് തിരിച്ചെത്തിയവരും ഇക്കാര്യം ബന്ധപ്പെട്ട വകുപ്പുകൾക്കു മുന്നിൽ വെളിപ്പെടുത്തണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.
ഇതിന് 48 മണിക്കൂർ സമയം സാവകാശവും അനുവദിച്ചിരുന്നു. സാവകാശം നൽകിയ സമയത്തിനകം ഇറാൻ സന്ദർശന വിവരം വെളിപ്പെടുത്താത്തവർക്കെതിരെ പാസ്‌പോർട്ട് നിയമം അനുസരിച്ച് ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും ഇറാൻ സന്ദർശന വിവരം വെളിപ്പെടുത്തുന്നവർക്കെതിരെ ശിക്ഷാ നടപടികൾ കൈക്കൊള്ളില്ലെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇറാൻ സന്ദർശിച്ച വിവരം 128 സൗദി പൗരന്മാർ സ്വമേധയാ വെളിപ്പെടുത്തിയതായും ഇക്കൂട്ടത്തിൽ 95 പേർ ഇറാനിലാണെന്നും ശനിയാഴ്ച സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.
സൗദി പൗരന്മാർ ഇറാൻ സന്ദർശിക്കുന്നത് വർഷങ്ങൾക്കു മുമ്പു വിലക്കിയിട്ടുണ്ട്. സൗദിയിൽ കഴിയുന്ന വിദേശികൾ ഇറാൻ സന്ദർശിക്കുന്നത് കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിലക്കിയിട്ടുണ്ട്. ഇത് ലംഘിച്ച് ഇറാൻ സന്ദർശിക്കുന്നവരെ രാജ്യത്തേക്ക് മടങ്ങാൻ അനുവദിക്കില്ലെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കിയിട്ടുണ്ട്.
സൗദി പൗരന്മാർക്ക് ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കുന്നതിന് പാസ്‌പോർട്ട് ആവശ്യമില്ല. തിരിച്ചറിയൽ കാർഡിൽ ഗൾഫ് രാജ്യങ്ങളിലേക്ക് പോകുന്ന സൗദി പൗരന്മാർ അവിടങ്ങളിൽ നിന്നാണ് ഇറാനിലേക്ക് പോകുന്നത്. വിലക്ക് ലംഘിച്ച് ഇറാൻ സന്ദർശിക്കുന്ന സൗദി പൗരന്മാരുടെ പാസ്‌പോർട്ടുകളിൽ ഇറാനിലെ ബന്ധപ്പെട്ട വകുപ്പുകൾ എയർപോർട്ടുകളിൽ വെച്ച് സീലുകൾ പതിക്കുന്നില്ല. ഇതുമൂലം ഇറാൻ സന്ദർശിക്കുന്ന സൗദി പൗരന്മാരെ ബന്ധപ്പെട്ട വകുപ്പുകൾക്ക് എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കാത്ത സാഹചര്യവുമുണ്ട്.