Sorry, you need to enable JavaScript to visit this website.

സൗദി അറാംകോ എണ്ണയുൽപാദനം കുത്തനെ ഉയർത്തുന്നു

അബ്ദുൽ അസീസ് രാജകുമാരൻ
  • ഒപെക് പ്ലസ് യോഗം ചേരേണ്ട ആവശ്യമില്ല -മന്ത്രി

റിയാദ് - ആഗോള വിപണിയിൽ വിലയിടിച്ചിൽ തടയുന്നതിന് ഉൽപാദനം വെട്ടിക്കുറക്കാനുള്ള കരാർ ദീർഘിപ്പിക്കുന്നതിന് റഷ്യ വിസമ്മതിച്ച പശ്ചാത്തലത്തിൽ അടുത്ത മാസാദ്യം മുതൽ എണ്ണയുൽപാദനം സർവകാല റെക്കോർഡ് തലത്തിലേക്ക് ഉയർത്തുമെന്ന് സൗദി അറാംകോ അറിയിച്ചു. ഉപയോക്താക്കൾക്കുള്ള പ്രതിദിന എണ്ണ വിതരണം ഏപ്രിൽ മുതൽ 12.3 ദശലക്ഷം ബാരലായാണ് കമ്പനി ഉയർത്തുക. സുപ്രധാന തീരുമാനം പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി സൗദി ഓഹരി വിപണിയിൽ ഇന്നലെ സൗദി അറാംകോ ഓഹരി ക്രയവിക്രയം താൽക്കാലികമായി നിർത്തിവെച്ചിരുന്നു. 


എണ്ണയുൽപാദനം കുത്തനെ ഉയർത്താനുള്ള തീരുമാനം പ്രഖ്യാപിച്ച ശേഷമാണ് ഓഹരി ക്രയവിക്രയം പുനരാരംഭിച്ചത്. സൗദി അറാംകോയുടെ പരമാവധി പ്രതിദിന സുസ്ഥിര ഉൽപാദന ശേഷി 12 ദശലക്ഷം ബാരലാണ്. ഇതിലും മൂന്നു ലക്ഷം ബാരൽ തോതിൽ അടുത്ത മാസം സൗദിയിലെയും വിദേശത്തെയും ഉപയോക്താക്കൾക്ക് വിതരണം ചെയ്യുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഏപ്രിൽ മുതൽ പ്രതിദിനം 12.3 ദശലക്ഷം ബാരൽ തോതിൽ എണ്ണ വിതരണം ചെയ്യുന്നതിന് ഉപയോക്താക്കളുമായി ധാരണയിലെത്തിയതായി സൗദി ഓഹരി വിപണിയിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ കമ്പനി അറിയിച്ചു. 


ഇന്നലെ രാവിലെ 11.48 ന് ആണ് സൗദി അറാംകോയുടെ അപേക്ഷയുടെ അടിസ്ഥാനത്തിൽ കമ്പനി ഓഹരി ക്രയവിക്രയം സൗദി കാപിറ്റൽ മാർക്കറ്റ് അതോറിറ്റി നിർത്തിവെച്ചത്. ഉൽപാദനവും വിതരണവും കുത്തനെ ഉയർത്തുന്നതിനുള്ള സൗദി അറാംകോ പ്രഖ്യാപനം പുറത്തു വന്ന ശേഷം ഓഹരി ക്രയവിക്രയം പുനരാരംഭിച്ചതോടെ സൗദി ഷെയർ മാർക്കറ്റിൽ കമ്പനിയുടെ ഓഹരികൾ ഉയർന്നു. സൗദി അറാംകോയുടെ പക്കൽ വൻ എണ്ണ കരുതൽ സംഭരണമുണ്ട്. മാസങ്ങൾക്കു മുമ്പ് കിഴക്കൻ പ്രവിശ്യയിലെ രണ്ടു പ്രധാന എണ്ണപ്പാടങ്ങൾക്കു നേരെ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് നടത്തിയ വൻ ആക്രമണത്തെ തുടർന്ന് സൗദി അറേബ്യയുടെ ഉൽപാദനത്തിലുണ്ടായ ഭീമമായ കുറവ് കരുതൽ സംഭരണത്തിൽ നിന്ന് പിൻവലിച്ചാണ് സൗദി അറേബ്യ നികത്തി ഉപയോക്താക്കളുമായി നേരത്തെയുണ്ടാക്കിയ എണ്ണ വിതരണ കരാറുകൾ പാലിച്ചത്. 


അതേസമയം, പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കിനെയും സംഘടനക്ക് പുറത്തുള്ള റഷ്യ അടക്കമുള്ള സ്വതന്ത്ര ഉൽപാദകരെയും ഉൾപ്പെടുത്തി രൂപീകരിച്ച ഒപെക് പ്ലസ് ഗ്രൂപ്പിന്റെ യോഗം മെയ്, ജൂൺ മാസങ്ങളിൽ ചേരേണ്ട ആവശ്യമില്ലെന്ന് സൗദി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. കൊറോണ വ്യാപനം വിലയിലും എണ്ണയാവശ്യത്തിലുമുണ്ടാക്കിയ പ്രത്യാഘാതങ്ങൾ തരണം ചെയ്യുന്നതിന് സ്വീകരിക്കേണ്ട നടപടികളിൽ ധാരണയിലെത്താത്ത പശ്ചാത്തലത്തിൽ ഒപെക് പ്ലസ് യോഗം ചേരേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. 


എല്ലാ ഉൽപാദക രാജ്യങ്ങളും വിപണിയിലെ തങ്ങളുടെ വിഹിതം നിലനിർത്തുന്നതിന് ശ്രമിക്കുകയാണ് വേണ്ടത്. സ്വതന്ത്ര വിപണിയിൽ എല്ലാ ഉൽപാദക രാജ്യങ്ങളും തങ്ങളുടെ മത്സര ശേഷിയും വിപണി വിഹിതവും നിലനിർത്തുന്നതിനും വർധിപ്പിക്കുന്നതിനും ശ്രമിക്കൽ നിർബന്ധമാണെന്നും അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു.

 

 

Latest News