റിയാദ് - നവജാതശിശുക്കൾക്ക് ഓൺഅറൈവൽ വിസ അനുവദിക്കുന്നതിന് മൂന്നു വ്യവസ്ഥകൾ ബാധകമാണെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. നവജാതശിശുവിന് സ്വന്തമായി പാസ്‌പോർട്ട് ഉണ്ടായിരിക്കണമെന്നതാണ് ഇതിൽ ഒന്ന്. കുഞ്ഞിന്റെ മാതാപിതാക്കൾ നിയമാനുസൃതം സൗദിയിൽ കഴിയുന്നവരായിരിക്കണം. കൂടാതെ ഭാര്യ ഭർത്താവിന്റെ സ്‌പോൺസർഷിപ്പിലായിരിക്കണമെന്നും വ്യവസ്ഥയുണ്ട്.
ഫൈനൽ എക്‌സിറ്റ് നൽകുന്നതിന് വിദേശികൾക്ക് ഇഖാമയുണ്ടായിരിക്കണം. കുടുംബനാഥൻ സൗദിയിലുള്ള പക്ഷം റീ-എൻട്രിയിൽ വിദേശങ്ങളിലുള്ള ആശ്രിതരുടെ ഇഖാമകൾ പുതുക്കുന്നതിന് സാധിക്കും. ഫൈനൽ എക്‌സിറ്റ് വിസ ലഭിച്ച് 60 ദിവസത്തിനകം വിദേശികൾ സൗദി വിട്ടിരിക്കണം. വിദേശങ്ങളിലുള്ളവരുടെ റീ-എൻട്രി വിസ ദീർഘിപ്പിക്കുന്നതിന് ജവാസാത്ത് ഡയറക്ടറേറ്റിന് അധികാരമില്ല. ഫാമിലി വിസിറ്റ് വിസ ഓൺലൈൻ സേവനമായ അബ്ശിർ വഴി പുതുക്കുന്നതിന് സാധിക്കും. സൗദിയിൽ പ്രവേശിച്ച തീയതി മുതൽ 180 ദിവസത്തിൽ കൂടാത്ത നിലക്കാണ് വിസിറ്റ് വിസ പുതുക്കുന്നതിന് സാധിക്കുകയെന്നും ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു.