നെടുമ്പാശേരി - കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് കേസുകളിലായി 68 ലക്ഷത്തോളം രൂപ വിലവരുന്ന ഒന്നര കിലോ സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. ദമ്പതികൾ ഉൾപ്പെടെ നാലു പേർ പിടിയിലായി. അന്താരാഷ്ട്ര യാത്രക്കാരൻ കൊണ്ടുവന്ന അര കിലോ സ്വർണം ആഭ്യന്തര യാത്രക്കാരിയായി വിമാനത്തിൽ കയറിയ സഹോദര ഭാര്യക്ക് നൽകി കടത്താൻ ശ്രമിക്കുകയായിരുന്നു. ബഹ്‌റൈനിൽ നിന്നും കോഴിക്കോട് വഴി കൊച്ചിയിലേക്കുള്ള എയർ ഇന്ത്യാ വിമാനത്തിലെത്തിയ മലപ്പുറം സ്വദേശിയാണ് അര കിലോ സ്വർണം കൊണ്ടുവന്നത്.
ഇതേ വിമാനത്തിൽ കോഴിക്കോട്ട് നിന്നും ഇയാളുടെ സഹോദരനും ഭാര്യയും കൊച്ചിയിലേക്ക് ആഭ്യന്തര യാത്രക്കാരായി കയറി. വിമാനത്തിൽ വെച്ച് സഹോദരൻ മുഖേന സ്വർണം യുവതിക്ക് കൈമാറി. യുവതി ഇത് വിമാനത്തിൽ വെച്ചു തന്നെ ദേഹത്ത് അണിഞ്ഞു. സംഭവം ശ്രദ്ധയിൽപെട്ട സഹയാത്രക്കാർ വിവരം കസ്റ്റംസിനെ അറിയിക്കുകയായിരുന്നുവെന്നാണ് സൂചന. ആഭ്യന്തര യാത്രക്കാർക്ക് കാര്യമായ സുരക്ഷാ പരിശോധന ഇല്ലാത്തതിനാൽ സ്വർണം പുറത്തെത്തിക്കാമെന്ന പ്രതീക്ഷയിലാണ് മുൻകൂട്ടി തയാറാക്കിയ പദ്ധതിയനുസരിച്ച് ദമ്പതികൾ കോഴിക്കോട്ട് നിന്നും വിമാനത്തിൽ കയറിയത്. ഇന്നലെ രാവിലെ ഏഴരയോടെയാണ് സംഭവം.
രണ്ടാമത്തെ കേസിൽ കോഴിക്കോട് കൊടുവള്ളി സ്വദേശിയായ യാത്രക്കാരനിൽ നിന്നും ഒരു കിലോ സ്വർണമാണ് പിടികൂടിയത്. റിയാദിൽ നിന്നും ഗൾഫ് എയർ വിമാനത്തിൽ ഇന്നലെ പുലർച്ചെ മൂന്നരക്കാണ് ഇയാൾ കൊച്ചിയിലെത്തിയത്. മൈക്രോവേവ് ഓവനിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ ബിസ്‌കറ്റുകൾ.