ഏറെ ആഘോഷമായി ഒരു വനിതാ ദിനം കൂടി കടന്നു പോയി. ജീവിതത്തിന്റെ വിവിധ മേഖലകളിൽ പോരാടി വിജയിച്ച സ്ത്രീകളെ പരിചയപ്പെടുത്തുകയും അതിലൂടെ മുന്നോട്ടുള്ള പ്രയാണത്തിന് സ്ത്രീകൾക്ക് പ്രചോദനം നൽകുകയുമാണ് വനിതാ ദിനവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ പ്രധാനമായും ചെയ്തത്. ഒപ്പം ഇന്നും വിവിധ മേഖലകളിൽ സ്ത്രീകൾ നേരിടുന്ന വിവേചനത്തിന്റെയും ചൂഷണത്തിന്റെയും വാർത്തകളും പുറത്തു കൊണ്ടുവന്നു. സർക്കാറും പല ഭരണകൂട സ്ഥാപനങ്ങളും നിരവധി സ്ത്രീ സൗഹൃദ പരിപാടികൾ പ്രഖ്യാപിച്ചും നടപ്പാക്കിയും വനിതാ ദിനം ആഘോഷിച്ചു. കുടുംബശ്രീകളുടെയും മറ്റു വനിതാ സംഘടനകളുടെയും നേതൃത്വത്തിലും വൈവിധ്യമാർന്ന പരിപാടികൾ നടന്നു.
തീർച്ചയായും ഇതെല്ലാം സ്വാഗതാർഹം തന്നെ. ഒരു കാലത്ത് ഫെമിനിസ്റ്റ് ഗ്രൂപ്പുകളും സമാന്തര സംഘടനകളും മാത്രം ഉയർത്തിപ്പിടിച്ചിരുന്ന വനിതാ ദിനം ഔദ്യോഗികവും ജനകീയവുമാകുന്നതിൽ തെറ്റൊന്നുമില്ല. എന്നാൽ അതിലൂടെ വനിതാ ദിനത്തിന്റെ യഥാർത്ഥ സ്പിരിട്ടും പോരാട്ട വീര്യവും നഷ്ടപ്പെടുകയാണെന്നു പറയാതെ വയ്യ. അല്ലെങ്കിൽ ഈ വനിതാ ദിനത്തെ ഷഹീൻ ബാഗിലെ പൊരുതുന്ന സ്ത്രീകൾക്ക് സമർപ്പിക്കാൻ ആരെങ്കിലുമൊക്കെ തയാറാകമായിരുന്നു. എന്നാൽ അതുണ്ടായില്ലല്ലോ. എന്തും സ്ഥാപനവൽക്കരിക്കുമ്പോൾ സംഭവിക്കുന്നത് തന്നെ. പരിസ്ഥിതി ദിനത്തിനും അതാണല്ലോ സംഭവിച്ചത്. സാമൂഹ്യ നീതി വകുപ്പ് ജീവനക്കാരോട് കസവു സാരി ഉടുത്തു വരാൻ ആവശ്യപ്പെട്ടതും വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി പലയിടത്തും കൈകൊട്ടി ക്കളിയും മറ്റും സംഘടിപ്പിച്ചതും ഈ സ്ഥാപനവൽക്കരണത്തിന്റെ ഭാഗമാണല്ലോ.
മുകളിൽ പറഞ്ഞ പോലെ ജീവിത വിജയം കൈവരിച്ച പലരെയും പരിചയപ്പെടുത്തിയെങ്കിലും വനിതാ ദിനത്തിന്റെ രാഷ്ട്രീയം ഉൾക്കൊണ്ട് കേരളത്തിൽ രൂപം കൊണ്ട ഫെമിനിസ്റ്റ് രാഷ്ട്രീയത്തിന്റെ വളർച്ചയെ പുതുതലമുറക്ക് പരിചയപ്പെടുത്താൻ കാര്യമായി ആരും ശ്രമിച്ചില്ല. അതിനുള്ള ശ്രമമാണ് ഈ കുറിപ്പ്.
നവോത്ഥാന കാലഘട്ടം എന്നു പൊതുവിൽ വിശേഷിപ്പിക്കപ്പെടുന്ന കാലത്ത് കേരളത്തിൽ നിരവധി സ്ത്രീ മുന്നേറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ശബരിമല വിവാദവുമായി ബന്ധപ്പെട്ട് അക്കാലത്തെ സ്ത്രീ മുന്നേറ്റങ്ങളെ കുറിച്ച് ഏറെ ചർച്ചകളും നടന്നു. അതേസമയം സ്ത്രീവിമോചനം എന്ന ആശയം അസന്ദിഗ്ധമായി പ്രഖ്യാപിച്ച് കേരളത്തിൽ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങൾ രൂപപ്പെടുന്നത് 1980 കളിലാണ്. പല രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും സ്ത്രീ വിഭാഗങ്ങൾ ഉണ്ടായിരുന്നെങ്കിലും അവയെല്ലാം മറ്റു പല സംഘടനകളെയും പോലെ പാർട്ടികളുടെ പോഷക സംഘടനകളായിരുന്നു.
കെ. വേണുവിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന സി.ആർ.സി, സി.പി.ഐ എം.എല്ലും യുജന വിഭാഗമായിരുന്ന കേരളീയ യുവജന വേദിയും മാനുഷി രൂപീകരണത്തിലും ആദ്യകാല പ്രവർത്തനങ്ങളിലും പങ്കാളികളായിരുന്നു.
തൃശൂർ ജില്ലയിലെ മായന്നൂരിൽ സ്വത്തു തർക്കത്തിന്റെ പേരിൽ ഊരുവിലക്ക് കൽപിക്കപ്പെട്ട ബാലാമണിയുടെ വിഷയത്തിലിടപെട്ട് നടത്തിയ പോരാട്ടങ്ങളായിരുന്നു മാനുഷി ആദ്യമിടപെട്ട സംഭവമെന്നു പറയാം. തുടർന്ന് തൃശൂർ - പാലക്കാട് - മലപ്പുറം ജില്ലകളിലെ നിരവധി സ്ത്രീപീഡന സംഭവങ്ങളിലും സ്ത്രീകൾ നേരിടുന്ന പൊതുവിഷയങ്ങളിലും മാനുഷി സജീവമായി ഇടപെട്ടു. തങ്കമണിയിൽ പോലീസ് നടത്തിയ കൂട്ടബലാൽസംഗ വിഷയം ഒരു ഉദാഹരണം. മറുവശത്ത് തെരുവു നാടകം പോലുള്ള ആവിഷ്‌കാരങ്ങളും ആശയ പ്രചരണത്തിനായി ഉപയോഗിച്ചു. തൃശൂരിലെ ലാലൂർ മലിനീകരണ വിരുദ്ധ സമരത്തിലും മറ്റും സംഘടന സജീവമായിരുന്നു. പിന്നീട് സംഘടനക്കുള്ളിലെ ഭിന്നതകളെ തുടർന്ന് സാറാ ജോസഫിന്റെ നേതൃത്വത്തിൽ തന്നെ മാനവി എന്ന സംഘടന രൂപീകരിച്ചു. ഇരു സംഘടനകളും കുറേക്കാലം കൂടി സജീവമായി രംഗത്തുണ്ടായിരുന്നു.
ഏകദേശം ഇക്കാല ഘട്ടത്തിൽ തന്നെ കോഴിക്കോട്ട് ബോധന, തൃശൂരിൽ ചേതന, തിരുവനന്തപുരത്ത് പ്രചോദന തുടങ്ങിയ സ്ത്രീ സംഘടനകളും രൂപം കൊണ്ടിരുന്നു. കോഴിക്കോട് വനിതാ പോലീസ് സ്‌റ്റേഷനിൽ വെച്ച് കൊല ചെയ്യപ്പെട്ട ലൈംഗികത്തൊഴിലാളിയായിരുന്ന കുഞ്ഞിബിയുടെ മരണം അന്വേഷിച്ച് കുറ്റവാളികളെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്ന ജനകീയ സമരത്തിൽ ബോധന സജീവമായിരുന്നു.
1990 ൽ കോഴിക്കോട്ട് വെച്ചു നടന്ന ഫെമിനിസ്റ്റ് സംഘടനകളുടെ അഖിലേന്ത്യാ സമ്മേളനവും അതിനു പ്രചോദനമായി. ഒപ്പം സ്ത്രീകളും പുരുഷനും ഒരുമിച്ചു പ്രവർത്തിക്കുന്ന പല മേഖലകൡലും സ്ത്രീ വിഭാഗങ്ങളും ശക്തമായി. കോട്ടയം കുറിച്ചിയിലെ ദളിത് വിമൻ സൊസൈറ്റി, കുടമാളൂർ സ്ത്രീ പഠന കേന്ദ്രം, തിരുവനന്തപുരം കേന്ദ്രീകരിച്ച് രൂപം കൊണ്ട സേവ, സഖി, തീരദേശ മഹിളാ വേദി എന്നിവ ഉദാഹരണങ്ങൾ. മത്സ്യത്തൊഴിലാളി മേഖല പോലുള്ളയിടങ്ങളിൽ സ്ത്രീ ശാക്തീകരണം ശക്തമായി. മുംബൈയിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ''സംഘഗാന''വും കേരളത്തിലെ തന്നെ ''പാടഭേദ''വും സ്ത്രീപതിപ്പുകൾ പ്രസിദ്ധീകരിച്ച് ഈ പ്രവർത്തനങ്ങൾക്ക് ഊർജം പകർന്നു. 1993 ൽ കോഴിക്കോട് അജിതയുടെ നേതൃത്വത്തിൽ രൂപം കൊണ്ട അന്വേഷിയാണ് 25 വർഷത്തിനു ശേഷവും സജീവമായി നിലനിൽക്കുന്ന സ്ത്രീ സംഘടന. ഒരേസമയം സമര സംഘടനയായും കൗൺസലിംഗ് സെന്ററായും അന്വേഷി പ്രവർത്തിക്കുന്നു. മുസ്‌ലിം സ്ത്രീകൾക്കിടയിൽ പ്രവർത്തിക്കുന്ന നിസ, കേരള സ്ത്രീവേദി, സമത, സഹജ തുടങ്ങിയ പല സംഘടനകളും ഇക്കാലഘട്ടങ്ങളിൽ സജീവമായി. സൂര്യനെല്ലി, വിതുര പോലുള്ള പെൺവാണിഭ സംഭവങ്ങളിൽ ശക്തമായി ഇടപെടാൻ ഈ സംഘടനകൾക്കായി. കൂടാതെ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പോലുള്ള സംഘടനകളും നിരവധി സ്ത്രീ വിഷയങ്ങളിൽ ഇടപെട്ടു. പിന്നീട് ലൈംഗികത്തൊഴിലാളികളും ലൈംഗിക ന്യൂനപക്ഷങ്ങളുമെല്ലാം സംഘടിക്കുന്നതും കേരളം കണ്ടു. അതേസമയം മുഖ്യധാരയിൽ ഉണ്ടായ ഒരു പ്രധാന മുന്നേറ്റം ഒരുപാട് പരിമിതികളോടെയാണെങ്കിലും കുടുംബശ്രീ മാത്രമാണ്.