റിയാദ്- ക്രൂഡോയിൽ വിലയിൽ വൻ കുറവ് വരുത്തി സൗദി അരാംകോ. ബാരലിന് നാലു മുതൽ എട്ടു ശതമാനം വരെ കുറവാണ് വരുത്തിയത്. ഇതോടെ ക്രൂഡോയിലിന് മുപ്പത് വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് നിലവിൽ വന്നത്. പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ പൊതുവേദിയായ ഒപെകുമായി ഒപെക് ഇതര രാജ്യങ്ങൾക്ക് കരാറിൽ എത്താനാകാത്തതാണ് എണ്ണ വിലയിൽ കുറവ് വരാൻ കാരണമായത്. ഉൽപാദനം വർധിപ്പിക്കാനും അരാംകോ തീരുമാനിച്ചിട്ടുണ്ട്. ക്രൂഡ് യുദ്ധത്തിലേക്കാണ് ലോകം നീങ്ങുന്നത് എന്നാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്.
ബെന്റ് ക്രൂഡിന്റെ വിലയിൽ മുപ്പത് ശതമാനത്തിന്റെ കുറവുണ്ടായി. യു.എസ് ക്രൂഡ് വില 27 ശതമാനം കുറഞ്ഞു. ബാരലിന് 33.30 ഡോളറാണ് നിലവിലെ വില.
കൊറോണ വൈറസ് ബാധയെ തുടർന്ന് എണ്ണക്ക് ഡിമാന്റ് കുറഞ്ഞതോടെ ഉൽപാദനം കുറക്കണമെന്ന ധാരണ എണ്ണ ഉദ്പാദക രാജ്യങ്ങൾക്കിടയിൽ ഉണ്ടായിരുന്നു. എന്നാൽ, റഷ്യ ഇതിനോട് യോജിച്ചില്ല. തുടർന്നാണ് ഉൽപാദനം വർധിപ്പിക്കാൻ തീരുമാനിച്ചത്. ക്രൂഡ് ഓയിൽ വില അൻപത് ഡോളറിന് താഴെ എത്തിയാൽ അത് അമേരിക്കയെയും റഷ്യയെയും പ്രതികൂലമായി ബാധിക്കും. അതേസമയം, സൗദിക്ക് പുറമെ മറ്റ് ഒപെക് രാജ്യങ്ങളും ഉൽപാദനം വർധിപ്പിക്കാൻ തീരുമാനിച്ചു. ഇതോടെ വില വീണ്ടും കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.