റിയാദ്- മത്സ്യബന്ധനം, കൃഷി തൊഴിലുകൾ, ഇടയ ജോലി എന്നീ മേഖലകളെ സൗദിവൽക്കരണത്തിൽ നിന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ഒഴിവാക്കി. ഈ മേഖലയിലെ ജോലികൾ സ്വീകരിക്കുന്നതിന് സൗദികൾ സന്നദ്ധരല്ലാത്ത കാര്യം കണക്കിലെടുത്താണിത്.
ഈ മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലുടമകൾക്കു കീഴിലെ നാലു തൊഴിലാളികളെ വീതം വർക്ക് പെർമിറ്റ് ഫീസിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്.
വനിതാവൽക്കരണം ബാധകമാക്കിയ ലേഡീസ് ഷോപ്പുകളിൽ സൗദി വനിതകൾക്കും സൗദി വനിതകൾക്ക് വിദേശ ഭർത്താക്കന്മാരിൽ പിറന്ന പെൺമക്കൾക്കും മാത്രമാണ് തൊഴിൽ അനുമതിയുള്ളത്. തൊഴിലില്ലായ്മ വേതന വിതരണ പദ്ധതിയായ ഹാഫിസ് വ്യവസ്ഥകൾ യുവതീയുവാക്കൾ കർശനമായി പാലിക്കണം. ആറു തവണ താക്കീത് ലഭിക്കുന്ന തൊഴിൽരഹിതരെ ധനസഹായ വിതരണ പദ്ധതിയിൽ നിന്ന് ഒഴിവാക്കും. തൊഴിലന്വേഷകരായ തൊഴിൽരഹിതർക്ക് മാസം രണ്ടായിരം റിയാൽ വീതം ഒരു വർഷത്തേക്കാണ് ഹാഫിസിൽനിന്ന് സഹായം വിതരണം ചെയ്യുന്നത്. ഹാഫിസ് ഗുണഭോക്താക്കൾ പ്രതിവാരം വിവരങ്ങൾ പുതുക്കുകയും പരിശീലന പദ്ധതികൾ പ്രയോജനപ്പെടുത്തുകയും വേണം. അല്ലാത്ത പക്ഷം സഹായധനത്തിൽ കുറവ് വരുത്തുമെന്നും മന്ത്രാലയം അറിയിച്ചു.
സൗദിയിൽ തൊഴിലില്ലായ്മ നിരക്ക് 12.7 ശതമാനമായി വർധിച്ചിട്ടുണ്ട്. 2030 ഓടെ തൊഴിലില്ലായ്മ നിരക്ക് ഏഴു ശതമാനമായി കുറക്കുന്നതിനാണ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ലക്ഷ്യമിടുന്നത്.
സൗദിയിൽ കഴിഞ്ഞ മൂന്നു വർഷത്തിനിടെ 8,05,641 വിദേശികൾ പ്രൊഫഷൻ മാറ്റിയിട്ടുണ്ട്. ഇക്കൂട്ടത്തിൽ ഏറ്റവും കൂടുതൽ പേർ ഏഷ്യൻ വംശജരാണ്. പ്രൊഫഷൻ മാറ്റിയവരിൽ 65 ശതമാനവും ഏഷ്യക്കാരാണ്. മൂന്നു വർഷത്തിനിടെ പ്രൊഫഷൻ മാറ്റിയവരിൽ 71 ശതമാനവും റിയാദ്, മക്ക, കിഴക്കൻ പ്രവിശ്യകളിൽ ജോലി ചെയ്യുന്നവരാണ്. 2016 ൽ പ്രൊഫഷൻ മാറ്റിയവരുടെ എണ്ണത്തിൽ 26 ശതമാനം കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ കൊല്ലം 1,70,452 പേരാണ് പ്രൊഫഷൻ മാറ്റിയത്. 2015 ൽ 2,31,332 പേരും 2014 ൽ 4,03,857 പേരും പ്രൊഫഷൻ മാറ്റി.
19 തൊഴിലുകളിൽ സ്ഥിരം തൊഴിൽ വിസകളും താൽക്കാലിക, സീസൺ വിസകളും അനുവദിക്കുന്നത് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം നിർത്തിവെച്ചിട്ടുണ്ട്. ഈ പ്രൊഫഷനുകളിൽ ജോലി ചെയ്യുന്ന വിദേശികളുടെ വർക്ക് പെർമിറ്റ് പുതുക്കുന്നതും നിർത്തിവെച്ചിട്ടുണ്ട്. ഈ തൊഴിൽ മേഖലകൾ സൗദികൾക്കു മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്.