റിയാദ്- കഴിഞ്ഞയാഴ്ചകളില്‍ ഇറാനില്‍ നിന്നു മടങ്ങിയെത്തിയ 420 പേര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും വീടുകളിലും ആശുപത്രികളിലുമായി കൊറോണ വൈറസ് നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 600 പേരാണെന്നും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദുല്‍ ആലി അറിയിച്ചു.
കൊറോണ രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയ 400 പേര്‍ക്ക് ആവശ്യമായ ചികിത്സ നല്‍കിയിട്ടുണ്ട്. ഇതുവരെ 11 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്.
ഇതില്‍ ഏഴു പേര്‍ ഇറാനില്‍ പോയി വന്നവരും മൂന്നു പേര്‍ വിദേശത്തു പോയി വന്നവരുടെ ഭാര്യമാരുമാണ്. ഇറാഖില്‍ സന്ദര്‍ശനം കഴിഞ്ഞെത്തിയ ഒരാളും രോഗം ബാധിച്ചവരില്‍ പെടും. എല്ലാവരും സുഖം പ്രാപിച്ചുവരികയാണ് -അദ്ദേഹം പറഞ്ഞു.
അതിനിടെ, കൊറോണ വൈറസ് ബാധിച്ച രാജ്യങ്ങളില്‍നിന്ന് പുതിയ വിസയിലും റീ എന്‍ട്രിയിലും സൗദിയിലെത്തുന്ന വിദേശികള്‍ പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണമെന്ന സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം ഈജിപ്തുകാര്‍ക്ക് നടപ്പായി.
കൊറോണ രാജ്യങ്ങളുടെ ലിസ്റ്റിലുണ്ടെങ്കിലും ഇന്ത്യയില്‍ നിന്നെത്തുന്നവരുടെ കാര്യത്തില്‍ ഇതുവരെ നിര്‍ബന്ധമാക്കിയിട്ടില്ല. അതേസമയം ഇന്ത്യയില്‍ നിന്നെത്തുന്നവരും കൊറോണ ബാധിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടിവരുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം ചോദ്യത്തിനു മറുപടി നല്‍കി.
യാത്രയുടെ 24 മണിക്കൂര്‍ മുമ്പെടുത്ത സര്‍ട്ടിഫിക്കറ്റുമായി വിമാനത്താവളങ്ങളിലെത്തണമെന്നാണ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നത്. വൈകാതെ ഈജിപ്തില്‍ നിന്നെത്തുന്നവര്‍ക്ക് സിവില്‍ ഏവിയേഷന്‍ അതോറിറ്റി സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുകയും ചെയ്തു. ഈജിപ്തില്‍ 1000 പൗണ്ട് ആണ് സര്‍ട്ടിഫിക്കറ്റിന്റെ ചാര്‍ജ്. ഈജിപ്തുകാരല്ലാത്തവര്‍ക്ക് 70 ഡോളറും.
ഇന്ത്യക്കാര്‍ക്കു നിര്‍ബന്ധമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ടെങ്കിലും എയര്‍ലൈനുകള്‍ക്ക് അറിയിപ്പുകളൊന്നും ലഭ്യമായിട്ടില്ല. ഇന്നലെ സര്‍ട്ടിഫിക്കറ്റില്ലാതെയാണ് ഇന്ത്യയില്‍നിന്നുള്ള യാത്രക്കാര്‍ സൗദിയിലെത്തിയത്.