Sorry, you need to enable JavaScript to visit this website.

ചവറ എം.എല്‍.എ എന്‍.വിജയന്‍ പിള്ള അന്തരിച്ചു

കൊച്ചി- ചവറ എം.എല്‍.എ എന്‍.വിജയന്‍ പിള്ള(65) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെ മൂന്നരയോടെ ആയിരുന്നു അന്ത്യം. അര്‍ബുദ ബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു.

വ്യവസായി കൂടിയായ വിജയന്‍ പിള്ള കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സിഎംപിക്ക് (അരവിന്ദാക്ഷന്‍ വിഭാഗം) ലഭിച്ച സീറ്റില്‍ ഇടത് സ്വതന്ത്രനായി മത്സരിച്ചാണ്  നിയമസഭയിലെത്തിയത്. ചവറ നിയമസഭാ മണ്ഡലം രൂപീകരിച്ച ശേഷം ആദ്യമായി വിജയിച്ച ആര്‍എസ്പി ഇതര നേതാവ് കൂടിയാണ് വിജയന്‍ പിള്ള. മുന്‍ മന്ത്രിയും ആര്‍എസ്പി നേതാവുമായ ഷിബു ബേബി ജോണിനെ പരാജയപ്പെടുത്തിയാണ് വിജയന്‍ പിള്ള നിയമസഭയിലെത്തിയത്. മുതിര്‍ന്ന ആര്‍എസ്പി നേതാവായ നാരായണന്‍ പിള്ളയുടെ മകനാണ്.

മദ്യനയവിഷയത്തില്‍ കെ.പി.സി.സി പ്രസിഡന്റായിരുന്ന വി.എം സുധീരനുമായുണ്ടായ ഭിന്നതക്കൊടുവിലാണ് കോണ്‍ഗ്രസ് വിട്ടത്. തുടര്‍ന്ന് സി.എം.പിയില്‍ ചേര്‍ന്നു. അരവിന്ദാക്ഷന്‍ വിഭാഗം സി.എം.പി പിന്നീട് സിപിഎമ്മില്‍ ലയിച്ചതോടെ വിജയന്‍പിള്ളയും സി.പി.എമ്മിന്റെ ഭാഗമായി.

ആര്‍.എസ്.പിയിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. ബേബി ജോണിന്റെ വിശ്വസ്തനായി ആര്‍.എസ്.പിയിലുണ്ടായിരുന്ന വിജയന്‍പിള്ള പിന്നീട് ഭിന്നതയെ തുടര്‍ന്ന് 2000 ല്‍ കോണ്‍ഗ്രസിലെത്തി.

1979 മുതല്‍ 2000 വരെ 21 വര്‍ഷം ചവറ പഞ്ചായത്ത് അംഗമായിരുന്നു. 2000-2005 കാലത്ത് കൊല്ലം ജില്ലാ പഞ്ചായത്ത് അംഗമായി.

തേവലക്കര ഡിവിഷനില്‍നിന്നാണ് കോണ്‍ഗ്രസ് ടിക്കറ്റില്‍ ജില്ലാ പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ടത്.
കരുണാകരന്‍ കോണ്‍ഗ്രസ് വിട്ടപ്പോള്‍ അദ്ദേഹത്തോടൊപ്പം ഡി.ഐ.സിയുടെ ഭാഗമായി. കരുണാകരന്‍ കോണ്‍ഗ്രസിലെത്തിയപ്പോള്‍ വിജയന്‍ പിള്ളയും കോണ്‍ഗ്രസിലേക്ക് തന്നെ മടങ്ങി.

ഭാര്യ: സുമ, മക്കള്‍:സുജിത്ത്, ശ്രീജിത്ത്, ശ്രീലക്ഷ്മി. മരുമകന്‍: ജയകൃഷ്ണന്‍.

 

Latest News