കൊച്ചി- പ്രളയക്കെടുതിയുടെ ഇരകൾക്ക് വിതരണം ചെയ്യുന്നതിന് മുഖ്യമന്ത്രിയുടെ ദുരിത്വാശ്വാസ നിധിയിലേക്ക് ശേഖരിച്ച ഫണ്ട് തട്ടിയെടുത്ത സംഭവത്തിൽ അറസ്റ്റിലായി റിമാന്റിൽ കഴിയുന്ന കേസിലെ ഒന്നാം പ്രതി എറണാകുളം കലക്ടറേറ്റിലെ ഭരണാനുകൂല സംഘടനാ നേതാവായ സെക്ഷൻ ക്ലാർക്ക് വിഷ്ണു പ്രസാദ്, രണ്ടാം പ്രതി മഹേഷ് എന്നിവരെ കോടതി ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിൽ വിട്ടു. ഈ മാസം 12 വരെയാണ് ഇരുവരെയും മൂവാറ്റുപുഴ വിജിലൻസ് കോടതി ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിൽ വിട്ടത്.കേസിൽ വിശദമായ അന്വേഷണവും ചോദ്യം ചെയ്യലും ആവശ്യമാണെന്ന ക്രൈംബ്രാഞ്ചിന്റെ ആവശ്യം അംഗീകരിച്ചാണ് ഇരുവരെയും കോടതി കസ്റ്റഡിയിൽ നൽകിയത്.
പ്രതികളുടെ ജാമ്യാപേക്ഷ 13 ന് കോടതി പരിഗണിക്കും. വിഷ്ണു പ്രസാദ്,മഹേഷ് എന്നിവരെക്കൂടാതെ സി.പി.എം ലോക്കൽ കമ്മിറ്റി നേതാവ് നിഥിൻ (30),ഇയാളുടെ ഭാര്യ ഷിന്റു(27) എന്നിവരാണ് കേസിൽ ഇതുവരെ അറസ്റ്റിലായത്. ഇവരും റിമാന്റിലാണ്.കേസിലെ മൂന്നാം പ്രതിയായ സി.പി.എം ലോക്കൽ കമ്മിറ്റിയംഗം അൻവർ ഒളിവിലാണ്. ഇയാൾ മുൻകൂർജാമ്യം തേടി കോടതിയെ സമീപിച്ചിട്ടുണ്ട്. അയ്യനാട് സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗമായ അൻവറിന്റെ ഭാര്യ,മഹേഷിന്റെ ഭാര്യ എന്നിവരെയും ക്രൈംബ്രാഞ്ച് പ്രതി ചേർത്തിട്ടുണ്ട്. ഇവരും ഒളിവിലാണെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.
എറണാകുളം കലക്ടറേറ്റിലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധി സെക്ഷൻ ക്ലാർക്കായ വിഷ്ണു പ്രസാദ്, രണ്ടാം പ്രതി കാക്കനാട് മാധവം വീട്ടിൽ മഹേഷ്, മൂന്നാം പ്രതിയായ സി.പി.എം പ്രാദേശിക നേതാവ് കാക്കനാട് നിലം പതിഞ്ഞ മുഗൾ രാജഗിരി വാലി മറയക്കുളത്ത് വീട്ടിൽ എം.എം അൻവർ എന്നിവർ ചേർന്ന് 12.94 ലക്ഷം രൂപ തട്ടിയെന്നാണ് നേരത്തെ ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. 2019 നവംബർ 29 ന് 49,999 രൂപ വീതം മൂന്നാംപ്രതി അൻവറിന്റെയും കാക്കനാടുള്ള സ്വകാര്യ ബാങ്കിലെ ഇയാളുടെ ഭാര്യയുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്ത് പ്രതികൾ പണം കൈക്കലാക്കിയെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇതു കൂടാതെ വിഷ്ണു പ്രസാദ് കേസിൽ അറസ്റ്റിലായ നിഥിന്റെ ഭാര്യ ഷിന്റുവിന്റെ അക്കൗണ്ടിലേക്ക് രണ്ടര ലക്ഷം രൂപ നിക്ഷേപിച്ച ശേഷം ഈ പണം പ്രതികൾ പിൻവലിച്ച് കൈപ്പറ്റിയെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.