കൊച്ചി- കേന്ദ്രസർക്കാരിന്റെ സ്വേച്ഛാപരമായ മാധ്യമവിലക്കിനെതിരെ ബഹുജനാഭിപ്രായ രൂപീകരണത്തിനും നിയമപോരാട്ടത്തിനും കേരള മീഡിയ അക്കാദമി രംഗത്തിറങ്ങുെമന്ന് അക്കാദമി ചെയർമാൻ ആർ.എസ് ബാബു വ്യക്തമാക്കി. ഏഷ്യാനെറ്റ്, മീഡിയവൺ വാർത്താചാനലുകളുടെ വിലക്ക് മണിക്കൂറുകൾക്ക് ശേഷം നീക്കിയെങ്കിലും നാടിനെ നടുക്കിയ കേന്ദ്രസർക്കാരിന്റെ സംപ്രേക്ഷണവിലക്ക് മാധ്യമസ്വാതന്ത്ര്യത്തിനു നേരെയുളള ഡെമോക്ലസിന്റെ വാളായി തൂങ്ങുകയാണ്. 1995ൽ പാർലമെന്റ് പാസാക്കിയ കേബിൾ ടി.വി നെറ്റ്‌വർക്ക് റെഗുലേഷൻ ആക്ടിന്റെ ദുരുപയോഗമാണ് ഉണ്ടായിരിക്കുന്നത്. ആ നിയമത്തിന്റെ മറവിൽ വാർത്തയുടെ ശരിതെറ്റ് ഭരണകൂടത്തിന്റെ ഏറാൻമൂളികളായ സർക്കാർ ഉദ്യോഗസ്ഥർ നിർണ്ണയിക്കുന്നത് സ്വാഭാവിക നീതിയുടെ ലംഘനമാണ്.
വർഗ്ഗീയകുഴപ്പം സൃഷ്ടിക്കുംവിധം ദൽഹി കലാപം മലയാളത്തിലെ ചാനലുകൾ റിപോർട്ടുചെയ്തുവെന്ന കേന്ദ്രസർക്കാർ വിലയിരുത്തൽ വസ്തുതാവിരുദ്ധമാണ്. നോട്ടീസ് നൽകിയ ശേഷം ചാനലുകൾ പോലും അറിയാതെ സംപ്രേക്ഷണം നിറുത്തിക്കാൻ ടെലിപോർട്ട് ഓപ്പറേറ്റർമാർക്ക് നേരിട്ട് നിർദ്ദേശം നൽകിയ കേന്ദ്രസർക്കാർ നടപടി തികച്ചും ഏകാധിപത്യപരമാണ്. ഇതിലൂടെ അടിയന്തരാവസ്ഥയിലെ സെൻസർ നിയമത്തെ കടത്തിവെട്ടിയിരിക്കുകയാണെന്നും ആർ.എസ്. ബാബു വ്യക്തമാക്കി.
വാർത്തയിലോ സംപ്രേക്ഷണ പരിപാടിയിലോ പരാതിയുണ്ടെങ്കിൽ അത് പരിശോധിക്കാൻ സ്വതന്ത്രസ്വഭാവമുളള, ഉന്നതാധികാരമുളള റെഗുലേറ്ററി അതോറിറ്റിയോ മീഡിയ കൗൺസിലോ വേണം എന്നത് മാധ്യമ സ്വാതന്ത്ര്യം നിലനിർത്താൻ അനിവാര്യമായിരിക്കുകയാണ്. അത്തരം സംവിധാനം ഉണ്ടാക്കാതെ സർക്കാർ ഉദ്യോഗസ്ഥരെ ഉപയോഗപ്പെടുത്തി മാധ്യമങ്ങളുടെ കണ്ണും വായുംമൂടിക്കെട്ടുന്നത് മോദി സർക്കാരിന്റെ വർഗ്ഗീയ രാഷ്ട്രീയനയത്തിന് മാധ്യമങ്ങളെയാകെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്താനാണ്. ഇത്തരത്തിൽ മാധ്യമവിലക്ക് ഏർപ്പെടുത്തുന്ന ഭരണകൂടസ്വേച്ഛാധിപത്യത്തിന് അറുതിവരുത്തണമെന്ന് പ്രധാനമന്ത്രിയോടും കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രിയോടും ഇ-മെയിൽ സന്ദേശത്തിൽ ആവശ്യപ്പെട്ടതായും ആർ.എസ് ബാബു വ്യക്തമാക്കി.