Sorry, you need to enable JavaScript to visit this website.

ബ്രാഹ്മണർക്കുള്ള ശൗചാലയവും രാഷ്ട്രീയ കേരളവും

ജാതീയ പീഡനങ്ങളിലും സാമൂഹ്യ നവോത്ഥാനത്തിലും കേരളം ഏറെ മുന്നോട്ടു പോയെന്നാണ് വെപ്പ്. രാജ്യത്തെ പല സംസ്ഥാനങ്ങളുമായി താരതര്യം ചെയ്യുമ്പോൾ അതിൽ ശരിയുണ്ടാകാം. എന്നാൽ വൈവിധ്യമാർന്ന രീതിയിൽ മുന്നോട്ടു പോയ, ഇന്നും മുന്നോട്ടു പോകുന്ന പ്രദേശങ്ങൾ തമ്മിൽ അത്തരമൊരു താരതമ്യത്തിൽ എന്തർത്ഥമാണുള്ളത്? നമ്മുടെ ഭൂതകാലത്തെ വിലയിരുത്തുകയും ഇന്ന് എവിടെ എത്തിയിരിക്കുന്നു എന്നു പരിശോധിക്കുകയും അതിലൂടെ നാം മുന്നോട്ടാണോ പിന്നോട്ടാണോ പോകുന്നത് എന്നു വിലയിരുത്തുകയുമാണ് വേണ്ടത്. തൃശൂരിൽ കുറ്റുമുക്ക് ശിവക്ഷേത്രത്തിൽ ബ്രാഹ്മണന്മാർക്ക് പ്രത്യേക ശുചിമുറിയുണ്ടാക്കിയ സംഭവം ഇത്തരമൊരു പരിശോധനയുടെ അനിവാര്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. അപ്പോഴാണ് കേരളീയ സമൂഹത്തിൽ പ്രത്യക്ഷമായും അതിനേക്കാളുപരി പരോക്ഷമായും നിലനിൽക്കുന്ന ജാതീയതയും ലിംഗവിവേചനവും അവയുടെ ഭാഗമായ അയിത്തവും വ്യക്തമാവുക. 


തീർച്ചയായും ജാതിവിവേചനത്തിനും അയിത്തത്തിനും എതിരായും നവോത്ഥാനത്തിനും സാമൂഹ്യനീതിക്കായും നടന്ന ഒരുപാട് പോരാട്ടങ്ങളുടെ ചരിത്രം നമുക്കുണ്ട്. അവയെല്ലാം വിസ്മൃതിയിലേക്കു തള്ളാനും തങ്ങളുടെ താൽപര്യങ്ങൾക്കനുസരിച്ച് ചരിത്ര രചന നടത്താനും വലിയ ശ്രമങ്ങൾ തന്നെ നടന്നിട്ടുണ്ട്. കേരളം മലയാളികളുടെ മാതൃഭൂമി എന്ന ഇ.എം.എസിന്റെ കൃതിയിൽ അയ്യങ്കാളിയെ പോലും പരാമർശിക്കാത്തത് ഒരു ഉദാഹരണം മാത്രം. പക്ഷേ കഴിഞ്ഞ വർഷത്തെ ശബരിമല വിവാദത്തിന്റെ കാലത്ത് കുഴിച്ചുമൂടാൻ ശ്രമിച്ചവർക്കു തന്നെ നവോത്ഥാനത്തിന്റെ ചരിത്രം അയവിറക്കേണ്ടിവന്നു. ഇ.എം.എസിനെ തിരുത്തി പിണറായി അയ്യങ്കാളി പ്രതിമയിൽ ഹാരാർപ്പണവും നടത്തി. തീർച്ചയായും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ മാത്രമല്ല, വലതുപക്ഷ പ്രസ്ഥാനങ്ങളും ഈ പോരാട്ടങ്ങളെ വിസ്മരിച്ചിരിക്കുകയായിരുന്നു. ഹിന്ദുത്വ ശക്തികൾക്കാകട്ടെ, ആ ചരിത്രം പേടിസ്വപ്‌നമായതിനാൽ വിസ്മൃതിയിലേക്കു തള്ളാൻ ബോധപൂർവം ശ്രമിച്ചിരുന്നു. 
ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി   സമൂഹത്തിന്റെ അടിത്തട്ടിൽ നിന്നായിരുന്നു ഇവിടെ  ജാതിവിരുദ്ധ സമരങ്ങളും നവോത്ഥാന പോരാട്ടങ്ങളും ഉയർന്നുവന്നത്. അതായിരുന്നു അവയുടെ കരുത്തും. മാറുമറക്കൽ സമരവും വില്ലുവണ്ടി യാത്രയും ക്ഷേത്രപ്രവേശന വിളംബരവും  മിശ്രഭോജനവും  വഴി നടക്കാനുള്ള അവകാശത്തിനായുള്ള പോരാട്ടങ്ങളും  അരുവിപ്പുറം പ്രതിഷ്ഠയുമൊക്കെ കേരള ചരത്രത്തിലെ സമാനതകളില്ലാത്ത ഏടുകളാണല്ലോ. 19 ാം നൂറ്റാണ്ടിലും 20 ാം നൂറ്റാണ്ടിലും വിവേകാനന്ദൻ പറഞ്ഞ അവസ്ഥയിൽ നിന്നു കേരളത്തെ മാറ്റിത്തീർത്തത് ഈ പോരാട്ടങ്ങളായിരുന്നല്ലോ. 


എന്നാൽ പിന്നീട് നടന്ന, അല്ലെങ്കിൽ നടക്കാതിരുന്ന സംഭവങ്ങളാണ് ചരിത്രത്തിന്റെ ഈ മുന്നോട്ടു പോക്കിനെ തടഞ്ഞതും ഇന്ന് ഇത്തരത്തിൽ ബ്രാഹ്മണർക്ക് പ്രത്യേക ശൗചാലയം പോലും ഉണ്ടാക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചതും. ആ പോരാട്ടങ്ങൾക്ക് തുടർച്ചയുണ്ടായില്ല എന്നു മാത്രമല്ല, അവ ഹൈജാക് ചെയ്യപ്പെടുകയും ചെയ്തു. ആ പോരാട്ടങ്ങൾ സൃഷ്ടിച്ച സാമൂഹ്യ വേലിയേറ്റങ്ങളെയാണ് പല പ്രസ്ഥാനങ്ങളും തങ്ങളുടെ രാഷ്ട്രീയ മൂലധനമാക്കിയത്. തീർച്ചയായും കമ്യൂണിസ്റ്റുകാരാണ് അതിൽ മുന്നിൽ. കേരളത്തിൽ എല്ലാവർക്കും വഴി നടക്കാൻ അവകാശം ഉണ്ടാക്കിയത് തങ്ങളാണെന്ന് അവകാശപ്പെടുന്ന കമ്യൂണിസ്റ്റുകാരെ കാണാമല്ലോ. 


പാർട്ടി രൂപീകരിക്കുന്നതിനു മുമ്പാണ്ടായ സാമൂഹ്യ മുന്നേറ്റങ്ങളെല്ലാം നയിച്ചത് തങ്ങളാണെന്ന അവകാശവാദങ്ങളും കാണാറുണ്ടല്ലോ. നവോത്ഥാന മുന്നേറ്റങ്ങളുടെ തുടർച്ചക്കായി പോരാടിയിട്ടായിരുന്നു ഈ അവകാശവാദങ്ങളെങ്കിൽ മനസ്സിലാക്കാമായിരുന്നു. എന്നാൽ അതല്ല ഉണ്ടായത്. സാമൂഹ്യ നീതിയും നവോത്ഥാനവുമൊക്കെ കമ്യൂണിസ്റ്റുകാരടക്കമുള്ള എല്ലാ പ്രസ്ഥാനങ്ങളും കൈയൊഴിയുകയായിരുന്നു. കേരള പിറവിക്കു ശേഷം എല്ലാം ഭരണത്തിനും അതു ലഭിക്കാനുള്ള കക്ഷിരാഷ്ട്രീയ മുന്നണികൾക്കുമായി വഴിമാറി. നവോത്ഥാന രാഷ്ട്രീയത്തെ വർഗ രാഷ്ട്രീയം ഹൈജാക് ചെയ്തു. സാമൂഹ്യ നീതിക്കായുള്ള സമരങ്ങൾക്കു പകരം സാമ്പത്തിക സമരങ്ങൾക്കു മാത്രം കേരളത്തിലെ തെരുവുകൾ സാക്ഷ്യം വഹിച്ചു.


സ്വാഭാവികമായും സംഭവിക്കുന്നതു തന്നെയാണ് പിന്നീട് സംഭവിച്ചത്. എന്തിനെതിരെയെല്ലാം മുൻതലമുറ പോരാടിയോ അവയെല്ലാം ശക്തമായി തന്നെ തിരിച്ചു വന്നുകൊണ്ടിരുന്നു. പലതും പരോക്ഷമായ രീതിയിലായിരുന്നതിനാൽ ആരംഭത്തിൽ കാര്യമായി ആരും തിരിച്ചറിഞ്ഞിരുന്നില്ല. എന്നാൽ കാലക്രമത്തിൽ അവയെല്ലാം കൂടുതൽ കൂടുതൽ പ്രകടമായി. വിവേചനത്തിന്റെ ആശയ സംഹിതയായ മനുസ്മൃതി മൂല്യങ്ങൾക്കെതിരെ നടക്കുകയും പിന്നീട് സമത്വത്തിന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച ഭരണഘടനാ മൂല്യങ്ങളിലെത്തുകയും ചെയ്തിരുന്ന നാം തിരിച്ച് മനുസ്മൃതി മൂല്യങ്ങളിലേക്ക് നടക്കുകയായിരുന്നു. നവോത്ഥാന പ്രസ്ഥാനത്തിന്റെ തുടർച്ചയായി സ്വാഭാവികമായി നടക്കേണ്ടിയിരുന്ന മാറ്റങ്ങൾ പോലും തടയപ്പെട്ടു. ഉദാഹരണം മിശ്രഭോജനത്തിനു പിറകെ ഉണ്ടാകേണ്ടിയിരുന്ന മിശ്രവിവാഹങ്ങൾ (വിരലിലെണ്ണാവുന്ന പ്രണയ വിവാഹങ്ങൾ ഉണ്ടാകാം). 


ക്ഷേത്രപ്രവേശന വിളംബരത്തിനു പിറകെ നടക്കേണ്ടിയിരുന്ന ജാതി, മത, ലിംഗ ഭേദമെന്യേ എല്ലാവർക്കും ആരാധനാലയങ്ങളിൽ പ്രവേശിക്കാനുള്ള അവകാശം, പേരിനു പിറകിലെ ജാതിവാലുകൾ മുറിച്ചുകളയൽ...... എന്നാലവയൊന്നും നടപ്പായില്ല എന്നതു മാത്രമല്ല, അതിവേഗത്തിലായിരുന്നു നമ്മുടെ തിരിച്ചുപോക്ക്. അതിനാലാണ് ക്ഷേത്രങ്ങളിൽ ഇപ്പോഴും മറ്റു മതസ്ഥർക്ക് പ്രവേശനമില്ലാത്തതും പൂജാദി കർമങ്ങളിലും ക്ഷേത്രകലകളിലും മറ്റും അവർണർക്കും സ്ത്രീകൾക്കും കാര്യമായ പങ്കാളിത്തമില്ലാത്തതും സ്ത്രീകൾക്ക് ശബരിമലയിലടക്കം പ്രവേശനമില്ലാത്തതും നവോത്ഥാനത്തിന്റെ നേരവകാശികൾ എന്നവകാശപ്പെടുന്നവർ പോലും അതിനെ പിന്തുണക്കുന്നതും.  പുലയൻ മജിസ്ട്രേട്ടായാൽ പോലുള്ള പഴഞ്ചൊല്ലുകൾ നിലനിൽക്കുന്നതും ജാതിവിരുദ്ധരെന്നു സ്വയം അഭിമാനിക്കുന്നവർ പോലും എസ്.സി/എസ്.ടി ഒഴികെ എന്നു പരസ്യം കൊടുക്കുന്നതും നിരന്തര കാഴ്ചയാണവല്ലോ. കേരളീയതയെന്നാൽ സവർണതയാണെന്ന് നിരവധി ചിഹ്നങ്ങളിലൂടെയും ആഘോഷങ്ങലിലൂടെയും നിരന്തരമായി സ്ഥാപിക്കുന്നു.  


ജാതി, മത വിവാഹ ബ്യൂറോകൾ നിലനിൽക്കുന്ന പ്രദേശമാണല്ലോ ഇന്നും പ്രബുദ്ധ കേരളം. ഹാദിയമാരും കെവിൻമാരും വിനായകന്മാരും മധുമാരും ജിഷമാരുമൊക്കെ ഉണ്ടാകുന്നതും ഇവിടെ തന്നെ. ഈ പട്ടികയിലാണ് കുറ്റുമുക്കിലെ ഈ ശുചിമുറിയുടെയും സ്ഥാനം. ക്ഷേത്രത്തിലെ ജോലിക്കാർ എന്നാണ് ഉദ്ദേശിച്ചതെന്ന സാങ്കേതിക വിശദീകരണമൊക്കെ എത്രമാത്രം അർത്ഥശൂന്യമാണ്. 
കേരളത്തിന്റെ ഇന്നത്തെ ഈ അവസ്ഥക്കു, കമ്യൂണിസ്റ്റുകാർക്കു മാത്രമല്ല,  എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും പങ്കുണ്ട്. രാഷ്ട്രീയമായി ഇത്തരം വിഷയങ്ങളെ അഭിമുഖീകരിക്കാറുള്ളത് കമ്യൂണിസ്റ്റുകാരായതിനാൽ അവരുടെ ഉത്തരവാദിത്തം കൂടുന്നു. നവോത്ഥാന രാഷ്ട്രീയത്തിനു പിറകെ സജീവമാകാനിടയുണ്ടായിരുന്ന അംബേദ്കർ രാഷ്ട്രീയത്തെ കേരളത്തിലെത്തുന്നതിൽ നിന്നു തടഞ്ഞതിൽ മുഖ്യ പങ്ക് അവർക്കാണ്. 


നൂറ്റാണ്ടുകളുടെ നീതിനിഷേധത്തിനു ചെറിയൊരു ആശ്വാസമായി ഭരണഘടനയിൽ ചേർത്ത സംവരണാവകാശത്തിനെതിരെ ആദ്യം ശബ്ദം ഉയർത്തിയതും മറ്റാരുമല്ലോ. എന്തിനേറെ, ഇപ്പോൾ വിവാദമായിരിക്കുന്ന കുറ്റുമുക്ക് ശിവക്ഷേത്രത്തിന്റെ ഭരണ നേതൃത്വവും സിപിഎമ്മിനാണ്.  സി.പി.എം നേതാവും തൃശൂർ കോർപറേഷനിലെ ചേറൂർ വാർഡ് അംഗവുമായ പ്രേമകുമാരനാണ്  സെക്രട്ടറി.  
ഭരണ സമിതിയിൽ പ്രധാന പാർട്ടികളുടെയെല്ലാം പങ്കാളിത്തമുണ്ട്. ഒരഭിപ്രായ ഭിന്നതയുമില്ലാതെ, വളരെ ഐക്യത്തോടെയാണ് അവർ ക്ഷേത്രഭരണം മുന്നോട്ടു കൊണ്ടുപോകുന്നത്. ഈ ഐക്യം തന്നെ ഏറ്റവും അപകടകരം. 


അതിന്റെ വികസിത രൂപം തന്നെയാണ് കേരളത്തിന്റെ സാമൂഹ്യ  രാഷ്ട്രീയ ജീവിതത്തിലും കാണുന്നത്. അതിന്റെ പ്രതിഫലനമാണ് നേരത്തെ സൂചിപ്പിച്ച പോലെ ഭരണഘടനാ മൂല്യങ്ങൾക്കു പകരം മനുസ്മൃതി മൂല്യങ്ങൾ തിരിച്ചുവരാൻ കാരണം. ശബരിമലയുടെ പേരിൽ ഭരണഘടനയേയും ലിംഗനീതിയേയും വെല്ലുവിളിച്ച് ഒരു വിഭാഗം പരസ്യമായി രംഗത്തു വന്നപ്പോൾ പോലും അതിനെതിരെ പ്രായോഗികമായി ഒന്നും നടന്നില്ലല്ലോ. 
നവോത്ഥാന പോരാട്ടങ്ങൾക്കു തുടർച്ചയുണ്ടായിരുന്നെങ്കിൽ സ്ത്രീകളുടെ ക്ഷേത്രപ്രവേശനത്തിനായും അയിത്തത്തിനെതിരായും ശക്തമായ പ്രക്ഷോഭങ്ങൾ നടക്കുമായിരുന്നു. അതൊന്നും നടക്കാതിരിക്കുന്നതും ഇത്തരത്തിലുള്ള ബോർഡുകൾ പ്രത്യക്ഷപ്പെടുന്നതുമൊക്കെ രാഷ്ട്രീയ കേരളം ഇന്ന് എവിടെ എത്തിനിൽക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനകളാണെന്നു പറയാതിരിക്കാനാവില്ല.

Latest News