Sorry, you need to enable JavaScript to visit this website.

ചാനൽ വിലക്കിനെതിരെ വ്യാപക പ്രതിഷേധം

ഫാസിസത്തിന്റെ ഭീകരമുഖം -മുല്ലപ്പള്ളി  മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി വരുതിയിൽ നിർത്താനുള്ള ഹീനതന്ത്രം -കോടിയേരി  
തിരുവനന്തപുരം- ദൽഹി കലാപം സത്യസന്ധമായി റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ ഏഷ്യനെറ്റ്, മീഡിയ വൺ ചാനലുകൾക്ക് രണ്ടു ദിവസത്തെ വിലക്ക് ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടിയിൽ വ്യാപക പ്രതിഷേധം. വിവിധ രാഷ്ട്രീയ കക്ഷികളും സംഘടനകളും കേന്ദ്ര സർക്കാർ നടപടിക്കെതിരെ രംഗത്തു വന്നു.


ഫാസിസത്തിന്റെ ഭീകരമുഖം പ്രകടമാക്കുകയാണ് കേന്ദ്ര സർക്കാരെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ കുറ്റപ്പെടുത്തി. മാധ്യമ സ്വാതന്ത്ര്യം ഹനിക്കപ്പെടുകയെന്നാൽ ഒരു ജനതയുടെ വായ് മൂടിക്കെട്ടുകയെന്നാണ് അർഥം. നിർഭയവും സ്വതന്ത്രവുമായ മാധ്യമ പ്രവർത്തനത്തെ വരുതിയിലാക്കാനുള്ള ശ്രമമാണ് ഈ മാധ്യമ വിലക്ക്. ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളിലൊന്നായ സ്വതന്ത്ര മാധ്യമ പ്രവർത്തനം തകർക്കാനുള്ള ഏത് ശ്രമവും ചെറുത്ത് പരാജയപ്പെടുത്തണം. മോഡി സർക്കാരിന്റെ ഫാസിസ്റ്റ് ഭീകരതയ്‌ക്കെതിരെ ഒറ്റക്കെട്ടായി പ്രതികരിക്കാൻ ജനങ്ങൾ തയാറാകണം. മാധ്യമ വിലക്കിനെ കെ.പി.സി.സി ശക്തമായി അപലപിക്കുന്നതായും ഫാസിസത്തിന്റെ കടന്നുകയറ്റം അംഗീകരിക്കാനാവില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
എഷ്യാനെറ്റ് ന്യൂസ്, മീഡിയ വൺ ചാനലുകളെ 48 മണിക്കൂർ നേരത്തേക്ക് നിരോധിച്ച കേന്ദ്ര സർക്കാർ നടപടിയെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അപലപിച്ചു. 


മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി വരുതിയിൽ നിർത്താനുള്ള ഹീന തന്ത്രമാണിതെന്ന് കോടിയേരി ചൂണ്ടിക്കാട്ടി. ദൽഹി കലാപം സംബന്ധിച്ച റിപ്പോർട്ടിംഗിനെ മുൻനിർത്തിയാണ് കേന്ദ്ര സർക്കാർ നടപടി. അക്രമം നടത്തിയ വർഗീയ ശക്തികൾക്ക് എതിരെയോ നിഷ്‌ക്രിയത്വം പാലിച്ച ദൽഹി പോലീസിനെതിരെയോ ചെറുവിരൽ അനക്കാത്തവരാണ് മാധ്യമങ്ങൾക്കെതിരെ തിരിഞ്ഞിരിക്കുന്നത്. ഇത്തരം നടപടി ജനാധിപത്യ രാജ്യത്തിന് ഭൂഷണമല്ലെന്നും കോടിയേരി പറഞ്ഞു.
കേന്ദ്ര സർക്കാർ നടപടി മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടുത്ത വെല്ലുവിളിയാണെന്നും, അടുത്ത കാലത്തൊന്നും ഇന്ത്യയിൽ മാധ്യമങ്ങൾക്ക് നേരെ ഇത്തരം നടപടിയുണ്ടായിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. 


ജനാധിപത്യം രാജ്യത്ത് ഇല്ലാതാവുകയാണ്. ജനാധിപത്യത്തിന് അപമാനകരവും മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ കടന്നു കയറ്റവുമാണ് ഈ നടപടി. ഇത് ഒരു ടെസ്റ്റ് ഡോസാണോ എന്ന് പോലും സംശയമുണ്ട്. ആർ.എസ്.എസിന്റെയും ബി.ജെ.പിയുടെയും നീക്കത്തിനെതിരെ ഇന്ത്യയിലെ ജനങ്ങൾ ഒറ്റക്കെട്ടായി അണി നിരക്കണം. എത്രയും പെട്ടെന്ന് നിയന്ത്രണം പിൻവലിച്ച് ചാനലുകൾക്ക് സ്വതന്ത്രമായി വാർത്തകൾ സംപ്രേഷണം ചെയ്യാനുള്ള അവകാശം പുനഃസ്ഥാപിക്കണമെന്നും  രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.


ഏഷ്യാനെറ്റിന്റെയും മീഡിയ വണ്ണിന്റെയും സംപ്രേഷണം ഒരു നോട്ടീസു പോലും നൽകാതെ നിർത്തിവെപ്പിച്ച കേന്ദ്ര സർക്കാർ നടപടി അടിയന്തരാവസ്ഥയെ വെല്ലുന്നതാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ കുറ്റപ്പെടുത്തി. ദൽഹി കലാപം സത്യസന്ധമായി റിപ്പോർട്ട് ചെയ്തതിന്റെ പേരിലാണ് ഈ നടപടി. മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമണമാണിത്. മോഡി സർക്കാർ അധികാരത്തിലേറിയ ശേഷം സ്വീകരിച്ചു വരുന്ന മാധ്യമ സ്വാതന്ത്ര്യം ഹനിക്കുന്ന നടപടികളുടെ തുടർച്ചയാണിത്. ഇതിനെതിരെ ശക്തമായ ബഹുജന രോഷം ഉയർന്നു വരണമെന്ന് കാനം രാജേന്ദ്രൻ അഭ്യർഥിച്ചു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ യൂത്ത് ലീഗ്, ഫ്രറ്റേണിറ്റി, കാമ്പസ് ഫ്രണ്ട്, വെൽഫെയർ പാർട്ടി, മുസ്‌ലിം ലീഗ്, എസ്.ഡി.പി.ഐ പ്രവർത്തകർ പ്രതിഷേധ പ്രകടനങ്ങൾ നടത്തി. കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിലേക്ക് മാർച്ച് ചെയ്ത ഫ്രറ്റേണിറ്റി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. 

 
അപ്രഖ്യാപിത അടിയന്തരാവസ്ഥ സൃഷ്ടിക്കാൻ ശ്രമം -കെ.യു.ഡബ്ല്യു.ജെ
കോഴിക്കോട്- ദൽഹി കലാപം റിപ്പോർട്ട് ചെയ്തതിന് ഏഷ്യാനെറ്റ്, മീഡിയ വൺ ചാനലുകളുടെ സംപ്രേഷണം നിർത്തിവെപ്പിച്ച കേന്ദ്ര സർക്കാർ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് കേരള പത്രപ്രവർത്തക യൂനിയൻ സംസ്ഥാന കമ്മിറ്റി. അപ്രഖ്യാപിത അടിയന്തരാവസ്ഥ സൃഷ്ടിക്കാനാണ് ശ്രമം. വാർത്ത റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ ചാനലുകൾക്കെതിരെ നടപടിയെടുക്കുന്നത് മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള കയ്യേറ്റമാണ്. മാധ്യമങ്ങൾ തങ്ങൾ പറയുന്നതു മാത്രം റിപ്പോർട്ടു ചെയ്താൽ മതിയെന്ന നിലപാട് ജനാധിപത്യത്തിന് ഭൂഷണമല്ല. ഇത് ആർക്കും അംഗീകരിക്കാനുമാകില്ല. 
കേന്ദ്ര സർക്കാർ ഇപ്പോൾ കൈക്കൊണ്ടിട്ടുള്ള നടപടി അടിയന്തരമായി പിൻവലിക്കണം. സംപ്രേഷണം നിർത്തിവെപ്പിച്ച നടപടിക്കെതിരെ ഇന്ന് സംസ്ഥാനത്ത് മാധ്യമ പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് കെ.പി.റജിയും ജനറൽ സെക്രട്ടറി ഇ.എസ്.സുഭാഷും പ്രസ്താവനയിൽ പറഞ്ഞു. ചാനലുകളെ വിലക്കിയ കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കേരള പത്രപ്രവർത്തക യൂനിയൻ തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെയും പ്രസ്‌ക്ലബിന്റെയും സംയുക്താഭിമുഖ്യത്തിൽ ഇന്ന് രാവിലെ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തും.

തൊടുപുഴയിൽ പ്രകടനം നടത്തി 
തൊടുപുഴ- ഏഷ്യാനെറ്റ്, മീഡിയ വൺ ചാനലുകൾക്ക് 48 മണിക്കൂർ നിരോധനം ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കെ.യു.ഡബ്ല്യു.ജെ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴയിൽ പന്തം കൊളുത്തി പ്രകടനം നടത്തി. പ്രസ്‌ക്ലബ് പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനം ഗാന്ധി സ്‌ക്വയർ ചുറ്റി പ്രസ്‌ക്ലബ് പരിസരത്ത് സമാപിച്ചു. പ്രസ്‌ക്ലബ് പ്രസിഡന്റ് എം.എൻ.സുരേഷ്, സെക്രട്ടറി വിനോദ് കണ്ണോളി, ട്രഷറർ സി.സമീർ നേതൃത്വം നൽകി. 

മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള ഭീകരത -വെൽഫെയർ പാർട്ടി

തിരുവനന്തപുരം- ദൽഹിയിലെ വംശഹത്യാ വാർത്ത റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ മീഡിയ വൺ, ഏഷ്യാനെറ്റ് ന്യൂസ് ചാനലുകൾക്ക് സർക്കാർ ഏർപ്പെടുത്തിയ വിലക്ക് മാധ്യമ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്ന സംഘ്പരിവാർ ഭീകരതയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. നേരിനെ ഭയക്കുന്ന ഫാസിസ്റ്റ് സർക്കാരാണ് ദൽഹിയിൽ അധികാരത്തിലിരിക്കുന്നതെന്ന് ഇതിലൂടെ വ്യക്തമാവുകയാണ്.
 ജനാധിപത്യാവകാശങ്ങളുടെ ശവക്കുഴി തോണ്ടുകയാണ് സർക്കാർ ചെയ്യുന്നത്. ചാനലുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് എത്രയും വേഗം സർക്കാർ പിൻവലിക്കണമെന്ന് അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു. 

Latest News