മക്ക- കൊറോണ വൈറസ് വ്യാപനം തടയുന്നതിനായുള്ള ശ്രമങ്ങളുടെ ഭാഗമായി കൈക്കൊള്ളുന്ന എല്ലാ നടപടികളും ശരീഅത്തിന് അനുസൃതമാണെന്ന് മസ്ജിദുല്‍ ഹറാം ഇമാം ശൈഖ് അബ്ദുല്ലാ അവദ് അല്‍ ജൂഹാനി പറഞ്ഞു.
വിശുദ്ധ ഹറമില്‍ നടത്തിയ ജുമുഅ ഖുതുബയിലാണ് കൊറോണ ജാഗ്രതയുടെ ഭാഗമായി സൗദി അറേബ്യ കൈക്കൊള്ളുന്ന നടപടികള്‍ അദ്ദേഹം വിശദീകരിച്ചത്.
മക്ക നിവാസികള്‍ക്കടക്കം ഉംറയും മദീന സിയാറാത്തും താല്‍ക്കാലികമായി വിലക്കിയതിനു പിന്നാലെ കഅ്ബ പ്രദക്ഷിണം ചെയ്യുന്ന മതാഫും സഫ മര്‍വ കുന്നുകള്‍ക്കിടയില്‍ സഅ്‌യ് നിര്‍വഹിക്കുന്ന മസ്അയും കഴിഞ്ഞ ദിവസം അടച്ചിരുന്നു. മദീനയില്‍ റൗദാ ശരീഫും അടച്ചിരിക്കയാണ്.
ഇരു ഹറമുകളിലും നമസ്‌കാരം മസ്ജിദിനകത്തു മാത്രമാണ് അനുവദിക്കുന്നത്. ഇശാ നമസ്‌കാരം കഴിഞ്ഞ് ഒരു മണിക്കൂറിനു ശേഷം അടക്കുന്ന മസ്ജിദുല്‍ ഹറാമും മസ്ജിദുന്നബവിയും ഫജര്‍ നമസ്‌കാരത്തിന് ഒരു മണിക്കൂര്‍ മുമ്പാണ് തുറക്കുക.