Sorry, you need to enable JavaScript to visit this website.

ന്യായാധിപനെ നാടുകടത്തിയ ഭരണകൂടത്തെ  പാഠം പഠിപ്പിക്കണം -കൽപറ്റ നാരായണൻ

മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട്ട് നടത്തുന്ന ഷഹീൻബാഗ് സ്‌ക്വയറിൽ 34-ാം ദിനം കൽപറ്റ നാരായണൻ ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കോട് - ദൽഹി കലാപത്തിൽ ഏർപ്പെട്ടവർക്കെതിരെ വിരൽ ചൂണ്ടിയ ന്യായാധിപനെ ഒറ്റരാത്രി കൊണ്ട് മാറ്റിയ ഭരണകൂടത്തിനെതിരായിട്ടാണ് കോടതിയലക്ഷ്യ കുറ്റം ചുമത്തേണ്ടതെന്നും അവരെ പാഠം പഠിപ്പിക്കണമെന്നും പ്രമുഖ എഴുത്തുകാരൻ കൽപറ്റ നാരായണൻ അഭിപ്രായപ്പെട്ടു. പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിക്കുന്ന ഷഹീൻബാഗ് സ്‌ക്വയർ അനിശ്ചിതകാല സമരത്തിന്റെ 34-ാം ദിന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കശ്മീരിന്റെ പ്രത്യേക പദവിയെന്നത് ബൈബിളിൽ യഹോവ മോശ പ്രവാചകന് നന്മയുടെ മഴവില്ല് വാഗ്ദാനം ചെയ്തതുപോലുള്ള ഉറപ്പായിരുന്നു. ആർട്ടിക്കിൾ 370 റദ്ദ് ചെയ്തതിലൂടെ ഭരണകൂടം ഒരു ജനതക്ക് നൽകിയ ഉറപ്പാണ് ലംഘിക്കപ്പെട്ടത്. നുണകൾ കൊണ്ട് രാജ്യം കെട്ടിപ്പൊക്കാനിറങ്ങിയ ഹിറ്റ്‌ലർക്കും ഗീബൽസിനുമുണ്ടായ ദുരനുഭവങ്ങളാണ് മോഡിയെയും ഫാസിസത്തെയും കാത്തിരിക്കുന്നത് -അദ്ദേഹം പറഞ്ഞു.


ബി.ജെ.പി ജയിക്കാതിരിക്കാൻ ദൽഹിയിൽ കോൺഗ്രസ് കെജ്രിവാളിന് വോട്ടുകൾ നൽകി രാഷ്ട്രീയ ധർമം കാട്ടിയിട്ടുണ്ട്. തങ്ങളുടെ സംരക്ഷണത്തിനാണ് ന്യൂനപക്ഷങ്ങൾ കെജ്രിവാളിനെ സഹായിച്ചത്. എന്നാൽ അദ്ദേഹം അക്കാര്യത്തിൽ പരാജിതനായിരിക്കുകയാണ് -അദ്ദേഹം കൂട്ടിച്ചേർത്തു.
അപേക്ഷാ ഫോറങ്ങളിൽ പൗരത്വ നിയമത്തിന് മുമ്പ് നാഷനാലിറ്റിയെകുറിച്ചുള്ള ചോദ്യത്തിന് ഉദാസീനതയോടെയാണ് ഇന്ത്യക്കാർ ഉത്തരം നൽകിയിരുന്നതെങ്കിൽ അതേ ചോദ്യം ഭാരതീയരെ തുറിച്ചു നോക്കുന്ന അവസ്ഥയാണ്. ബാബരി മസ്ജിദിന്റെ തകർച്ചയെ തുടർന്നുള്ള കലാപം തടയാൻ ലീഗിന് കഴിഞ്ഞത് മതേതര പാർട്ടി ആയതു കൊണ്ട് മാത്രമല്ലെന്നും ബി.ജെ.പിയിൽനിന്ന് വിഭിന്നമായി സ്വാതന്ത്ര്യ പോരാട്ടത്തിൽ പങ്കാളികളായവരുടെ പാരമ്പര്യത്തിന്റെ അവകാശികളായത് കൊണ്ട് കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം സ്വതന്ത്ര്യ സമരത്തിൽ സമാധാന മാർഗത്തിൽ സർവസന്നാഹങ്ങളോടുകൂടിയ യൂത്ത്‌ലീഗിന്റെ ഷഹീൻബാഗ് പോരാട്ടത്തിൽ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ബാലുശ്ശേരി മണ്ഡലം മുസ്‌ലിം യൂത്ത്‌ലീഗ് പ്രസിഡന്റ് പി.എച്ച്.ഷമീർ അധ്യക്ഷത വഹിച്ചു. ഡോ. സരിൻ മുഖ്യപ്രഭാഷണം നടത്തി. എം.ഗീതാനന്ദൻ, മുഖ്യാതിഥിയായി പങ്കെടുത്തു. എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് അഹമ്മദ്കുട്ടി ഉണ്ണിക്കുളം, മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ്, സീനിയർ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം, കെ.പി.സി.സി എക്‌സിക്യൂട്ടീവ് മെമ്പർ കെ.രാമചന്ദ്രൻ മാസ്റ്റർ, യൂത്ത്‌ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.ഇസ്മായിൽ, സെക്രട്ടറി ആഷിഖ് ചെലവൂർ, എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ, മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ സെക്രട്ടറി നാസർ എസ്‌റ്റേറ്റ്മുക്ക്, ബാലുശ്ശേരി മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് സാജിദ് കോറോത്ത്, ജനറൽ സെക്രട്ടറി ഷാഹുൽ ഹമീദ് നടുവണ്ണൂർ പ്രസംഗിച്ചു. ബാലുശ്ശേരി മണ്ഡലം മുസ്‌ലിം യൂത്ത്‌ലീഗ് ജനറൽ സെക്രട്ടറി സി.കെ.ഷക്കീർ സ്വാഗതവും, ട്രഷറർ ലത്തീഫ് നടുവണ്ണൂർ നന്ദിയും പറഞ്ഞു.

 

 

Latest News