Sorry, you need to enable JavaScript to visit this website.

ജനാധിപത്യത്തിന്റെ മൂന്ന് തൂണുകളും തകർന്നു -കെമാൽ പാഷ 

'വി ദ പീപ്പിൾ ഓഫ് ഇന്ത്യ' സംഘടിപ്പിച്ച യോഗത്തിൽ ജസ്റ്റിസ് കെമാൽ പാഷ സംസാരിക്കുന്നു.

പരപ്പനങ്ങാടി- സമ്പൂർണ നിയമമല്ല, സമ്പൂർണ നീതിയാണ് ജനാധിപത്യം ലക്ഷ്യമാക്കുന്നതെന്നും കോടതി പോലും സമയാ സമയങ്ങളിൽ ഇടപെടാതിരിക്കുന്നതിന്റെ അർഥം ജനാധിപത്യത്തിന്റെ മൂന്നു തൂണുകളും തകർന്നു എന്നാണെന്നും റിട്ട. ജസ്റ്റിസ് കെമാൽ പാഷ. 
പരപ്പനങ്ങാടിയിൽ വി ദ പീപ്പിൾ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചർച്ചാ യോഗത്തിൽ 'പൗരനീതി, ആശയും ആശങ്കയും' എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതിയാണ് ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്നതെങ്കിലും സമകാലിക ഇന്ത്യയിൽ ഇതുമൂന്നും നിഷേധിക്കപ്പെട്ടിരിക്കുകയാണെന്ന് ഉദാഹരണങ്ങൾ നിരത്തി കെമാൽപാഷ സമർഥിച്ചു. ഭരണഘടനയിൽ പറയുന്ന പരമാധികാരം വോട്ടുകൊടുക്കുന്ന ജനങ്ങളുടെ കൂട്ടത്തിനാനുള്ളത്. 
രാഷ്ട്രപതിയോ, ചീഫ് ജസ്റ്റിസോ, പ്രധാനമന്ത്രിയോ പരമാധികാരിയല്ല. 130 കോടി ജനങ്ങളെ ഒരു ശതമാനം മാത്രം വരുന്ന ശതകോടീശരൻമാർ ഭരിക്കുന്ന അവസ്ഥയാണിന്നുള്ളത്. അമേരിക്കൻ പ്രസിഡന്റ് വരുമ്പോൾ ദരിദ്രർ പാർക്കുന്ന ചേരികൾ മതിൽകെട്ടി മറയ്ക്കുന്നു. 


ഞാനെന്ത് ഭക്ഷിക്കണം ഞാൻ എന്ത് വസ്ത്രം ധരിക്കണം, ഞാൻ എന്ത് ചിന്തിക്കണം എന്നെല്ലാം ഭരിക്കുന്നവർ തീരുമാനിക്കുന്നു. ഇതിനെ എതിർക്കുന്നവർ അടിച്ചമർത്തപ്പെടുന്നു. അടിച്ചമർത്തപ്പെടുമ്പോൾ ജനാധിപത്യം അവിടെ അവസാനിക്കുകയാണ്. എതിർക്കുന്നവൻ ദൽഹിയിലാണെങ്കിൽ അവൻ പാക്കിസ്ഥാൻകാരനാണെന്നും കേരളത്തിലാണെങ്കിൽ ജമാഅത്തെ ഇസ്‌ലാമിയാണെന്നും മുദ്രകുത്തപ്പെടുന്നു. രണ്ടും ഒന്നുതന്നെയാണെന്നാണ് ഇതിനർഥം. ഭൂരിപക്ഷ തീരുമാനം അല്ല, വിവേക പൂർണമായ ശരിയായ തീരുമാനമാണ് ജനാധിപത്യത്തിന്റെ നിലനിൽപ്പിന് ആവശ്യം. പ്രതികരണശേഷിയില്ലാത്ത ജനങ്ങൾ ഉണ്ടാകുമ്പോൾ ജനാധിപത്യം അവസാനിക്കുന്നുവെന്നു അദ്ദേഹം പറഞ്ഞു. 


അർധരാത്രിയിലാണ് പ്രധാന തീരുമാനങ്ങളെല്ലാം ഉണ്ടാകുന്നത്. നമ്മുടെ രാഷ്ട്രപതിക്ക് ഉറങ്ങാൻ പറ്റാത്ത അവസ്ഥയാണ് അർധരാത്രിയിലും. അതിനു ശേഷവുമാണ് പല പ്രധാന ഫയലുകളിലും അദ്ദേഹം ഒപ്പിടുന്നത്. പല ഗവർണർമാരുടെയും സ്ഥിതി ഇതു തന്നെയാണ്.  ഭരണഘടനയുടെ 142-ാം വകുപ്പു പ്രകാരം സമ്പൂർണ നീതി നിലനിർത്താൻ സുപ്രീംകോടതിക്ക് എന്തുത്തരവും പുറപ്പെടുവിക്കാൻ അധികാരമുണ്ട്. എന്നിട്ടും തങ്ങളുടെ മേൽ സമ്മർദമുണ്ടെന്ന് ന്യായാധിപൻമാർ പറയുന്നത് ലജ്ജാകരമാണ്. ഞാനായിരുന്നെങ്കിൽ രാജിവെച്ച് വീട്ടിലിരുന്നേനെ -കെമാൽപാഷ പറഞ്ഞു. 


ദൽഹിയിൽ നടന്നത് കലാപമല്ലെന്നും ഒരുവിഭാഗം മറ്റൊരു വിഭാഗത്തിനുമേൽ നടത്തിയ നരനായാട്ടാണെന്നും കെമാൽ പാഷ പറഞ്ഞു. 
കലാപമാകണമെങ്കിൽ രണ്ടുവിഭാഗങ്ങൽ തമ്മിൽ ഏറ്റുമുട്ടണം. ഇവിടെ അതുണ്ടായിട്ടില്ല. ഷഹീൻ ബാഗ് അവരുടെ സ്വസ്ഥതകെടുത്തുന്നു എന്നതാണ് നരാനായാട്ടിനു കാരണം.  നമ്മുടെ രാജ്യം ദ്രവിച്ചു നശിക്കുകയാണെന്നും കുഴിയിലേക്കാണ് അതിന്റെ പോക്കെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫാ. ഡെന്നി മോഡറേറ്റർ ആയിരുന്നു.


'ഫാസിസവും വർത്തമാനകാല സാമ്പത്തികഘടനയും' എന്ന വിഷയം അജിത് കൊളാടി അവതരിപ്പിച്ചു. സാമ്പത്തികവും, സാംസ്‌കാരികവുമായ അധിനിവേശമാണ് ഫാസിസത്തിന്റെ ലക്ഷണം. ഇതുരണ്ടും ഭരണാധികാരികൾ ഒന്നിച്ചുകൊണ്ടുപോകുമ്പോൾ രാഷ്ട്രം മനുഷ്യവിരുദ്ധതയുടെ ഭാഗമാകുന്നു. ഹിന്ദു രാഷ്ട്രമെന്നാൽ സവർണ ബ്രാഹ്മണ മതമാണ്. എഴുന്നേൽക്കൂ, ജാഗരൂകരാകൂ, വിജയം വരെ പ്രവർത്തിക്കൂ എന്ന വിവേകാനന്ദ വാക്യം ഇപ്പോൾ ഓർക്കേണ്ടതുണ്ട്. ഫാസിസത്തിനെ പ്രതിരോധിക്കാൻ ഇതുതന്നെയാണ് വഴിയെന്ന് അദ്ദേഹം പറഞ്ഞു. 'മാനവികത, ചൊല്ലും ചെയ്തിയും' എന്ന വിഷയം ആലങ്കോട് ലീലാകൃഷ്ണൻ അവതരിപ്പിച്ചു. 'പൗരത്വ ഭേദഗതി, അറിവും തിരിച്ചറിവും' എന്ന വിഷയം അഡ്വ. കെ.ടി.ബാലകൃഷ്ണൻ അവതരിപ്പിച്ചു. വൈകീട്ട് പൊതുയോഗവും, ഫിറോസ് ബാബുവിന്റെ നേതൃത്വത്തിൽ ദേശഭക്തി ഗാനാലാപനവുമുണ്ടായി. 

Latest News