റിയാദ് - ഒമ്പതു വ്യാപാര മേഖലകളിൽ കൂടി സൗദിവൽക്കരണം നടപ്പാക്കുന്നതിന് തീരുമാനം. മാനവ ശേഷി, സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹിയാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം പ്രഖ്യാപിച്ചത്. അടുത്ത ഓഗസ്റ്റ് 20 മുതൽ ഈ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ 70 ശതമാനം സൗദിവൽക്കരണം നടപ്പാക്കൽ നിർബന്ധമാണ്.
കാപ്പി-ചായ-തേൻ-പഞ്ചസാര-മസാലകൾ, മിനറൽ വാട്ടർ-ശീതള പാനീയങ്ങൾ, പഴവർഗങ്ങൾ-പച്ചക്കറികൾ-ഈത്തപ്പഴം, ധാന്യങ്ങൾ-വിത്തുകൾ-പൂക്കൾ-ചെടികൾ-കാർഷിക വസ്തുക്കൾ, പുസ്തകങ്ങൾ-സ്റ്റേഷനറി-വിദ്യാർഥി സേവനങ്ങൾ, ഉപഹാരങ്ങൾ-ആഡംബര വസ്തുക്കൾ-കരകൗശല വസ്തുക്കൾ-പുരാവസ്തുക്കൾ, കളിക്കോപ്പുകൾ-ഗെയിമുകൾ, ഇറച്ചി-മത്സ്യം-മുട്ട-പാലുൽപന്നങ്ങൾ-വെജിറ്റബിൾ ഓയിലുകൾ, ശുചീകരണ വസ്തുക്കൾ-പ്ലാസ്റ്റിക് ഉൽപന്നങ്ങൾ-സോപ്പ് എന്നിവ വിൽക്കുന്ന മൊത്ത, ചില്ലറ വ്യാപാര സ്ഥാപനങ്ങളിലാണ് ഓഗസ്റ്റ് 20 മുതൽ 70 ശതമാനം സൗദിവൽക്കരണം നടപ്പാക്കേണ്ടത്.
തൊഴിൽ വിപണിയിൽ സ്വദേശികളുടെ പങ്കാളിത്തം ഉയർത്തുന്നതിനും വിവിധ പ്രവിശ്യകളിൽ സൗദികൾക്കു കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമാണ് പുതുതായി ഒമ്പതു മേഖലകളിലേക്കു കൂടി സൗദിവൽക്കരണം വ്യാപിപ്പിക്കുന്നത്. ബന്ധപ്പെട്ട സ്ഥാപനങ്ങൾ സൗദിവൽക്കരണം പാലിക്കുന്നത് ഉറപ്പു വരുത്തുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മാനവ ശേഷി, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു.
ഫാർമസി മേഖലയിൽ രണ്ടു ഘട്ടങ്ങളായി 50 ശതമാനം സൗദിവൽക്കരണം നടപ്പാക്കുന്നതിനുള്ള തീരുമാനം കഴിഞ്ഞ മാസാദ്യം മാനവ ശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. ജൂലൈ 22 ന് നിലവിൽ വരുന്ന ആദ്യ ഘട്ടത്തിൽ 20 ശതമാനവും 2021 ജൂലൈ 11 ന് നിലവിൽ വരുന്ന രണ്ടാം ഘട്ടത്തിൽ 30 ശതമാനവും സൗദിവൽക്കരണമാണ് നടപ്പാക്കേണ്ടത്. അഞ്ചും അതിൽ കൂടുതലും വിദേശ ഫാർമസിസ്റ്റുകൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾക്കാണ് സൗദിവൽക്കരണ തീരുമാനം ബാധകം. കമ്പനികൾ, മെഡിക്കൽ സെന്ററുകൾ, ക്ലിനിക്കുകൾ, ആശുപത്രികൾ, ഫാർമസികൾ തുടങ്ങി ഫാർമസിസ്റ്റുകളെ ജോലിക്കു വെക്കുന്ന മുഴുവൻ സ്ഥാപനങ്ങൾക്കും പുതിയ തീരുമാനം ബാധകമാണ്.