കൊച്ചി - നിർമാതാക്കളുമായി നാളുകളായി നിലനിന്നിരുന്ന തർക്കത്തിന് വിരാമമായതോടെ നടൻ ഷെയ്ൻ നിഗം ഷൂട്ടിംഗ് തിരക്കിലേക്ക്. നഷ്ടപരിഹാരം നൽകാൻ ഷെയ്ൻ തയാറായതോടെയാണ് മൂന്ന് മാസം നീണ്ട തർക്കങ്ങൾക്ക് പരിഹാരമായത്.
നേരത്തെ ചിത്രീകരണം പാതിവഴിയിൽ മുടങ്ങിയ വെയിൽ സിനിമയുടെ ചിത്രീകരണം വ്യാഴാഴ്ച പുനരാരംഭിക്കും. താര സംഘടന അമ്മയുടേയും ഫെഫ്കയുടേയും ഇടപെടലാണ് പ്രശ്‌ന പരിഹാരത്തിന് വഴിയൊരുക്കിയത്. അവസാന വട്ട ചർച്ചയിൽ സംഘടനാ ഭാരവാഹികളായ ഷെയ്ർയ ആന്റോ ജോസഫ്, ഇടവേള ബാബു, സംവിധായകൻ ബി.ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു. ഷെയ്ൻ നിഗത്തേയും ചിത്രീകരണം മുടങ്ങിയ വെയിൽ സിനിമയുടെ സംവിധായകൻ ശരത്തിനേയും കുർബാനിയുടെ സംവിധായകൻ വി.ജിയോയെയും ചർച്ചയിലേക്ക് വിളിച്ചിരുന്നു.
രണ്ട് സിനിമകൾക്കുമായി നഷ്ടപരിഹാരം നൽകാമെന്ന തീരുമാനം ഷെയ്ൻ നിഗവും അമ്മ ഭാരവാഹികളും അറിയിച്ചു. വെയിൽ സിനിമയുടെ ചിത്രീകരണം അടുത്ത വ്യാഴാഴ്ച മുതൽ ഇരിങ്ങാലക്കുടയിൽ പുനരാരംഭിക്കും. 31 ന് ഖുർബാനിക്കൊപ്പം ചേരും.
വെയിൽ സിനിമയുടെ നിർമാതാവുമായി ഉണ്ടായ തർക്കത്തെ തുടർന്ന് സിനിമയുടെ ചിത്രീകരണം പാതി വഴിയിൽ മുടങ്ങിയതോടെ കഴിഞ്ഞ നവംബർ 28 നായിരുന്നു ഷെയ്ൻ നിഗവുമായി ഇനി സഹകരിക്കേണ്ടതില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തീരുമാനിച്ചത്. തുടർന്ന് ഒത്തു തീർപ്പു ചർച്ചകൾ നടന്നിരുന്നുവെങ്കിലും ധാരണയിൽ എത്തിയിരുന്നില്ല. കഴിഞ്ഞ ദിവസം കൊച്ചിയിൽ ചേർന്ന താര സംഘടനയുടെ എക്‌സിക്യൂട്ടിവ് യോഗത്തിലാണ് തർക്കം അവസാനിപ്പിക്കാനുള്ള ഏകദേശ ധാരണയിൽ എത്തിയത്. ഷെയിൻ നിഗത്തിനെയും യോഗത്തിലേക്ക് വിളിച്ചുവരിത്തിയാണ് തർക്കപരിഹാര നിർദേശങ്ങൾ ചർച്ച ചെയ്തത്. നഷ്ടപരിഹാരം നൽകുവാൻ തയാറാണെന്ന് ഷെയിൻ താരങ്ങളുടെ സംഘടനയെ അറിയിച്ചു.
ഈ നിർദേശം സംഘടന നിർമാതാക്കളെ അറിയിക്കുകയും അവർ അംഗീകരിക്കുകയും ചെയ്തതോടെയാണ് പ്രശ്‌നപരിഹാരത്തിന് വഴി തുറന്നത്. ഏപ്രിൽ 15 മുതൽ പുതിയ സിനിമകളിൽ അഭിനയിച്ച് തുടങ്ങാനും സംഘടന അനുമതി നൽകി. ചിത്രീകരണം പൂർത്തിയാക്കാനുള്ള വെയിലിലായിരിക്കും ആദ്യം അഭിനയിക്കുക. അതിന് ശേഷം ഖുർബാനിയുടെ സെറ്റിലെത്തും.
ഈ മാസം 31 നായിരിക്കും ഖുർബാനിയുടെ ചിത്രീകരണത്തിനായി എത്തുകയെന്ന് പ്രൊഡ്യുസേഴ്‌സ് അസോസിയേഷൻ അറിയിച്ചു. ഇതോടെ നാല് മാസമായി നീണ്ട തർക്കങ്ങൾക്കും പ്രതിസന്ധികൾക്കുമാണ് പരിഹാരമായത്.