റിയാദ് - രാജ്യത്തിനകത്തെ റോഡുകളിൽ സഞ്ചരിക്കുന്ന ബൈക്കുകളുടെ പദവി ശരിയാക്കുന്നതിന് ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരൻ നിർദേശം നൽകി. പദവി ശരിയാക്കാത്ത ബൈക്കുകൾ സുരക്ഷാ മേഖലയിലടക്കം ഭീഷണി സൃഷ്ടിക്കുന്ന കാര്യം കണക്കിലെടുത്താണിത്. ബൈക്കുകളുടെ പദവി ശരിയാക്കുന്നതിന് ഒരു വർഷത്തെ സാവകാശം നൽകിയിട്ടുണ്ട്. ഇതിനകം ബൈക്കുകൾ ട്രാഫിക് സംവിധാനത്തിൽ രജിസ്റ്റർ ചെയ്യുകയോ സൗദിയിൽ നിന്നു പുറത്തേക്ക് കൊണ്ടുപോവുകയോ വേണം.
വിദേശത്തു നിന്ന് ഇറക്കുമതി ചെയ്തതും ഉടമസ്ഥാവകാശവും സ്ഥിരീകരിക്കുന്ന സൗദി കസ്റ്റംസിൽ നിന്നുള്ള രേഖകൾ സഹിതമാണ് ട്രാഫിക് സംവിധാനത്തിൽ ബൈക്കുകൾ രജിസ്റ്റർ ചെയ്യുന്നതിന് സമീപിക്കേണ്ടത്. നിശ്ചിത സമയത്തിനകം പദവി ശരിയാക്കി നമ്പർ പ്ലേറ്റുകൾ സ്ഥാപിക്കാത്ത ബൈക്കുകൾ സുരക്ഷാ വകുപ്പുകൾ കസ്റ്റഡിയിലെടുത്ത് ട്രാഫിക് നിയമത്തിലെ 79 ാം വകുപ്പ് പ്രകാരമുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കും. നിയമ ലംഘനങ്ങൾക്കും അപകടങ്ങളുണ്ടാക്കിയതിനും കസ്റ്റഡിയിലെടുക്കുന്ന വാഹനങ്ങൾ പിഴകളും ഫീസുകളും ഒടുക്കി 90 ദിവസത്തിനകം വിട്ടെടുക്കുന്നതിന് ഉടമകൾ സമീപിക്കാത്ത പക്ഷം പൊതുലേലത്തിൽ വിൽപന നടത്തി പിഴകളും ഫീസുകളും വസൂലാക്കുന്നതിന് ട്രാഫിക് നിയമത്തിലെ 79 ാം വകുപ്പ് അനുശാസിക്കുന്നു.