മലപ്പുറം- ഗെയ്ൽ വാതക പൈപ്പ്ലൈൻ സ്ഥാപിക്കുന്നതിനെതിരായ സമരത്തിന് പിന്നിൽ തീവ്രവാദികളാണെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ. വിജയരാഘവൻ. മലപ്പുറം ജില്ലയിൽ നിന്ന് വിജയിച്ച എസ്.എഫ്.ഐ യൂണിയൻ ഭാരവാഹികൾക്ക് നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുസ്ലിം തീവ്രവാദ സംഘടനകളാണ് സമരത്തിന് പിന്നിലുള്ളത്. ഇടതുപക്ഷ സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ തടയാനാണ് ഇവർ സമരം ചെയ്യുന്നത്. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് തീവ്രവാദികളെ സഹായിക്കുന്ന നിലപാടാണ് മുസ്ലിം ലീഗ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് വർഗീയ പ്രസ്ഥാനങ്ങളുടെ കൂടെയാണ് മുസ്ലിംലീഗ് ഉള്ളത്. ജില്ല വിഭജിക്കണമെന്നടക്കമുള്ള ആപത്കരമായ രാഷ്ട്രീയ നിലപാടുകളെ ലീഗ് പ്രോത്സാഹിപ്പിക്കുന്നു. പുരോഗമനത്തിന്റെ നാമ്പ് നുള്ളിക്കളയുക എന്നതാണ് ലീഗ് ലക്ഷ്യമിടുന്നത്. കാമ്പസുകളിൽ മുസ്ലിം തീവ്രവാദത്തിന് വളരാനുള്ള മണ്ണൊരുക്കുകയാണ് ലീഗും എം.എസ്.എഫും ചെയ്യുന്നത്. കോഴിക്കോട് സർവകലാശാലയെ ലീഗ് ഓഫീസാക്കി മാറ്റാനുള്ള ശ്രമവും നടത്തിയിരുന്നു. ഇ.എം.എസ് മുഖ്യമന്ത്രിയായ സമയത്ത് വൈസ്ചാൻസലറെ അങ്ങോട്ടു പോയി കണ്ടിരുന്നു. എന്നാൽ ഇന്ന് ചുമതലയേൽക്കുന്നതിന് മുമ്പ് പാണക്കാട് തങ്ങളുടെ അനുഗ്രഹം വാങ്ങുന്ന സ്ഥിതിയിൽ എത്തിച്ചേർന്നെന്നും അദ്ദേഹം പറഞ്ഞു.