തിരുവനന്തപുരം- കേരളത്തെ പിടിച്ചുലച്ച കേസുകളിലെ അന്വേഷണരീതികൾ ഇനി നേരിൽ കാണാം. അന്വേഷണ രീതികളുടെ ചുരുളഴിക്കുന്ന കുറ്റാന്വേഷണ വെബ് സീരീസുമായി കേരള പോലീസ് എത്തുന്നു.
പോലീസിന്റെ യു ട്യൂബ് ചാനൽ വഴി എല്ലാ ചൊവ്വാഴ്ചയും വൈകിട്ട് ആറിനാണ് ക്രൈം ത്രില്ലർ വെബ് സീരിസ്. തിരക്കഥ, സംവിധാനം, ക്യാമറ, അഭിനയം എല്ലാം പോലീസ് തന്നെ.
കൂടത്തായി കൊലപാതക പരമ്പരയുടെ ചുരുളഴിച്ചതാണ് ആദ്യ രണ്ട് എപ്പിസോഡുകളിൽ. കൂടത്തായി കേസ് തെളിയിച്ച അന്വേഷണ ഉദ്യോഗസ്ഥൻ കെ.ജി സൈമണും സംഘവുമാണ് അഭിനേതാക്കൾ. മുൻകാലങ്ങളിൽ പോലീസ് തെളിയിച്ച കേസുകളുടെ പരമ്പരകളും തുടർന്നുണ്ടാകും.
തിരുവനന്തപുരത്തെ കേരള പോലീസ് മീഡിയ സെന്റർ ഡപ്യൂട്ടി ഡയറക്ടർ വി.പി. പ്രമോദ് കുമാറിന്റെ മേൽനോട്ടത്തിലാണ് വെബ് സീരിസ് തയാറാക്കുന്നത്. രാജ്യത്ത് ആദ്യമായാണു പോലീസ് യുട്യൂബ് ചാനലും വെബ് സീരിസും ആരംഭിക്കുന്നത്. ലഹരി, ഗതാഗത നിയമ ലംഘനം, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമം എന്നിവ തടയുന്നതിനുള്ള ബോധവത്ക്കരണ പരമ്പരകളും ആരംഭിക്കും.