Sorry, you need to enable JavaScript to visit this website.

ഒളിച്ചോടുന്ന അമ്മമാർ

സോഷ്യൽ മീഡിയയിലെ അമിതമായ ഇടപെടലുകളും പരിധികളില്ലാത്ത ബന്ധങ്ങളും സ്വന്തം ജീവിതത്തെയും കുടുംബത്തെയും തകർക്കുന്ന രീതിയിൽ വളരാൻ അനുവദിക്കരുത്. കുടുംബമെന്നത് കുഞ്ഞുണ്ണി മാഷ് പറഞ്ഞതു പോലെ കൂടുമ്പോൾ ഇമ്പമുള്ളതാണ്. വീട്ടുകാരിലേക്കുള്ള കൂടലുകൾക്ക് പകരം അകലങ്ങളിലെ അദൃശ്യ സുഹൃത്തിലേക്ക് കൂടുമ്പോൾ കാര്യങ്ങൾ ഇമ്പമുള്ളതാകില്ല.


സോഷ്യൽ മീഡിയയുടെ സ്വാധീനം കുടുംബ ബന്ധങ്ങളെ പോലും തകർക്കാൻ തുടങ്ങിയപ്പോഴാണ് മലപ്പുറം പോലീസ് ഒരു വീഡിയോയുമായി രംഗത്തിറങ്ങിയിട്ടുള്ളത്. സ്വന്തം മക്കളെ പോലും ഉപേക്ഷിച്ച് കാമുകനോടൊപ്പം ഒളിച്ചോടുന്ന അമ്മമാരുടെ എണ്ണം വർധിക്കുമ്പോൾ വീഡിയോയിലൂടെ ഒരു പ്രതിരോധം. സോഷ്യൽ മീഡിയയിലെ വിപത്തിനെ ആ മാധ്യമത്തിലൂടെ തന്നെ തടയിടാനുള്ള ശ്രമം. 


അമ്മമാരുടെ ഒളിച്ചോട്ടം പോലീസിന്റെ മുൻഗണനയിലേക്ക് വരണമെങ്കിൽ അതൊരു സാമൂഹ്യ വിപത്തായി വളർന്നിട്ടുണ്ടെന്ന് വേണം മനസ്സിലാക്കാൻ. അടുത്ത കാലത്ത് മലപ്പുറം-പാലക്കാട് അതിർത്തിയിലുള്ള ചാലിശ്ശേരി പോലീസ് സ്‌റ്റേഷനിലെ എസ്.ഐയുടെ ഒരു വീഡിയോ സന്ദേശം സോഷ്യൽ മീഡിയയിൽ പ്രചാരം നേടിയിരുന്നു. ഭർത്താവിനെയും കുട്ടിയെയും ഉപേക്ഷിച്ച് കാമുകനോടൊപ്പം ഒളിച്ചോടിയ യുവതിക്കെതിരെ കേസെടുത്തതിനെ കുറിച്ചാണ് എസ്.ഐ സന്ദേശത്തിൽ പറഞ്ഞത്. പ്രണയം കുറ്റമല്ലെന്നും എന്നാൽ കുഞ്ഞിനെ ഉപേക്ഷിക്കുന്നതു കുറ്റമാണെന്നും ആ സന്ദേശത്തിൽ പറയുന്നു. സ്വന്തം മക്കളെ ഉപേക്ഷിക്കാൻ തയാറാകുന്ന അമ്മമാർക്കെതിരെ കേസെടുക്കാനും വകുപ്പുണ്ടെന്നാണ് ആ സന്ദേശം സ്ത്രീകളെ ഓർമിപ്പിച്ചത്. 


മലപ്പുറം ജില്ലാ പോലീസ് തയാറാക്കിയ പുതിയ വീഡിയോയും ഈ സാമൂഹ്യ വിപത്തിനെതിരെയാണ് പറയുന്നത്. മിന്നുന്നതെല്ലാം പൊന്നല്ല എന്ന പേരിലുള്ള അനിമേഷൻ വീഡിയോയിൽ സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെടുന്ന അദൃശ്യ സുഹൃത്തിന്റെ കരുതലിൽ വീടു വിട്ടിറങ്ങുന്നവർക്കുള്ള മുന്നറിയിപ്പുകളാണുള്ളത്. വീട്ടിലെ ചെറിയ പ്രശ്‌നങ്ങളുടെ പേരിൽ നേരിൽ കണ്ടിട്ടു പോലുമില്ലാത്തയാളുടെ കൂടെ വീടു വിട്ടിറങ്ങുന്നവർ കൂടുതൽ ചിന്തിക്കേണ്ടതുണ്ടെന്നും വീട്ടിൽ പ്രശ്‌നങ്ങളുണ്ടെങ്കിൽ പോലീസിൽ വിവരമറിയിക്കുകയാണ് വേണ്ടതെന്നും വീഡിയോയിൽ പറയുന്നു. കൗൺസലിംഗ് ഉൾപ്പെടെയുള്ള പ്രതിവിധികൾക്ക് പോലീസിൽ സംവിധാനമുണ്ടെന്നും അറിയിക്കുന്നു.


കാമുകനൊപ്പം പോകാൻ സ്വന്തം കുഞ്ഞിനെ കടലിലെറിഞ്ഞ കണ്ണൂരിലെ യുവതിയും കുട്ടികളെ വിട്ട് ബസ് ജീവനക്കാരനായ യുവാവിനൊപ്പം പോയ നിലമ്പൂരിലെ യുവതിയുമൊക്കെ ഒളിച്ചോടുന്ന അമ്മമാരുടെ അറിയപ്പെടുന്ന പ്രതിനിധികൾ മാത്രം. കേരളത്തിലങ്ങോളമിങ്ങോളം പുറത്തറിഞ്ഞും അറിയാതെയുമുള്ള ഇത്തരം ഒളിച്ചോട്ടങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നു.
അമ്മമാരുടെ ഒളിച്ചോട്ടത്തിന് സോഷ്യൽ മീഡിയയെ മാത്രം പഴിക്കുന്നതിന് മുമ്പ് കുടുംബ ബന്ധങ്ങളിലുണ്ടായിക്കൊണ്ടിരിക്കുന്ന വിള്ളലുകളും ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. കുടുംബമെന്ന സംവിധാനത്തോടുള്ള സ്‌നേഹവും കരുതലും കുറയുന്നുവെന്നതാണ് അടിസ്ഥാന പ്രശ്‌നം. മനഃശാസ്ത്രപരമായി പരിശോധിക്കേണ്ട പ്രശ്‌നം കൂടിയാണിത്. ജീവിതത്തിന്റെ ഒരോ ഘട്ടങ്ങളിലുമുണ്ടാകുന്ന മാനസികമായ മാറ്റങ്ങളിൽ കുടുംബ ബന്ധങ്ങൾ ശിഥിലമാകാതിരിക്കേണ്ടതുണ്ട്. മക്കളോടുള്ള കരുതലാണ് പ്രായം കൂടുമ്പോൾ വ്യക്തികളെ  കുടുംബത്തോട് കൂടുതൽ ചേർത്തു നിർത്തുന്നത്. ആ മക്കളെ തന്നെ വേണ്ടെന്നു വെക്കുന്നത് കുടുംബ വ്യവസ്ഥയുടെ തന്നെ തകർച്ചയായി മാറുന്നു. 
സോഷ്യൽ മീഡിയയിലൂടെയുള്ള പ്രണയങ്ങൾ പലതും ദുരന്തങ്ങളായി മാറുന്നതും നാം കാണുന്നു. വ്യാജ ഡീപ്പികളിലെ സുന്ദരൻമാരെയും സുന്ദരിമാരെയും കണ്ട് ഇറങ്ങിത്തിരിക്കുന്നവർ അവരെ നേരിൽ കാണുമ്പോൾ അന്ധാളിച്ച് കണ്ണു തള്ളിപ്പോയ കഥകളും അടുത്ത വണ്ടിക്ക് തിരിച്ചുപോരുന്നതുമെല്ലാം ഏറെ കേൾക്കുന്നതാണ്. മറ്റുള്ളവർക്ക് ചിരിക്കുള്ള വക മാത്രമായി ഈ പ്രണയങ്ങൾ മാറുന്നു.


കാമുകനോടൊപ്പം ഒളിച്ചോടുന്ന അമ്മമാർ, അവരുടെ കുഞ്ഞുങ്ങൾ സമൂഹത്തിൽ എങ്ങനെ ജീവിക്കും എന്നു കൂടി ഓർക്കേണ്ടതുണ്ട്. ആ കുഞ്ഞുങ്ങളോടു സഹതാപം കാണിക്കുന്നതിനേക്കാൾ പരിഹസിക്കാനുള്ള മനസ്സാണ് പൊതുസമൂഹത്തിന് ഇന്നുമുള്ളത്.
സോഷ്യൽ മീഡിയിലെ അമിതമായ ഇടപെടലുകളും പരിധികളില്ലാത്ത ബന്ധങ്ങളും സ്വന്തം ജീവിതത്തെയും കുടുംബത്തെയും തകർക്കുന്ന രീതിയിൽ വളരാൻ അനുവദിക്കരുത്. കുടുംബമെന്നതു കുഞ്ഞുണ്ണി മാഷ് പറഞ്ഞതു പോലെ കൂടുമ്പോൾ ഇമ്പമുള്ളതാണ്. വീട്ടുകാരിലേക്കുള്ള കൂടലുകൾക്ക് പകരം അകലങ്ങളിലെ അദൃശ്യ സുഹൃത്തിലേക്ക് കൂടുമ്പോൾ കാര്യങ്ങൾ ഇമ്പമുള്ളതാകില്ല.

Latest News