മക്ക- വിശുദ്ധ ഹറമുകളിലെത്തുന്നവരുടെ സുരക്ഷ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി കൊറോണ വൈറസിനെതിരായ മുന്‍കരുതല്‍ നടപടികള്‍ ഊര്‍ജിതമാക്കി. മക്കയിലും മദീനയിലും പഴുതുകളടച്ച ജാഗ്രതയാണ് തുടുരുന്നത്. ഇരു ഹറമുകളിലേയും കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ജനറല്‍ പ്രസിഡന്‍സി മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാന്‍ അല്‍ സുദൈസ് നേരിട്ട് പരിശോധന നടത്തി ഫലപ്രദമായ സുരക്ഷാ നടപടികള്‍ ഉറപ്പാക്കി.
കൊറോണ വൈറസിനെതിരായ പ്രതിരോധം ശക്തമാക്കുന്നതിനു പുറമെ തീര്‍ഥാടകരുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം ഉറപ്പുവരുത്തേണ്ടതും പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു.
അണുവിമുക്തമാക്കുന്നതിന് അന്തരീക്ഷത്തിലും നിലത്തും കാര്‍പറ്റുകളിലും യന്ത്രങ്ങള്‍ ഉപയോഗിച്ച് സ്റ്റെറിലൈസര്‍ തളിക്കുന്നുണ്ട്. പ്രവേശന കവാടങ്ങളിലും എല്ലാ നമസ്‌കാര ഹാളുകളിലും കൈകളില്‍ പുരട്ടുന്നതിന് സ്റ്റെറിലൈസര്‍ ലഭ്യമാക്കി. കൂടുതല്‍ തവണ കാര്‍പറ്റുകള്‍ മാറ്റുന്നതിനും കാര്‍പറ്റുകള്‍ കഴുകുമ്പോള്‍ അണുനശീകരണി ഉപയോഗിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രധാന കാര്‍പറ്റുകള്‍ കഴുകുന്നത് ആറായി ഉയര്‍ത്തിയതായി സാങ്കേതിക, സേവന കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഡെപ്യൂട്ടി പ്രസിഡന്റ് മുഹമ്മദ് ബിന്‍ മുസ്ലി അല്‍ ജാബ് രി പറഞ്ഞു.
ആവശ്യമുള്ളപ്പോള്‍ അടിയന്തര വാഷറുകള്‍ നല്‍കുക, സംസം ജല വിതരണം അണുവിമുക്തമാക്കുക, ഉപയോഗിച്ച പാത്രങ്ങളും കപ്പുകളും വേഗത്തില്‍ മാറ്റുക തുടങ്ങിയ നടപടികളും സ്വീകരിക്കുന്നു.
കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ഉംറ വിസയും പ്രവേശനവും താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കയാണ്. മീദന സന്ദര്‍ശിക്കുന്നതിനും വിസ അനുവദിക്കുന്നില്ല. കൊറോണ അപകടകരമാം പടര്‍ന്ന രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് ടൂറിസ്റ്റ് വിസയും നിര്‍ത്തിയിട്ടുണ്ട്. ജി.സി.സി പൗരന്മാര്‍ മക്കയും മദീനയും സന്ദര്‍ശിക്കുന്നതും താല്‍ക്കാലികമായി നിര്‍ത്തി.