മലപ്പുറം - മൊബൈൽ ഫോണും ഇന്റർനെറ്റും കാരണം വഴി തെറ്റുന്നവരെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി കേരള പോലീസ് തയാറാക്കിയ നർമത്തിൽ ചാലിച്ച വീഡിയോ വൈറലാകുന്നു. കേരള പോലീസിന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച വീഡിയോ മണിക്കൂറുകൾക്കകം തന്നെ ലക്ഷക്കണക്കിനാളുകളാണ് കണ്ടത്. മലപ്പുറം ട്രാഫിക് എൻഫോഴ്‌സ് യൂനിറ്റിലെ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ഫിലിപ്പ് മമ്പാടും പൊന്നാനി സ്വദേശിയും എടവണ്ണ സ്റ്റേഷനിലെ സീനിയർ പോലീസ് ഓഫീസറുമായ കെ.ഹരിനാരായണനും രസകരമായ ശബ്ദസന്ദേശം കൊണ്ട് മലയാളികളെ പൊട്ടിച്ചിരിപ്പിക്കുന്ന ജുനൈസ് പാണാളിയും ഉസ്മാൻ ഉമറിന്റെ ആനിമേഷനും കൂടി ചേർന്നപ്പോൾ തൊടുന്നതെല്ലാം പൊന്നാക്കുന്ന നാൽവർ സംഘത്തിന്റെ ഭാവനയിൽ വിരിഞ്ഞ 'മിന്നുന്നതെല്ലാം പൊന്നല്ല' എന്ന വീഡിയോയും സൂപ്പർഹിറ്റാവുകയായിരുന്നു.
മലപ്പുറം ജില്ലാ പോലീസ് മേധാവി യു.അബ്ദുൽ കരീമിന്റെ മേൽനോട്ടത്തിൽ തയാറാക്കിയ ബോധവൽക്കരണ വീഡിയോ, വഴി തെറ്റി സഞ്ചരിക്കുന്ന പലർക്കും ചിരിക്കാനും ചിന്തിക്കാനുമുള്ള വക സമ്മാനിക്കുകയാണ്.
കേരള പോലീസിനുവേണ്ടി ട്രാഫിക് ബോധവൽക്കണ വീഡിയോ തയാറാക്കി ജനശ്രദ്ധ പിടിച്ചു പറ്റിയ നാൽവർ സംഘത്തിന്റെ പുതിയ വീഡിയോയും ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. മലപ്പുറം ജില്ലാ പോലീസാണ് 'മിന്നുതെല്ലാം പൊന്നല്ല' എന്ന പേരിൽ പൊതുസമഹത്തെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി വീഡിയോ പുറത്തിറക്കിയത്. വീഡിയോയിൽ കാലഘട്ടത്തിന്റെ മാറ്റം മൂലം സമൂഹത്തിലും കുടുംബങ്ങളിലും ഉണ്ടാക്കിയ ദൂഷ്യഫലങ്ങളെയാണ് ഫിലിപ്പ് മമ്പാടും ഹരിനാരായണനും പാണാളി ജുനൈസും ഉമറും ചേർന്നു നർമത്തിൽ ചാലിച്ച് മിന്നുന്നതെല്ലാം പൊന്നല്ല എന്ന വീഡിയോയിലൂടെ വരച്ചു കാട്ടുന്നത്. വാട്‌സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്ട്രഗ്രാം എന്നിവയിലൂടെ വഴി തെറ്റുന്നവരിൽ സ്‌കൂൾ കുട്ടികൾ മുതൽ 50 കഴിഞ്ഞ വീട്ടമ്മമാർ വരെയുണ്ടെന്ന തിരിച്ചറിവ് വീഡിയോ സമൂഹത്തിനു നൽകുന്നുണ്ട്.
കഴിഞ്ഞ വർഷം വീട് വിട്ടുപോയവരുടെ ഞെട്ടിക്കുന്ന കണക്കുകളും പോലീസ് വീഡിയോ വഴി പുറത്തു വിട്ടിട്ടുണ്ട്. 14,491 ആളുകളാണ് കഴിഞ്ഞ വർഷം സംസ്ഥാനത്ത് വീട് വിട്ടിറങ്ങിയത്. ഇതിൽ 8923 സ്ത്രീകളും 3228 പുരുഷൻമാരും 2340 കുട്ടികളും ആണെന്നും കൃത്യമായി പോലീസിനു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പലരെയും പോലീസ് രക്ഷപ്പെടുത്തി ജീവിതത്തിലേക്കു തിരിച്ചുകൊണ്ടു വന്നതായും വീഡിയോയിൽ പറയുന്നുണ്ട്. വഴി തെറ്റുന്ന സമൂഹത്തിനെ ബോധവൽക്കരിക്കുന്നതിന് പോലീസ് തന്നെ കണ്ടെത്തിയ മാർഗത്തെ ഇതിനോടകം ഒരു പരിധിവരെ ജനങ്ങളും ഏറ്റെടുത്ത് കഴിഞ്ഞു.