Sorry, you need to enable JavaScript to visit this website.

കരിപ്പൂരിൽ വലിയ വിമാനങ്ങൾക്ക് അനുമതി; സർവീസ് ഉടൻ ആരംഭിക്കും

കോഴിക്കോട്- കരിപ്പൂർ വിമാനതാവളത്തിൽ വലിയ വിമാനങ്ങൾക്ക് അനുമതി നൽകാമെന്ന് സിവിൽ ഏവിയേഷൻ വകുപ്പ്. കരിപ്പൂരിൽ പരിശോധന നടത്തിയ സംഘം ഇത് സംബന്ധിച്ച റിപ്പോർട്ട് കേന്ദ്രത്തിന് കൈമാറി. കരിപ്പൂർ എയർപോർട്ട് ഡയറക്ടർ ജെ.ടി രാധാകൃഷ്ണയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ സർവീസ് നടത്തിയിരുന്ന വലിയ വിമാനങ്ങൾക്ക് തുടർന്നും സർവീസ് നടത്താൻ നിലവിലുള്ള റൺവേ പര്യാപ്തമാണെന്നുള്ള റിപ്പോർട്ടാണ് കേന്ദ്രത്തിന് കൈമാറിയത്. ഇതോടെ ഏതാനും മാസങ്ങൾക്കകം വലിയ വിമാനങ്ങൾ കരിപ്പൂരിൽനിന്ന് സർവീസ് നടത്തും.  നിലവിലുള്ള 2680 മീറ്ററിൽ മുമ്പ് സർവ്വീസ് നടത്തി പോന്ന കോഡ് ഇയിൽ പെട്ട വിമാനങ്ങൾക്ക് സർവീസ് നടത്താൻ കരിപ്പൂർ പര്യാപ്തമാണെന്നാണ് പരിശോധന സംഘത്തിന്റെ കണ്ടെത്തൽ. റൺവേയിൽ ചില്ലറ ജോലികൾ കൂടി ബാക്കിയുണ്ട്. ഇവ കൂടി പൂർത്തിയാൽ വലിയ വിമാനങ്ങളുടെ സർവീസ് തുടങ്ങും. നിലവിൽ റൺവെയിലുള്ള മിനുസം പ്രത്യേകസംഘം നാളെ പരിശോധിക്കും. 


Read More: നാം ഏതു നാട്ടുകാരാണ്? ഒരു സൗദി പ്രവാസിയുടെ ധർമ്മസങ്കടം​


ഇന്ത്യൻ വ്യോമയാന നിയമം നിഷ്‌കർഷിച്ച മിനുസത്തിനനുസരിച്ച് റൺവേയുടെ മിനുസം പാകപ്പെടുത്തിയിട്ടുണ്ട്. നാളെ നടക്കാനിരിക്കുന്ന പരിശോധയുടെ ഫലമനുസരിച്ച് മാത്രമേ ഇതിൽ കൂടുതൽ ജോലികൾ വേണോ എന്ന കാര്യം തീരുമാനിക്കൂ. റൺവെയുടെ റിസാ സോണിൽ കടൽ പൂഴി നിറച്ച് റിസ ശരിപ്പെടുത്തണം. ഈ ജോലി എത്രയും വേഗം തീർക്കുന്നതിനായി കരിപ്പൂർ എയർപോർട്ട് ഡയറക്ടറുടെ നേതൃത്വത്തിൽ പ്രവർത്തനം നടത്തിവരുന്നതായി മലബാർ ഡവലപ്‌മെന്റ് ഫോറം ചെയർമാൻ കെ.എം ബഷീർ മലയാളം ന്യൂസിനോട് പറഞ്ഞു.  


ഏതാനും മാസങ്ങൾക്ക് മുമ്പ് എയർപോർട്ട് അതോറിറ്റി ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ നൽകിയ റിപ്പോർട്ടാണ് വ്യോമയാനമന്ത്രാലയം അംഗീകരിച്ചത്. നിലവിലെ സാഹചര്യത്തിൽ കോഡ് ഇ യിൽ പെട്ട 777 / 200 ഗണത്തിലുള്ള, 365 യാത്രക്കാരെ കയറ്റാവുന്ന വിമാനങ്ങൾക്ക് സർവ്വീസ് നടത്താമെന്നാണ് ഡി.ജി.സി.എ യുടെ കണ്ടെത്തൽ. കരിപ്പൂരിൽ 2015 ഏപ്രിൽ 30ന് വരെ സർവ്വീസ് നടത്തിയ വലിയ വിമാനങ്ങളും 777 / 200 ഇനത്തിൽ പെട്ടതാണ്.
കരിപ്പൂരിൽ എമിറേറ്റ്‌സ് അടക്കമുള്ള കമ്പനികൾ സർവ്വീസ് നടത്തിയത് 777 /200 വിമാനങ്ങൾ ഉപയോഗിച്ചായിരുന്നു. 


 

Latest News