Sorry, you need to enable JavaScript to visit this website.

സൗദിയിൽ പെട്രോളിതര മേഖലയിൽ 3.3 ശതമാനം വളർച്ച

റിയാദ് - പെട്രോളിതര മേഖല കഴിഞ്ഞ വർഷം 3.31 ശതമാനം വളർച്ച കൈവരിച്ചതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകൾ വ്യക്തമാക്കുന്നു. 2014 നു ശേഷം ആദ്യമായാണ് പെട്രോളിതര മേഖല ഇത്രയും വലിയ വളർച്ച നേടുന്നത്. 2014 ൽ പെട്രോളിതര മേഖല 4.86 ശതമാനം വളർച്ച കൈവരിച്ചിരുന്നു. കഴിഞ്ഞ കൊല്ലം എണ്ണ മേഖല 3.65 ശതമാനം മാന്ദ്യം രേഖപ്പെടുത്തി. 
കഴിഞ്ഞ വർഷം സൗദി അറേബ്യ മൊത്തത്തിൽ 0.33 ശതമാനം സാമ്പത്തിക വളർച്ചയാണ് നേടിയത്. മൊത്തം ആഭ്യന്തരോൽപാദനം 2.64 ട്രില്യൺ റിയാലായി ഉയർന്നു. 2018 ൽ ഇത് 2.63 ട്രില്യൺ റിയാലായിരുന്നു. കഴിഞ്ഞ വർഷം മൊത്തം ആഭ്യന്തരോൽപാദനത്തിൽ 8.7 ബില്യൺ റിയാലിന്റെ വളർച്ചയാണുണ്ടായത്. 
തുടർച്ചയായി രണ്ടാം വർഷമാണ് സൗദി അറേബ്യ സാമ്പത്തിക വളർച്ച നേടുന്നത്. 2018 ൽ 2.43 ശതമാനം വളർച്ച നേടിയിരുന്നു. 


2017 ൽ സൗദി അറേബ്യ 0.74 ശതമാനം മാന്ദ്യം നേരിട്ടിരുന്നു. ആഗോള എണ്ണ വിപണിയിൽ വിലയിടിച്ചിൽ തടയുന്നതിന് ശ്രമിച്ച് പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കും സംഘടനക്ക് പുറത്തുള്ള സ്വതന്ത്ര ഉൽപാദകരും ചേർന്ന് രൂപീകരിച്ച ഒപെക് പ്ലസ് കരാർ പ്രകാരം സൗദി അറേബ്യ ഉൽപാദനം വെട്ടിക്കുറച്ചതാണ് കഴിഞ്ഞ വർഷം എണ്ണ മേഖലയിലെ മാന്ദ്യത്തിന് കാരണം. സ്വകാര്യ മേഖല കഴിഞ്ഞ കൊല്ലം 3.78 ശതമാനം തോതിലും പൊതുമേഖല 2.2 ശതമാനം തോതിലും വളർച്ച നേടി. 
മൊത്തം ആഭ്യന്തരോൽപാദനത്തിൽ പെട്രോളിതര മേഖലയുടെ സംഭാവന കഴിഞ്ഞ വർഷം 57.9 ശതമാനമായി ഉയർന്നു. 2018 ൽ ഇത് 56.2 ശതമാനമായിരുന്നു. എണ്ണ മേഖലയുടെ സംഭാവന 43.2 ശതമാനത്തിൽ നിന്ന് 41.5 ശതമാനമായി കുറഞ്ഞു. മൊത്തം ആഭ്യന്തരോൽപാദനത്തിൽ സ്വകാര്യ മേഖലയുടെ സംഭാവന 40.7 ശതമാനവും സർക്കാർ മേഖലയുടെ സംഭാവന 17.2 ശതമാനവുമാണ്. 


കഴിഞ്ഞ വർഷം എണ്ണ മേഖലയിലെ ആകെ ഉൽപാദനം 1096 ബില്യൺ റിയാലായി കുറഞ്ഞു. 2018 ൽ ഇത് 1138 ബില്യൺ റിയാലായിരുന്നു. കഴിഞ്ഞ വർഷം എണ്ണ മേഖലാ ഉൽപാദനത്തിൽ 41.5 ബില്യൺ റിയാലിന്റെ കുറവാണുണ്ടായത്. പെട്രോളിതര മേഖലയിലെ ആകെ ഉൽപാദനം 1527 ബില്യൺ റിയാലായി ഉയർന്നു. 2018 ൽ ഇത് 1478 ബില്യൺ റിയാലായിരുന്നു. 
കഴിഞ്ഞ വർഷം പെട്രോളിതര മേഖലയിൽ 48.9 ബില്യൺ റിയാലിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയത്. സ്വകാര്യ മേഖലയുടെ വളർച്ചയാണ് പെട്രോളിതര മേഖലയുടെ വളർച്ചക്ക് പ്രധാനമായും സഹിച്ചത്. സ്വകാര്യ മേഖലയിൽ 3.78 ശതമാനം തോതിൽ വളർച്ച രേഖപ്പെടുത്തി. സ്വകാര്യ മേഖലയിൽ ആകെ ആഭ്യന്തരോൽപാദനം 1074 ബില്യൺ റിയാലായി ഉയർന്നു. 2018 ൽ ഇത് 1035 ബില്യൺ റിയാലായിരുന്നു. 


കഴിഞ്ഞ വർഷം സ്വകാര്യ മേഖലയിലെ ആകെ ഉൽപാദനത്തിൽ 39.1 ബില്യൺ റിയാലിന്റെ വളർച്ചയുണ്ടായി. പൊതുമേഖല 2.2 ശതമാനം വളർച്ച രേഖപ്പെടുത്തി ആകെ ഉൽപാദനം 453.6 ബില്യൺ റിയാലിലെത്തി. 2018 ൽ പൊതുമേഖലയിലെ ആകെ ഉൽപാദനം 443.8 ബില്യൺ റിയാലായിരുന്നു. പൊതുമേഖലയിൽ 9.8 ബില്യൺ റിയാലിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയതെന്നും ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകൾ വ്യക്തമാക്കുന്നു.

 

Latest News