റിയാദ് - ഗതാഗത നിയമ ലംഘനങ്ങൾ കണ്ടെത്തി രജിസ്റ്റർ ചെയ്യുന്നതിനുള്ള ഓട്ടോമാറ്റിക് സംവിധാനമായ സാഹിർ വഴി നിയമ ലംഘനങ്ങൾ രേഖപ്പെടുത്തിയതായി ഡ്രൈവർമാർക്ക് എസ്.എം.എസ് വഴി വിവരം ലഭിക്കാൻ രണ്ടു മുതൽ അഞ്ചു ദിവസം വരെ എടുക്കുമെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു. സാഹിർ ക്യാമറകൾ ഗതാഗത നിയമ ലംഘനങ്ങൾ കണ്ടെത്തി ചിത്രീകരിച്ച ശേഷം നാഷണൽ ഡാറ്റാ ബേസിലെ വിവരങ്ങളിൽ നിന്ന് വാഹന ഉടമയെ തിരിച്ചറിയുന്നതിന് പ്രോസസിംഗ് സെന്ററിലേക്ക് അയക്കുകയാണ് ചെയ്യുക.
ഇതിനു ശേഷമാണ് നിയമ ലംഘനം രജിസ്റ്റർ ചെയ്യുക.
നിയമ ലംഘനം രേഖപ്പെടുത്തിയ കാര്യവും ഇതിനുള്ള പിഴയും അറിയിച്ച് നിയമ ലംഘകന്റെ ഫോണിലേക്ക് എസ്.എം.എസ് അയക്കും.
ഇതോടൊപ്പം ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവനമായ അബ്ശിറിൽ നിയമ ലംഘകന്റെ പേരിലുള്ള അക്കൗണ്ടിൽ ഗതാഗത നിയമ ലംഘനം ഉൾപ്പെടുത്തുകയും ചെയ്യും. ബാങ്ക് അക്കൗണ്ട് വഴിയാണ് ഗതാഗത നിയമ ലംഘനത്തിനുള്ള പിഴ ഒടുക്കേണ്ടത്. പിഴ തുക തവണകളായി അടയ്ക്കുന്നതിന് സാധിക്കില്ല.
ഗതാഗത നിയമ ലംഘനങ്ങൾക്ക് പിഴ ചുമത്തിയതിൽ അബ്ശിർ വഴി ഡ്രൈവർമാർക്ക് വിയോജിപ്പ് പ്രകടിപ്പിക്കുന്നതിനും അവസരമൊരുക്കിയിട്ടുണ്ട്.