കാസർകോട് -'ഉറ മറച്ചത്' എന്ന കോളേജ് മാഗസിൻ തുറന്നു നോക്കാൻ വയ്യെന്ന് വിദ്യാർത്ഥികൾ. മാഗസിനിൽ ഭൂരിഭാഗം സൃഷ്ടികളിലും സ്ത്രീവിരുദ്ധ പരാമർശവും മതനിന്ദയുമെന്നാണ് ആക്ഷേപം. പരാതിയുമായി കെ.എസ്.യു രംഗത്ത് വന്നതോടെ മാഗസിനെ കുറിച്ചുള്ള വിവാദം കൊഴുത്തു.മറയില്ലാത്ത തുറന്ന എഴുത്ത് എന്ന മുൻകൂർ ജാമ്യത്തോടെ പുറത്തിറങ്ങിയ കോളേജ് മാഗസിൻ വീട്ടിൽ കൊണ്ടുപോയി തുറന്നു നോക്കാൻ പറ്റാത്ത അവസ്ഥയാണ് എന്നാണ് വിദ്യാർത്ഥികളുടെ ആരോപണം.
മുന്നാട് പീപ്പിൾസ് കോ ഓപറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജ് ഈ വർഷം പുറത്തിറക്കിയ മാഗസിനാണ് പുറംകവറിലും അകം പേജിലും മാന്യതയുടെ എല്ലാ അതിർ വരമ്പുകളും ലംഘിക്കുന്ന ചിത്രങ്ങൾ കൊണ്ടും വാക് പ്രയോഗങ്ങൾ കൊണ്ടും വിവാദമായത്.പ്രിൻസിപ്പൽ സി.കെ. ലൂകോസ് ചിഫ് എഡിറ്ററായും അനു സെബാസ്റ്റ്യൻ സ്റ്റാഫ് എഡിറ്ററായും പുറത്തിറങ്ങിയ മാഗസിന്റെ സ്റ്റുഡന്റ് എഡിറ്റർ ആകാശ് പള്ളം ആണ്. ഇത്തവണ എസ്.എഫ്.ഐക്ക് ആണ് മാഗസിൻ എഡിറ്റർ സ്ഥാനം ലഭിച്ചത്. ഏത്തപ്പഴത്തിന്റെ മുഖചിത്രവുമായി മാഗസിൻ കൈയിൽ കിട്ടിയപ്പോൾ തന്നെ വിദ്യാർത്ഥിനികൾ പുസ്തകം മറിച്ചുനോക്കാൻ മടിച്ചതായികെ.എസ്.യു പ്രതിനിധികൾ പറയുന്നു.
അങ്ങേയറ്റം അശ്ലീലചുവയുള്ള പ്രയോഗങ്ങളും തീർത്തും അനുചിതമായ ചിത്രങ്ങളുമാണ് ഉള്ളടക്കങ്ങളിൽ ഉള്ളതെന്നും വിദ്യാർഥികൾ ആരോപിക്കുന്നു.മാഗസിന് എതിരെ ഗവർണർ, പ്രധാനമന്ത്രിയുടെ ഓഫീസിലെ എജുക്കേഷൻ വിഭാഗം പരാതി പരിഹാര സെൽ, കാസർകോട് ജില്ലാ കലക്ടർ, കണ്ണൂർ യൂനിവേഴ്സിറ്റി വൈസ് ചാൻസലർ, കാസർകോട് ജില്ല പോലീസ് മേധാവി എന്നിവർക്ക് കെ.എസ്.യു ജില്ലാ സെക്രട്ടറി മാർട്ടിൻ എബ്രഹാം പരാതി നൽകി. കോളേജ് ഡേ നടക്കവേ പ്രിൻസിപ്പലാണ് കഴിഞ്ഞ ദിവസം മാഗസിൻ പ്രകാശനം ചെയ്തത്.