കലാലയങ്ങൾ പഠിക്കാനുള്ള ഇടങ്ങളാണെന്നും അവിടെ സമരങ്ങളോ ഘെരാവോയോ പഠിപ്പുമുടക്കമോ വേണ്ടെന്നും ചർച്ചകളും ചിന്തകളും മതിയെന്നുമുള്ള ഹൈക്കോടതി വിധി കേരളത്തിലെ വിദ്യാർത്ഥി സംഘടനകൾ ക്ഷണിച്ചു വരുത്തിയതാണ്. വിദ്യാർത്ഥി രാഷ്ട്രീയത്തിനെതിരെ 20 സ്ഥാപനങ്ങൾ നൽകിയ ഹരജിയിലാണ് വിധി. മറ്റു വിദ്യാർത്ഥികളുടെ അവകാശം ഹനിക്കരുതെന്നാണ് കോടതിയുടെ നിരീക്ഷണം. നേരത്തെ തന്നെ ഹൈക്കോടതി വിദ്യാർത്ഥി രാഷ്ട്രീയം നിരോധിച്ചിരുന്നു. എന്നാൽ മിക്ക കലാലയങ്ങളിലും അതെല്ലാം നടന്നിരുന്നു. ഇപ്പോഴിതാ വിധിക്കെതിരെ സർക്കാർ അപ്പീൽ പോകുന്നുണ്ട്.
ലോകം കണ്ടിട്ടുള്ള ഏത് ജനകീയ പ്രസ്ഥാനത്തിലും വിദ്യാർത്ഥികൾക്കുള്ള പങ്ക് അറിയാത്തവർ ചരിത്രമറിയാത്തവരാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ
ഇപ്പോൾ രാജ്യം കാണുന്ന പ്രക്ഷോഭങ്ങൾ അവസാന ഉദാഹരണം. വിദ്യാർത്ഥി രാഷ്ട്രീയം നിരോധിക്കാനാവുമെന്ന് കരുതുന്ന ന്യായപീഠത്തെ കുറിച്ച് സഹതപിക്കാം. പക്ഷേ കോടതിക്ക് പറ്റിയതു മറ്റൊരു തെറ്റാണ്. ഇല്ലാത്ത ഒന്നിനെ എങ്ങനെയാണ് നിരോധിക്കാനാവുക? കേരളത്തിൽ വിദ്യാർത്ഥി രാഷ്ട്രീയം എന്ന ഒന്നുണ്ടോ? ഉണ്ടായിരുന്നെങ്കിൽ പൗരത്വ വിഷയത്തിലും അലൻ - താഹ എന്നീ വിദ്യാർത്ഥികളെ അന്യായമായി തുറുങ്കിലിട്ട സംഭവത്തിലും പ്രതിഷേധിച്ച് നമ്മുടെ കലാലയങ്ങൾ സമര മുഖരിതമാകുമായിരുന്നല്ലോ. നമ്മുടെ കാമ്പസുകളിലുള്ളത് രാഷ്ട്രീയമല്ല. വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ അടിത്തറയെന്നത് ജനാധിപത്യത്തിനായുള്ള പോരാട്ടമാണെന്ന് ചൈനയിലും പല യൂറോപ്യൻ രാജ്യങ്ങളിലും ഇന്ത്യയിൽ തന്നെ ജെ.പി പ്രസ്ഥാനത്തിലുമൊക്കെ നാമത് കണ്ടതാണ്. എന്നാൽ കേരളത്തിലെ കാമ്പസുകളിൽ പ്രവർത്തിക്കുന്ന സംഘടനകളുടെ പ്രധാന മുഖം ജനാധിപത്യ വിരുദ്ധതയാണ്. കോട്ടകളെന്ന് പേരിട്ട് ചില സംഘടനകളുടെ ഗുണ്ടായിസമാണ് കാമ്പസുകളിൽ നടക്കുന്നത്. മറ്റു സംഘടനകൾക്കു പ്രവർത്തന സ്വാതന്ത്ര്യം പോലും നിഷേധിക്കുന്ന ഇതെങ്ങനെ രാഷ്ട്രീയമാകും? ഇത് അരാഷ്ട്രീയ ഗുണ്ടായിസമാണ്. അതാണ് നിരോധിക്കേണ്ടത്, രാഷ്ട്രീയമല്ല.
പൊതുവിൽ പറഞ്ഞാൽ കണ്ണൂർ രാഷ്ട്രീയത്തിന്റെ പാതയിൽ തന്നെയാണ് സംസ്ഥാനത്തെ കാമ്പസ് രാഷ്ട്രീയവും. വിദ്യാർത്ഥി രാഷ്ട്രീയത്തിനെതിരെ പൊതുവികാരം വളർന്നതിനും കോടതി തന്നെ അതിനെതിരെ നിരോധനവുമായി വരാനും കാരണമായത് അതു തന്നെയാണ്. മാത്രമല്ല ആൺകരുത്തിന്റെ പ്രകടനമാണ് മിക്കയിടത്തും ഈ രാഷ്ട്രീയം. പെൺകുട്ടികൾ പതിവുപോലെ അലങ്കാരം മാത്രം. രാജ്യത്തെങ്ങും അലയടിക്കുന്ന ദളിത് രാഷ്ട്രീയമോ മുസ്‌ലിം വേട്ടക്കെതിരായ പ്രതിരോധമോ കേരള കാമ്പസുകളിൽ വിരളം. പലയിടത്തും സദാചാര പോലീസിംഗും റാഗിംഗും നടത്തുന്നതും മറ്റാരുമല്ല. മറുവശത്ത് രാജ്യം നേരിടുന്ന പ്രശ്‌നങ്ങൾ പോയിട്ട് വിദ്യാർത്ഥി സമൂഹം നേരിടുന്ന പ്രശ്‌നങ്ങളിൽ പോലും ഒരു പോരാട്ടവുമില്ല. യാത്രാ സൗജന്യത്തിന്റെ പേരിൽ നമ്മുടെ ബസുകളിൽ വിദ്യാർത്ഥികൾ നേരിടുന്ന അപമാനം തന്നെ ഒരു ഉദാഹരണം. പിതൃസംഘടനകളിലേക്കുള്ള റിക്രൂട്ടിംഗ് കളരികളാണ് രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് ഈ സംഘടനകൾ. നമ്മുടെ ഉന്നത വിദ്യാഭ്യാസം വളരെ പിറകോട്ട് പോകാൻ ഒരു കാരണം ഇതാണ്. വിദ്യാർത്ഥികൡ അരാഷ്ട്രീയ വാദം ശക്തമാക്കാനും വിദ്യാർത്ഥി രാഷ്ട്രീയം നിരോധിക്കപ്പെടാനും പൊതുസമൂഹം പൊതുവിലത് സ്വീകരിക്കാനും പ്രധാന കാരണവും മറ്റൊന്നല്ല.
വാസ്തവത്തിൽ വിദ്യാർത്ഥി രാഷ്ട്രീയം ഏറ്റവും അനിവാര്യമായ കാലഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിത്തറകളായ മതേതരത്വവും സാമൂഹ്യ നീതിയും ഫെഡറലിസവും മാത്രമല്ല, ഭരണഘടന തന്നെ ചോദ്യം ചെയ്യപ്പെടുമ്പോൾ മറ്റാരാണ് പോരാട്ടത്തിന്റെ മുൻനിരയിൽ നിൽക്കേണ്ടത്? ഒരു രാജ്യത്തെ ന്യൂനപക്ഷങ്ങളുടെയും സ്ത്രീകളുടെയും മറ്റു ദുർബല വിഭാഗങ്ങളുടെയും അവസ്ഥയിൽ നിന്ന് അവിടെ ജനാധിപത്യം നിലവിലുണ്ടോ എന്നറിയാമെങ്കിൽ ഇന്ന് രാജ്യത്തിന്റെ അവസ്ഥ എന്താണ്? ഒരിക്കൽ കൂടി വംശീയ ഹത്യയിലേക്ക് നാടെത്തിയിരിക്കുന്നു. തോക്കുകൾ മുതൽ ഭീകര നിയമങ്ങൾ വരെ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.
രാഷ്ട്രീയ പ്രബുദ്ധരല്ല എന്നു നാം ആരോപിക്കുന്ന ഉത്തരേന്ത്യയിലും രാജ്യത്തെ പ്രധാനപ്പെട്ട പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇതിനെതിരെ ചൂണ്ടുന്ന ചൂണ്ടുവിരൽ വിദ്യാർത്ഥികളുടേതാണ് -പ്രത്യേകിച്ച് പെൺകുട്ടികളുടെ. അച്ഛൻ ധരിച്ചിരിക്കുന്നത് ഞാൻ ചരിത്രം പഠിക്കുകയാണ്, എന്നാൽ ഞാൻ ചരിത്രം രചിക്കുകയാണെന്ന് അച്ഛനറിയാമോ എന്ന ഒരു പെൺകുട്ടിയുടെ പ്ലക്കാർഡ് ലോകം തന്നെ ചർച്ച ചെയ്തല്ലോ. രോഹിത് വെമുലയുടെ ഇൻസ്റ്റിട്യൂഷണൽ കൊലക്കു ശേഷം രാജ്യമെമ്പാടും ദളിത് ഉണർവും പൗരത്വ ഭേദഗതിക്കെതിരായ മുസ്‌ലിം ഉണർവും പ്രത്യേകം പരാമർശിക്കണം. പ്രതികരണശേഷിയില്ലാത്തവർ എന്ന് ആക്ഷേപിക്കപ്പെടുന്ന മഹാനഗരങ്ങളിലെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിലാണ് വൻ പ്രക്ഷോഭങ്ങൾ നടന്നത്. നിർഭാഗ്യവശാൽ ഇതിനോടെല്ലാം മുഖം തിരിച്ചാണ് കേരളത്തിന്റെ കാമ്പസുകളിൽ അരാഷ്ട്രീയ ഗുണ്ടായിസം കൊടികുത്തി വാഴുന്നത്. ഇതിനെല്ലാം പുറമെയാണ് വിദ്യാർത്ഥി സമൂഹവും വിദ്യാഭ്യാസ രംഗവും നേരിടുന്ന ഗുരുതരമായ മറ്റു പ്രശ്‌നങ്ങൾ. പ്രാഥമിക വിദ്യാഭ്യാസ മേഖലയുടെ പേരിൽ ഊറ്റം കൊള്ളുന്ന നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖല വിവിധ കാരണങ്ങളാൽ തകർന്നടിയുകയാണ്. അത്തരം വിഷയങ്ങളിലും പിതൃസംഘടനകൾക്കു സ്തുതി പാടുക എന്നത് പ്രധാന പ്രവർത്തനമായി കാണുന്ന നമ്മുടെ വിദ്യാർത്ഥി സംഘടനകൾക്ക് ഒന്നും പറയാനില്ല. ഈ സാഹചര്യത്തിൽ വിദ്യാർത്ഥി രാഷ്ട്രീയം നിരോധിച്ചാലെന്ത്, നിരോധിച്ചില്ലെങ്കിലെന്ത്?