മുഖ്യമന്ത്രിക്ക് ലാവ്‌ലിന്‍ പേടിയെന്ന് പ്രതിപക്ഷം; ബെഹ്‌റയെ കാണുമ്പോള്‍ ചങ്കിടിപ്പ്

തിരുവനന്തപുരം- പോലീസ് അഴിമതി സംബന്ധിച്ച്  സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളി. വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ പ്രതിപക്ഷം ഉന്നയിച്ച വടിയുണ്ടകള്‍ കാണാതായത് യു.ഡി.എഫ് കാലത്താണെന്നും അന്ന് അത് മൂടി വെച്ചെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പിണറായി വിജയന് ഇരട്ടച്ചങ്ക് അല്ലെന്നും ഡി.ജി.പിയെ കാണുമ്പോള്‍ ചങ്കിടിപ്പാണെന്നും പ്രതിപക്ഷം ആക്ഷേപിച്ചു. ലാവ്‌ലിന്‍ പേടിയാണ് ഇതിന്റെ അടിസ്ഥാനമെന്നും പ്രതിപക്ഷം ആരോപിച്ചു. ലാവലിന്‍ കേസില്‍ ദല്‍ഹി രാജധാനിയിലേക്കു ബെഹ്‌റ പാലത്തിലൂടെ പിണറായി സഞ്ചരിക്കുകയാണെന്ന് ആക്ഷേപിച്ച പ്രതിപക്ഷം പോലീസ് അഴിമതിയില്‍ സിബിഐ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു.
കേസില്‍ ഫലപ്രദമായ അന്വേഷണമാണ് നടക്കുന്നത്. സി.എ.ജി റിപ്പോര്‍ട്ട് ചോര്‍ന്നത് ഗൗരവതരമെന്നും മുഖ്യമന്ത്രി ചോദ്യോത്തര വേളയില്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് പോലീസ് അഴിമതി സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ അടിന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

പ്രതിപക്ഷ ആരോപണങ്ങള്‍ മുഖ്യമന്ത്രി പൂര്‍ണമായും തള്ളി. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങിയത് ടെണ്ടര്‍ വിളിച്ചശേഷമാണ്. കുറഞ്ഞ തുക വാഗ്ദാനം ചെയ്ത സ്ഥാപനത്തില്‍ നിന്നാണ് വാഹനം വാങ്ങിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓപ്പണ്‍ ടെണ്ടര്‍ വിളിക്കാത്തത് സുരക്ഷ മുന്‍ നിര്‍ത്തിയാണ്.  ആറ് വാഹന നിര്‍മ്മാതാക്കള്‍ താല്‍പര്യം കാട്ടിയിരുന്നു. കുറഞ്ഞ തുക ആയതു കൊണ്ടാണ് നിലവിലുള്ള വാഹനം വാങ്ങിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡി.ജി.പിമാര്‍ക്ക് സ്വന്തമായി ഔദ്യോഗിക വസതി ഇല്ലാത്തതു കൊണ്ടാണ് വില്ലാ പ്രൊജക്റ്റ് നടപ്പാക്കിയതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വിശദീകരിച്ചു.

ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ കെല്‍ട്രോണിനെ മറയാക്കി അഴിമതി നടത്തുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ഗാലക്‌സോണ്‍ തട്ടിപ്പ് കമ്പനിയാണെന്നും മൂന്നില്‍ രണ്ട് ഡയറക്ടര്‍മാരും കരിമ്പട്ടികയില്‍ പെട്ടവരാണെന്ന് പ്രതിപക്ഷത്തിന് വേണ്ടി അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയ പി.ടി തോമസ് ആരോപിച്ചു.

 

Latest News