കല്‍പ്പറ്റ- കൊട്ടിയൂര്‍ പീഡനക്കേസില്‍ ഇരുപത് വര്‍ഷത്തെ കഠിന തടവിന് ശിക്ഷ വിധിച്ച് ജയിലില്‍ കഴിയുന്ന ഫാ.റോബിന്‍ വടക്കുംചേരിയെ വൈദിക വൃത്തിയില്‍ നിന്ന് പുറത്താക്കി മാര്‍പ്പാപ്പ. പ്രത്യേക അധികാരം ഉപയോഗിച്ചാണ് അദേഹത്തിന്റെ നടപടി. കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ 2017ലാണ് ഫാദര്‍ റോബിന്‍ വടക്കുംചേരി അറസ്റ്റിലായത്. നേരത്തെ അദേഹത്തെ വൈദികപദവിയില്‍ നിന്ന് താത്കാലികമായി സസ്‌പെന്റ് ചെയ്തതായി മാനന്തവാടി ബിഷപ്പ് അറിയിച്ചിരുന്നു.
എന്നാല്‍ എന്നെന്നേക്കുമായാണ് മാര്‍പ്പാപ്പ അദേഹത്തെ പുറത്താക്കിയിരിക്കുന്നത്. പ്രസ്തുത സംഭവങ്ങളെ കുറിച്ച് വിശദമായി അന്വേഷിക്കാന്‍ സഭ ഏര്‍പ്പെടുത്തിയ കമ്മീഷന്റെ റിപ്പോര്‍ട്ട് കൂടി കണക്കിലെടുത്താണ് മാര്‍പ്പാപ്പയുടെ നടപടി. 2019ല്‍ വിചാരണ പൂര്‍ത്തിയായ കേസില്‍ കുറ്റക്കാരനെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് തലശേരി പോക്‌സോ കോടതിയാണ് ഇദേഹത്തെ 60 വര്‍ഷത്തെ കഠിന തടവിന് വിധിച്ചിരിക്കുന്നത്.ഡിസംബര്‍ അഞ്ചിന് വത്തിക്കാന്റെ ഉത്തരവ് ഇറങ്ങിയെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ സമയമെടുക്കുക ആയിരുന്നുവെന്ന് മാനന്തവാടി രൂപത അറിയിച്ചു.