ജിദ്ദ - ജിദ്ദ ഇന്ത്യന്‍ സമൂഹത്തെ ദുഃഖത്തിലാഴ്ത്തിയ ദാരുണായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലായിരുന്ന ജിദ്ദ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂളിലെ കായികാധ്യാപകന്‍ സയ്യിദ് ഖമറുല്‍ ഹസന്‍ (59) നിര്യാതനായി. ഇദ്ദേഹത്തിന്റെ പത്‌നിയും ഇന്ത്യന്‍ സ്‌കൂളിലെ അധ്യാപികയുമായ ഫൗസിയാ ഇഖ്തിദാര്‍ (49) അപകടദിവസം മരണപ്പെട്ടിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ജിദ്ദ-മക്ക എക്‌സ്പ്രസ് ഹൈവേയിലായിരുന്നു അപകടം.
സ്വദേശി ഓടിച്ച ജി.എം.സി കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഫൗസിയ തല്‍ക്ഷണം മരിച്ചിരുന്നു. അല്‍ ജിദാനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഖമറുല്‍ ഹസന്‍ ശനിയാഴ്ച വൈകിട്ട് ആറരയോടെയാണ് മരിച്ചത്. വെന്റിലേറ്ററിലായിരുന്നു.
അപകടവിവരം അറിഞ്ഞ് നാട്ടില്‍ വിദ്യാര്‍ഥികളായ മക്കള്‍ ഫൈസുല്‍ ഹസനും (കാണ്‍പൂര്‍ ഐ.ഐ.ടി), സെയ്ദ് ഫാരിസുല്‍ ഹസനും (ദല്‍ഹി ജാമിഅ മില്ലിയ സര്‍വകലാശാല) വെള്ളിയാഴ്ച രാത്രിയോടെ ജിദ്ദയിലെത്തിയിരുന്നു. ഇരുവരും ജിദ്ദ സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥികള്‍ കൂടിയാണ്. ഉത്തര്‍പ്രദേശിലെ ബിജ്‌നൂര്‍ ജില്ലയില്‍ സെധാര സ്വദേശിയാണ് ഖമറുല്‍ ഹസന്‍.
ഇരുവരുടേയും മൃതദേഹങ്ങള്‍ ഞായറാഴ്ച മക്കയില്‍ ഖബറടക്കുന്നതിനായുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു.
രണ്ട് ദശാബ്ദമായി ജിദ്ദ ഇന്ത്യന്‍ സ്‌കൂളില്‍ ജോലി ചെയ്ത അധ്യാപക ദമ്പതികളുടെ മരണത്തില്‍ അധ്യാപകരും വിദ്യാര്‍ഥികളും നടുക്കത്തിലാണ്.