ന്യൂദല്‍ഹി- പെരിയാര്‍ നദി നശിക്കുകയാണെന്ന മുന്നറിയിപ്പ് നല്‍കി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ. മണല്‍വാരല്‍ തന്നെയാണ് നദി നശീകരണത്തിന്റെ പ്രധാന കാരണം എന്നാണ് അദ്ദേഹം വിലയിരുത്തിയത്. മേല്‍മണ്ണ് നഷ്ടമായതിനാല്‍ പെരിയാറില്‍ ഇപ്പോള്‍ ചെളിക്കൂനകളാണെന്നും അദ്ദേഹം പറഞ്ഞു.ഉത്തരാഖണ്ഡിലെ ഒരു ഖനന കേസ് പരിഗണിക്കുന്നതിനിടയിലാണ് പെരിയാറിനെ കുറിച്ചുള്ള പരാമര്‍ശം ചീഫ് ജസ്റ്റിസ് നടത്തിയത്. ഖനനം നടത്തുന്നവരുടെ ലക്ഷ്യം ലാഭം ഉണ്ടാക്കുക മാത്രമാണ്. പരിസ്ഥിതിക്ക് നേരെയുള്ള ആക്രമണം ആരും പരിഗണിക്കുന്നില്ലെന്നും ചീഫ് ജസ്റ്റിസ് വിമര്‍ശിച്ചു. പെരിയാര്‍ നദി മലിനീകരണം എന്ന വെല്ലുവിളിയെ നേരിട്ടിരുന്നു. തുടര്‍ന്ന് എല്ലാത്തരം മലിനീകരണങ്ങളില്‍ നിന്നും സംരക്ഷിക്കാനും ഒരു നദിയായി അതിനെ നിലനിര്‍ത്താനുമുള്ള ശ്രമങ്ങള്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ നടത്തിയിരുന്നു.