തിരുവനന്തപുരം- കൊല്ലം ഇളവൂരില്‍ ആറ്റില്‍ വീണ് മരിച്ചനിലയില്‍ കണ്ടെത്തിയ ഏഴ് വയസുകാരി ദേവനന്ദയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. ദേവനന്ദയുടേത് മുങ്ങിമരണമാണെന്ന നിഗമനത്തിലാണ് അധികൃതര്‍. കുട്ടിയുടെ ശ്വാസകോശത്തിലും വയറ്റിലും വെള്ളവും ചെളിയും പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയെന്ന് ഫോറന്‍സിക് വിദഗ്ധര്‍ പോലിസിനെ അറിയിച്ചു.
കണ്ണനെല്ലൂര്‍ സിഐയുടെ നേതൃത്വത്തിലുള്ള പോലിസ് സംഘത്തിനാണ് റിപ്പോര്‍ട്ട് കൈമാറിയത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടിലെത്തിച്ചു. ധനീഷ്ഭവനില്‍ പ്രദീപ്കുമാറിന്റെയും ധന്യയുടെയും മകളാണ് ദേവനന്ദ. വാക്കനാട് സരസ്വതി വിദ്യാലയത്തിലെ ഒന്നാംക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. ഇന്നലെയാണ് കുട്ടിയെ വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കാണാതായത്.