കൊല്ലം- ഇളവൂരില്‍ ഇത്തിക്കരയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഏഴ് വയസുകാരി ദേവനന്ദയുടെ മൃതദേഹത്തില്‍ മുറിവുകളോ ചതവുകളോ ഇല്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. ബലപ്രയോഗത്തിന്റെ ലക്ഷണങ്ങള്‍ ഇല്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. വ്യാഴാഴ്ച കാണാതായ കുട്ടിയെ ഇന്ന് രാവിലെയാണ് വീടിന് സമീപത്തെ ഇത്തിക്കരയാറ്റില്‍ കണ്ടെത്തിയത്. കുട്ടിയുടെ വസ്ത്രങ്ങള്‍ മൃതദേഹത്തില്‍ തന്നെയുണ്ടായിരുന്നു. മുറിവുകളോ ബലപ്രയോഗം നടന്ന ലക്ഷണങ്ങളോ കണ്ടെത്തിയിട്ടില്ല.
കുട്ടിയുടെ ഷാളും സമീപത്ത് നിന്ന് തന്നെ ലഭിച്ചിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ശാസ്ത്രീയ പരിശോധനകള്‍ അടക്കം നടത്തുമെന്ന് പോലിസ് അറിയിച്ചു. നെടുമ്പന ഇളവൂര്‍ കിഴക്കേക്കരയില്‍ ധനീഷ്ഭവനില്‍ പ്രദീപ്കുമാറിന്റെയും ധന്യയുടെയും മകളാണ് മരിച്ച ദേവനന്ദ.