തിരൂര്‍- ദല്‍ഹിയിലെ ആസൂത്രിത മുസ്ലിം വംശഹത്യയില്‍ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് തിരൂരില്‍ നേത്രാവതി എക്‌സ്പ്രസ് തടഞ്ഞു. ഫ്രറ്റേണിറ്റി മലപ്പുറം ജില്ല ജനറല്‍ സെക്രട്ടറി സനല്‍ കുമാര്‍, ജില്ല വൈസ് പ്രസിഡന്റ് സഫീര്‍ എ.കെ, ജില്ലാ നേതാക്കളായ ഷഹീദ പൊന്നാനി, സല്‍മാന്‍ താനൂര്‍ അടക്കം 12 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ട്രെയിന്‍ തടയല്‍ ഫ്രറ്റേണിറ്റി മലപ്പുറം ജില്ല ജനറല്‍ സെക്രട്ടറി സനല്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു.
നരേന്ദ്ര മോഡിയും അമിത്ഷായും രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളെയും ഭരണഘടനയെയും അട്ടിമറിച്ച് ആസൂത്രിത മുസ്ലിം വംശഹത്യ നടപ്പിലാക്കുകയാണെങ്കില്‍ ഭരണഘടനയിലും ജനാധിപത്യത്തിലും വിശ്വസിക്കുന്ന മുഴുവന്‍ ജനങ്ങളെയും അണിനിരത്തികൊണ്ട് ശക്തമായ ജനാധിപത്യ പ്രക്ഷോഭങ്ങള്‍ക്ക് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് നേതൃത്വം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
സി.എ.എ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുന്നതിന് വേണ്ടിയുള്ള ആസൂത്രിതമായ വംശഹത്യയാണ് ദല്‍ഹിയില്‍ നടന്ന് കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഫ്രറ്റേണിറ്റി മലപ്പുറം ജില്ല വൈസ് പ്രസിഡന്റ് ഡോ. സഫീര്‍ എ.കെ, സല്‍മാന്‍ താനൂര്‍ എന്നിവര്‍ സംസാരിച്ചു.
ജില്ലാ ജനറല്‍ സെക്രട്ടറി ഫയാസ് ഹബീബ്, സെക്രട്ടറി മുഹമ്മദ് ഹംസ, ടി ആസിഫലി, ഷഹീദ പൊന്നാനി, ഷഹ് മ, ഹാദി ഹസ്സന്‍ എന്നിവര്‍ നേതൃത്വം നല്‍കി.