റിയാദ് - ബിനാമി ബിസിനസ് വിരുദ്ധ ദേശീയ പ്രോഗ്രാമിന്റെ ഭാഗമായി സലൂണുകൾ, ലേഡീസ് സലൂണുകൾ, അലക്കുകടകൾ (ലോണ്ട്രികൾ) എന്നീ സ്ഥാപനങ്ങളിൽ ഏപ്രിൽ ഒന്നു മുതൽ ഇ-പെയ്‌മെന്റ് സംവിധാനം നിർബന്ധമാക്കുന്നതിന് തീരുമാനം. വാണിജ്യ മന്ത്രാലയം, മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയം, ചെറുകിട, ഇടത്തരം സ്ഥാപന അതോറിറ്റി, സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റി, സൗദി ഓൺലൈൻ പെയ്‌മെന്റ് നെറ്റ്‌വർക്ക് ആയ മദ എന്നിവ സഹകരിച്ചാണ് ഇ-പെയ്‌മെന്റ് നിർബന്ധമാക്കുന്നത്. വ്യാപാര സ്ഥാപനങ്ങളിൽ ഇ-പെയ്‌മെന്റ് സംവിധാനം നിർബന്ധമാക്കുന്ന പദ്ധതിയുടെ മൂന്നാം ഘട്ടമായാണ് സലൂണുകൾ, ലേഡീസ് സലൂണുകൾ, അലക്കുകടകൾ എന്നീ സ്ഥാപനങ്ങൾക്ക് ഏപ്രിൽ ഒന്നു മുതൽ ഇ-പെയ്‌മെന്റ് സംവിധാനം ബാധകമാക്കുന്നത്.
ആദ്യ ഘട്ടത്തിൽ പെട്രോൾ ബങ്കുകളിലും ബങ്കുകളോട് ചേർന്ന സർവീസ് സെന്ററുകളിലും 2019 ജൂലൈ 14 മുതൽ ഇ-പെയ്‌മെന്റ് സംവിധാനം നിർബന്ധമാക്കിയിട്ടുണ്ട്. രണ്ടാം ഘട്ടത്തിൽ വീൽബാലൻസിംഗ്, പഞ്ചർ, സ്‌പെയർ പാർട്‌സ്, കാർ മെക്കാനിക് തുടങ്ങി കാർ വർക്ക് ഷോപ്പുമായി ബന്ധപ്പെട്ട മുഴുവൻ സ്ഥാപനങ്ങളിലും 2019 നവംബർ 14 മുതലും ഇ-പെയ്‌മെന്റ് സംവിധാനം നിർബന്ധമാക്കി.
ഇ-പെയ്‌മെന്റ് സംവിധാനം ഏർപ്പെടുത്തുന്നതിന് രാജ്യത്തെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളെയും പടിപടിയായി നിർബന്ധിക്കുന്ന പദ്ധതി കഴിഞ്ഞ വർഷം മുതലാണ് ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാം നടപ്പാക്കാൻ തുടങ്ങിയത്. പതിമൂന്നു മാസത്തിനകം പ്രത്യേക സമയക്രമം നിശ്ചയിച്ച ആറു ഘട്ടങ്ങളായി രാജ്യത്തെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളിലും ഇ-പെയ്‌മെന്റ് സംവിധാനം നിർബന്ധമാക്കാനാണ് തീരുമാനം. ഈ വർഷം ഓഗസ്റ്റ് 25 നു മുമ്പായി മുഴുവൻ സ്ഥാപനങ്ങളിലും ഇ-പെയ്‌മെന്റ് സംവിധാനം ഏർപ്പെടുത്തൽ നിർബന്ധമാക്കാനാണ് നീക്കം. പണത്തിനു പുറമെ വ്യത്യസ്ത പെയ്‌മെന്റ് സംവിധാനങ്ങൾ ഉപയോഗിക്കുന്നതിന് ഉപയോക്താക്കൾക്ക് അവസരമൊരുക്കുന്നതിന്റെ ഭാഗമായാണ് ഇ-പെയ്‌മെന്റ് ഏർപ്പെടുത്തൽ നിർബന്ധമാക്കുന്നത്. വാണിജ്യ മന്ത്രാലയവുമായും മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയവുമായും സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റിയുമായും ഏകോപനം നടത്തി പദ്ധതി നടപ്പാക്കുന്നത് നിരീക്ഷിക്കുമെന്ന് ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാം പറഞ്ഞു.
ദേശീയ പരിവർത്തന പദ്ധതി 2020 ന്റെ ഭാഗമായാണ് ബിനാമി ബിസിനസ് വിരുദ്ധ ദേശീയ പ്രോഗ്രാം നടപ്പാക്കുന്നത്. നിയമങ്ങൾ പരിഷ്‌കരിച്ചും നിരീക്ഷണം ശക്തമാക്കിയും ബോധവൽക്കരണം ഊർജിതമാക്കിയും പത്തു സർക്കാർ വകുപ്പുകളുടെ ശ്രമങ്ങൾ ഏകീകരിച്ചും ബിനാമി ബിസിനസ് പ്രവണത അവസാനിപ്പിക്കുന്നതിന് പദ്ധതി ലക്ഷ്യമിടുന്നു. വാണിജ്യ, ആഭ്യന്തര, മാനവശേഷി, നിക്ഷേപ, മുനിസിപ്പൽ-ഗ്രാമകാര്യ മന്ത്രാലയങ്ങളും ചെറുകിട, ഇടത്തരം സ്ഥാപന അതോറിറ്റിയും സക്കാത്ത്, നികുതി അതോറിറ്റിയും സാമൂഹിക വികസന ബാങ്കും സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റിയും കോ-ഓപറേറ്റീവ് സൊസൈറ്റി കൗൺസിലും ബിനാമി ബിസിനസ് വിരുദ്ധ ദേശീയ പ്രോഗ്രാം നടപ്പാക്കുന്നതിൽ സഹകരിക്കുന്നു. ബിനാമി ബിസിനസ് വിരുദ്ധ മേഖലയിൽ വിവിധ വകുപ്പുകൾ നടത്തുന്ന ശ്രമങ്ങൾ ഏകീകരിക്കുന്നതിനും ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാമിന് രൂപം നൽകുന്നതിനും നേരത്തെ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് ഉത്തരവിട്ടിരുന്നു. ബിനാമി ബിസിനസുകളിലൂടെ സമ്പാദിക്കുന്ന പണം നിയമ വിരുദ്ധ മാർഗങ്ങളിൽ രാജ്യത്തു നിന്ന് പുറത്തേക്കൊഴുകുന്നത് തടയുന്ന നിലക്ക് ധനയിടപാടുകൾ ക്രമീകരിക്കൽ ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാമിന്റെ പ്രധാന ലക്ഷ്യമാണ്. വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസുകൾ പുതുക്കുന്നതിനെ ഇ-പെയ്‌മെന്റ് സംവിധാന ലഭ്യതയുമായി വാണിജ്യ മന്ത്രാലയം ബന്ധിപ്പിച്ചിട്ടുണ്ട്.