തായിഫ് - ഉത്തര തായിഫിൽ പ്രവർത്തിക്കുന്ന പച്ചക്കറി, പഴം മൊത്ത വ്യാപാര സ്ഥാപനം നഗരസഭ അടപ്പിച്ചു.
ന്യൂ തായിഫ് ബലദിയ സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ ഗുരുതരമായ നിയമ ലംഘനങ്ങൾ കണ്ടെത്തിയതാണ് വ്യാപാര കേന്ദ്രം അടപ്പിക്കുന്നതിന് കാരണം. സ്ഥാപനത്തിനെതിരെ പിഴ അടക്കമുള്ള ശിക്ഷാ നടപടികളും സ്വീകരിച്ചു.
ന്യൂ തായിഫ് ബലദിയ ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം വ്യാപാര സ്ഥാപനങ്ങളിലും ഭക്ഷ്യവസ്തുക്കൾ വിൽപന നടത്തുന്ന സ്ഥാപനങ്ങളിലും നടത്തിയ പരിശോധനകളിൽ 20 ലേറെ നിയമ ലംഘനങ്ങൾ കണ്ടെത്തി.
തൊഴിലാളികളുടെ ഹെൽത്ത് കാർഡ് കാലാവധി അവസാനിക്കൽ, കാലാവധി തീർന്ന ഭക്ഷ്യവസ്തുക്കൾ വിൽപനക്ക് പ്രദർശിപ്പിക്കൽ, ഭക്ഷ്യവസ്തുക്കൾ മോശം രീതിയിൽ സൂക്ഷിക്കൽ, കേടായ ഭക്ഷ്യവസ്തുക്കൾ, അനാരോഗ്യകരമായ രീതിയിൽ ഭക്ഷ്യവസ്തുക്കൾ തയാറാക്കൽ, മോശം ശുചീകരണ നിലവാരം എന്നിവ അടക്കമുള്ള നിയമ ലംഘനങ്ങളാണ് സ്ഥാപനങ്ങളിൽ കണ്ടെത്തിയത്.