കാസർകോട് - തെരഞ്ഞെടുക്കപ്പെട്ട എം.പിക്ക് പോലും മതവിശ്വാസം പ്രകടിപ്പിക്കാനുള്ള അവസരം നിഷേധിക്കുന്ന നാടാണ് കാസർകോടെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി നല്ല മനുഷ്യനാണ്. കുറിയൊക്കെതൊട്ടു വരുമ്പോൾ അദ്ദേഹത്തിൽ വലിയ പ്രതീക്ഷ ഉണ്ടായിരുന്നു. എന്നാൽ എം.പിയുടെനിസ്സഹായാവസ്ഥ കാസർകോട്ട് വന്നപ്പോൾ കാണാനിടയായി. എം.പിക്ക് നെറ്റിയിൽ ചാർത്താൻ അലർജിയില്ലാത്ത കുറി ഞാൻ നൽകാമെന്നും മുരളീധരൻ പറഞ്ഞു.
ബി.ജെ.പി കാസർകോട് ജില്ലാ പ്രസിഡന്റായിവീണ്ടും തെരഞ്ഞെടുക്കപ്പെട്ട അഡ്വ. കെ. ശ്രീകാന്തിന്റെ സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുരളീധരൻ.
പൗരത്വ ബില്ലിന് അനുകൂലമായി നിലപാട് സ്വീകരിച്ച അട്ടപ്പാടിയിലെ ആദിവാസി യുവാവ് ശ്രീജിത്തിനെതിരെ കേസെടുക്കാൻ പോലീസിന് നിർദേശം നൽകിയ പിണറായിസർക്കാറിന്റെ നിലപാട് ദൗർഭാഗ്യകരമാണ്. അഭിപ്രായ സ്വാതന്ത്ര്യം നിലനിൽക്കുന്നെന്ന് പറയുന്ന നാട്ടിലാണ് ആദിവാസി യുവാവിനെ പോലീസ് പീഡിപ്പിച്ചത്. ശ്രീജിത്തിന്റെ അഭിപ്രായം എന്നു പറഞ്ഞു റെക്കോഡ് ചെയ്ത ഭാഗങ്ങൾ പോലീസ് തന്നെ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്ന വൃത്തികെട്ട നടപടിയും അട്ടപ്പാടിയിൽ ഉണ്ടായി. സി.പി.എം ഭരിക്കുന്ന കേരളത്തിലാണ് ഇതു നടന്നത് എന്നോർക്കണം.
പാക്കിസ്ഥാനിൽ നിർമിച്ച ആയുധങ്ങൾ കൊല്ലത്തുനിന്ന് കണ്ടെടുക്കുന്നു. ലോകത്തെവിടെ ഭീകരവാദം ഉണ്ടായാലും അതിന്റെ ഒരു കണ്ണി കേരളത്തിലേക്ക് നീളുന്നു. കെ.എ.എസ് പരീക്ഷയിൽ പാക്കിസ്ഥാനിൽ തയാറാക്കിയ ചോദ്യം ഉൾപ്പെടുത്തുന്നു. കേരളം എങ്ങോട്ടാണ് പോകുന്നതെന്ന് നാം തിരിച്ചറിയണമെന്നും വി. മുരളീധരൻ പറഞ്ഞു. ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ വ്യത്യാസമില്ലാത്ത നാടായി മാറിയ കേരളത്തിൽ ബി.ജെ.പിയെ ജനങ്ങൾ പ്രതീക്ഷയോടെയാണ് കാണുന്നത്. മാറ്റത്തിന് വേണ്ടി ജനങ്ങൾ ആഗ്രഹിക്കുന്ന ഈ സമയത്ത്കാസർകോട് പോലുള്ള പ്രധാന ജില്ലകളിൽ ഒറ്റക്കെട്ടായ പ്രവർത്തനം അനിവാര്യമാണ്.
മൂന്നു വർഷത്തിലൊരിക്കൽ തെരഞ്ഞെടുപ്പ് നടത്തി ഭാരവാഹികളെ നിശ്ചയിക്കുന്ന ബി.ജെ.പിയിലെ ജനാധിപത്യ പ്രക്രിയ കുടുംബാധിപത്യം നിലനിൽക്കുന്ന കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾക്ക് സങ്കൽപിക്കാൻ പോലും കഴിയില്ല. ഏത് സാധാരണക്കാരനും പ്രസിഡന്റാകാൻ കഴിയുന്ന ജനാധിപത്യപാർട്ടിയാണ് ബി.ജെ.പിയെന്ന് അദ്ദേഹം പറഞ്ഞു.
കെ. സുരേന്ദ്രൻ സംസ്ഥാന പ്രസിഡന്റായപ്പോൾ കേരളത്തിൽ പ്രസിഡന്റ് ആകാൻ യോഗ്യതയുള്ള കുറെ നേതാക്കൾ ഉണ്ടെന്ന് ചിലർ പറഞ്ഞു. അത് ശരിയാകാം. അമിത് ഷാ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞപ്പോൾ ധാരാളം മുതിർന്ന നേതാക്കൾ പ്രസിഡന്റ് പദവി ആഗ്രഹിച്ചിരുന്നു. എന്നാൽ പാർട്ടി തീരുമാനിച്ചത് ജെ.പി. നദ്ദയെ പ്രസിഡന്റ് ആക്കാനാണ്. ആ പദവിയിൽ എത്തിക്കഴിഞ്ഞാൽ അമിത് ഷായും പ്രധാനമന്ത്രിയും ജെ.പി. നദ്ദ വരുമ്പോൾ എഴുന്നേറ്റ് നിന്ന് ബഹുമാനിക്കും. അത് പാർട്ടി പദവിയുടെ മഹത്വമാണ്. ബി.ജെ.പി ഒരു തീരുമാനം എടുത്തു കഴിഞ്ഞാൽ അതിൽ അടിയുറച്ചു നിൽക്കുന്നവരാണ് പാർട്ടി പ്രവർത്തകരെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന വൈസ് പ്രസിഡന്റ് പ്രമീള സി നായിക്ക് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ ശ്രീകാന്തിനെ ഷാൾ പുതപ്പിച്ച് വി മുരളീധരൻ സ്ഥാനാരോഹണം നടത്തി. വിവിധ കമ്മിറ്റികൾക്ക് വേണ്ടി ഹാരാർപ്പണം ഉണ്ടായി.