Sorry, you need to enable JavaScript to visit this website.

രവീശ തന്ത്രി മെരുങ്ങുന്നില്ല, കേന്ദ്രമന്ത്രിയെ കാണാൻ പോയില്ല

കാസർകോട് - ബി.ജെ.പി കാസർകോട് ജില്ലാ പ്രസിഡന്റ് നിയമനവുമായി ബന്ധപ്പെട്ട് ബി.ജെ.പിയുടെ ഭാരവാഹിത്വത്തിൽനിന്ന് രാജിവെച്ച സംസ്ഥാന സമിതി അംഗവും ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്നരവീശ തന്ത്രി കുണ്ടാറിനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ വിജയിച്ചില്ല.കേന്ദ്ര മന്ത്രി വി. മുരളീധരൻ പങ്കെടുത്ത ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്തിന്റെ സ്ഥാനാരോഹണ പരിപാടിയിൽനിന്ന് രവീശ തന്ത്രി വിട്ടുനിന്നു. മുരളീധരനുമായുള്ള കൂടിക്കാഴ്ചക്കും അദ്ദേഹം എത്തിയില്ല. 


കാസർകോട്ട് എത്തിയ കേന്ദ്ര മന്ത്രിയുമായി രവീശ തന്ത്രി കൂടിക്കാഴ്ച നടത്തുമെന്നും കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ നടന്ന ബി.ജെ.പി പരിപാടിയിൽ അദ്ദേഹം പങ്കെടുക്കും എന്നുമായിരുന്നു തലേന്ന് രാത്രി വരെ പാർട്ടി കേന്ദ്രങ്ങൾ അറിയിച്ചിരുന്നത്. ചർച്ച നടത്തിയില്ലെങ്കിലും സാധാരണ പ്രവർത്തകനെന്ന നിലയിൽജില്ലാ പ്രസിഡന്റ് ചുമതല ഏറ്റെടുക്കുന്ന ചടങ്ങിൽ സംബന്ധിക്കുമെന്നു തന്നെയാണ് മഞ്ചേശ്വരത്തെ തന്ത്രിയുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞിരുന്നത്. ബി.ജെ.പി ജില്ലാ നേതാക്കൾ ഇന്നലെ പരിപാടി തുടങ്ങുന്നതു വരെ തന്ത്രിയെ പ്രതീക്ഷിച്ചിരുന്നുവെങ്കിലും തന്റെ തീരുമാനത്തിൽ ഉറച്ചുനിന്ന അദ്ദേഹം നേതൃത്വത്തിന്റെ കണക്കുകൂട്ടലുകളെ തകിടം മറിച്ചു. രവീശ തന്ത്രിയുടെ ഫോൺ ബുധനാഴ്ചമുതൽ സ്വിച്ച് ഓഫ് ആയിരുന്നു.
നെല്ലിക്കുന്നിൽ പ്രസാദ് ഹോട്ടൽ ഉടമ രാംപ്രസാദിന്റെ വീട്ടിലായിരുന്നു മുരളീധരന്പ്രഭാത ഭക്ഷണം ഏർപ്പെടുത്തിയിരുന്നത്. തന്ത്രി എത്തിയാൽ അവിടെ വെച്ച്അദ്ദേഹവുമായി ചർച്ച നടത്താൻ നേതാക്കൾ ഉദ്ദേശിച്ചിരുന്നു. എന്നാൽ അദ്ദേഹം വരാതിരുന്നതിനെ തുടർന്ന് ആ കൂടിക്കാഴ്ചയും മുടങ്ങി.


അതേസമയം, തന്ത്രിയുടെ അഭാവത്തിൽ സർക്കാർ ഗസ്റ്റ് ഹൗസിലെ അടച്ചിട്ട മുറിയിൽ ബി.ജെ.പി നേതാക്കളുമായി വി. മുരളീധരൻ സ്ഥിതിഗതികളെ കുറിച്ച് ചൂടേറിയചർച്ച നടത്തി. ജില്ലാ പ്രസിഡന്റ് കെ. ശ്രീകാന്ത്, സംസ്ഥാന വൈസ് പ്രസിഡന്റ് പ്രമീള സി. നായക്, ദേശീയ സമിതി അംഗം എം. സഞ്ജീവ ഷെട്ടി, സംസ്ഥാന സമിതിയംഗം പി. സുരേഷ് കുമാർ ഷെട്ടിഎന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. ഓർഗനൈസിംഗ് സെക്രട്ടറി സുഭാഷിന്റെ നേതൃത്വത്തിലുള്ള നേതാക്കൾ വന്നു കണ്ടപ്പോൾ വ്യക്തമാക്കിയ നിലപാടിൽ നിന്ന് പിറകോട്ടില്ലാത്തതിനാലാണ് തന്ത്രി മുരളീധരനെ കാണാൻ വരാതിരുന്നത് എന്നാണ് വെളിപ്പെടുന്നത്. 


അതേസമയം പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ സംഘടനാ രീതികൾ വിശദീകരിച്ചുകൊണ്ടാണ് കേന്ദ്ര മന്ത്രി മുരളീധരൻ പരോക്ഷമായി പ്രതിഷേധമുയർത്തിയരവീശ തന്ത്രിക്ക് മറുപടി നൽകിയത്. ദേശീയ, സംസ്ഥാന പ്രസിഡന്റുമാരെ തെരഞ്ഞെടുക്കുമ്പോൾ ആഗ്രഹവും കഴിവുമുള്ള ധാരാളം പേർ പാർട്ടിയിൽ ഉണ്ടായിരുന്നുവെന്നും പാർട്ടി തീരുമാനം എടുത്തുകഴിഞ്ഞാൽ അത് അംഗീകരിച്ചു കൂടെ നിൽക്കുന്ന പാരമ്പര്യമാണ് ബി.ജെ.പി പ്രവർത്തകരുടേത് എന്നുമാണ് മുരളീധരൻ ഓർമപ്പെടുത്തിയത്. കെ. സുരേന്ദ്രൻ സംസ്ഥാന പ്രസിഡന്റ് ആയപ്പോഴുംകാസർകോട് ജില്ലാ പ്രസിഡന്റ് തെരഞ്ഞെടുപ്പിലും പാർട്ടിക്ക് മറിച്ചൊരു നിലപാടില്ലെന്നും പ്രസിഡന്റ് ആകാൻയോഗ്യതയുള്ള ധാരാളം പ്രവർത്തകർ പുറത്തുണ്ടെന്നും ഈ പാർട്ടിയിൽ എല്ലാവർക്കും അവസരമുണ്ടെന്നും മുരളീധരൻ വ്യക്തമാക്കി. 
അതേസമയം രവീശ തന്ത്രിയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ പാർട്ടിയിൽ തുടരുന്നുണ്ട്. അദ്ദേഹം നൽകിയ രാജിക്കത്ത് ഇനിയും സ്വീകരിച്ചിട്ടില്ല.

Latest News