കൊണ്ടോട്ടി- കൊറോണ വൈറസ് ഭീതിയെ തുടര്‍ന്ന് അപ്രതീക്ഷിതമായി സൗദി അറേബ്യ ഉംറ,ടൂറിസ്റ്റ് വിസകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത് കരിപ്പൂരില്‍ 250 പേരുടെ യാത്ര മുടങ്ങി. വിവിധ സ്വകാര്യ ഉംറ ഏജന്‍സികള്‍ക്കു കീഴില്‍ പോകാനെത്തിയവര്‍ക്കാണ് രാവിലെ വിമാനത്തില്‍ കയറി ഇരുന്നതിന് ശേഷം ഇറങ്ങേണ്ടിവന്നത്.
ഇന്നലെ പുലര്‍ച്ചെ 4.45 ന് അബൂദാബി വഴി ജിദ്ദയിലേക്കുളള ഇത്തിഹാദ് എയര്‍ വിമാനത്തില്‍ പോകാന്‍ 43 ഉംറ തീര്‍ത്ഥാടകര്‍ എത്തിയിരുന്നു. 5.30ന് ജിദ്ദയിലേക്കുളള സ്‌പൈസ് ജെറ്റ് വിമാനത്തില്‍ പോകാനെത്തിയ 107 തീര്‍ഥാടകരും 11.30നുള്ള സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ പോകാനെത്തിയ 88 തീര്‍ത്ഥാടകരുമാരാണ് വിമാനത്താവളത്തില്‍ നിന്ന് മടങ്ങിയത്.
സ്‌പൈസ് ജെറ്റ് വിമാനത്തില്‍ വിസിറ്റിംങ് വിസയില്‍ പോകാനെത്തിയ 15 പേരുമുണ്ടായിരുന്നു. പരിശോധനകളെല്ലാം കഴിഞ്ഞ് തീര്‍ഥാടകരെ വിമാനത്തില്‍ കയറ്റി ഇരുത്തിയിരുന്നു.
ഇതിനിടയിലാണ് സൗദി അറേബ്യയുടെ കൊറോണ സര്‍ക്കുലര്‍ വിമാനത്താവളത്തിലും വിമാന കമ്പനികള്‍ക്കും ലഭിച്ചത്. ഇഹ്‌റാം വേഷത്തിലായിരുന്നു കൂടുതല്‍ പേരുമുണ്ടായിരുന്നത്. തുടര്‍ന്ന് എമിഗ്രേഷന്‍ വിഭാഗത്തിന്റെ നിര്‍ദേശ പ്രകാരം തീര്‍ത്ഥാടകരെ പുറത്തിറക്കി ടെര്‍മിനലിലേക്ക് മാറ്റുകയായിരുന്നു. ഇവരെ ഒഴിവാക്കിയാണ് വിമാനങ്ങള്‍ പിന്നീട് പുറപ്പെട്ടത്.
വിസ റദ്ദാക്കിയ ഔദ്യോഗിക അറിയിപ്പ് മുന്‍കൂട്ടി ലഭിക്കത്തതിനാലാണ് ട്രാവല്‍ ഗ്രൂപ്പുകള്‍ തീര്‍ഥാടകരെ വിമാനത്താവളത്തില്‍ എത്തിച്ചത്.15 ദിവസവും ഒരുമാസവും തീര്‍ഥാടന വിസയില്‍ പോകുന്നവരില്‍ കൂടുതല്‍ സ്ത്രീകളായിരുന്നു. ഇഹ്‌റാം വേഷത്തില്‍ പുറപ്പെട്ട് നികാശരായി മടങ്ങേണ്ടി വന്നതിലെ സങ്കടത്തിലായിരുന്നു മുഴുവന്‍ തീര്‍ത്ഥാടകരും. മറ്റു വിമാനങ്ങളില്‍ പോകാനുളളവര്‍ക്ക് മുന്‍കൂട്ടി വിവരം നല്‍കിയിരുന്നതിനാല്‍ ഇവര്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നില്ല.