ന്യൂദല്‍ഹി- ദല്‍ഹിയില്‍ കലാപത്തിന് തിരികൊളുത്തിയ ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന ഹരജിയില്‍ ശക്തമായ നിലപാടെടുത്തതിനു പിന്നാലെ ദല്‍ഹി ഹൈക്കോടതി ജഡ്ജി മുരളീധറിനെ സ്ഥലം മാറ്റിയ സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
ഗുജറാത്തില്‍ നടന്ന സുഹ്റാബുദ്ദീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ചുകൊണ്ടിരിക്കെ, ദുരൂഹ സാഹചര്യത്തില്‍ മരിച്ച ജസ്റ്റിസ് ബ്രിജ്ഗോപാല്‍ ഹർകിഷന്‍ ലോയയെ അനുസ്മരിച്ചുകൊണ്ടാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. ധീരനായ ജഡ്ജി ലോയെ ഓർക്കുന്നു, അദ്ദേഹത്തെ ട്രാന്‍സ്ഫർ ചെയ്തില്ല- ഇതാണ് രാഹുലിന്‍റെ കമന്‍റ്.
ലോയയെ സ്ഥലം മാറ്റുന്നതിനുപകരം കൊലപ്പെടുത്തിയെന്നാണ് അദ്ദേഹം സൂചിപ്പിച്ചിരിക്കുന്നത്. ആഭ്യന്തര മന്ത്രി അമിത് ഷാ കൂടി ഉള്‍പ്പെട്ടതായിരുന്നു സി.ബി.ഐ കോടതി വാദം കേട്ട വ്യാജ ഏറ്റുമുട്ടല്‍ കേസുകള്‍.
പാതിരാത്രി ജഡ്ജിയെ സ്ഥലം മാറ്റിയ നടപടി ലജ്ജാകരമെങ്കിലും അപ്രതീക്ഷിതമല്ലെന്നായിരുന്നു എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ പ്രതികരണം.